ജയ്പൂര്‍: രാജസ്ഥാനിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുന്നേറ്റം. ജില്ലാ പരിഷത്തിലും പഞ്ചായത്ത് സമിതികളിലും കോണ്‍ഗ്രസ് മുന്നേറിയപ്പോള്‍ ബി.ജെ.പി കനത്ത തിരിച്ചടി നേരിട്ടു.

37 ജില്ലാ പരിഷത്ത് സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 25 ഇടത്ത് കോണ്‍ഗ്രസ് ജയിച്ചു. ബി.ജെ.പിയ്ക്ക് എട്ട് സീറ്റുകള്‍ മാത്രമാണ് ലഭിച്ചത്. സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ മൂന്നിടത്ത് വിജയിച്ചു.

419 പഞ്ചായത്ത് സമിതികളില്‍ 213 ഇടത്ത് കോണ്‍ഗ്രസ് വിജയിച്ചു. ബി.ജെ.പിയ്ക്ക് 85 സീറ്റുകളും സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് 56 സീറ്റുകളും ലഭിച്ചു.

ബി.ജെ.പിയുടെ ശക്തികേന്ദ്രങ്ങളായ ചിറ്റേര്‍ഗഡ്, സിരോഹി, രാജ്‌സമന്ദ്, ജലോര്‍ തുടങ്ങിയ ജില്ലകളില്‍ പാര്‍ട്ടിയ്ക്ക് കനത്ത തിരിച്ചടിയുണ്ടായി. ജയ്പൂര്‍, ജോധ്പൂര്‍, ബിക്കാനീര്‍, ഭില്‍വാര എന്നിവിടങ്ങളില്‍ കോണ്‍ഗ്രസ് ശക്തമായ തിരിച്ചുവരവ് നടത്തി.

അജ്മീറില്‍ ബി.ജെ.പി ആധിപത്യം നിലനിര്‍ത്തിയപ്പോള്‍ ഉദയ്പൂരില്‍ നേരിയ ഭൂരിപക്ഷത്തിലാണ് പാര്‍ട്ടി പിടിച്ചുനിന്നത്.

മുഖ്യമന്ത്രി ഭജന്‍ലാല്‍ ശര്‍മയുടെയും നിരവധി മന്ത്രിമാരുടെയും നിയമസഭാമണ്ഡലങ്ങളിലും ബി.ജെ.പിയ്ക്ക് തിരിച്ചടിയേറ്റു. മുഖ്യമന്ത്രിയുടെ നിയമസഭാ മണ്ഡലമായ സാംഗാനഗറില്‍ രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി (ആര്‍.എല്‍.പി) വിജയിച്ചു. വ്യവസായ മന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോഡ് പ്രതിനിധീകരിക്കുന്ന ഛോട്വാരയില്‍ കോണ്‍ഗ്രസ് ആധിപത്യം നേടി.

ഹനുമാന്‍ ബെനിവാള്‍ നയിക്കുന്ന രാഷ്ട്രീയ ലോക് താന്ത്രിക് പാര്‍ട്ടി 438 പഞ്ചായത്ത് സമിതി സീറ്റുകളില്‍ ജയിച്ചതായി റിപ്പോര്‍ട്ടുണ്ട്.

കേന്ദ്രമന്ത്രിമാരായ ഗജേന്ദ്ര സിങ് ഷെഖാവത്ത്, അര്‍ജുന്‍ റാം മേഘ്‌വാള്‍, ഭൂപേന്ദര്‍ യാദവ് എന്നിവരുടെ മണ്ഡലങ്ങളിലും ബി.ജെ.പിയ്ക്ക് തിരിച്ചടിയുണ്ടായി.

സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ ഗോവിന്ദ് സിങ് ദോതസ്രയുടെ മണ്ഡലമായ സിക്കറിലും സച്ചിന്‍ പൈലറ്റ് പ്രതിനിധീകരിക്കുന്ന ടോങ്കിലും കോണ്‍ഗ്രസ് മികച്ച പ്രകടനം കാഴ്ചവെച്ചു.

ജയ്പൂരിലെ പഞ്ചായത്ത് സമിതി തെരഞ്ഞെടുപ്പില്‍ ബി.ജെ.പിയ്ക്ക് വന്‍ തിരിച്ചടി നേരിട്ടു. 386 സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 103 ഇടങ്ങളില്‍ കോണ്‍ഗ്രസ് ജയിച്ചു. ബി.ജെ.പിയ്ക്ക് 39 ഇടത്ത് മാത്രമേ ജയിക്കാനായുള്ളു.

Content Highlight: BJP faces setback in local body elections in Rajasthan.