ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കളിക്കാന്‍ ഇന്ത്യയ്ക്ക് സാധ്യതയുണ്ടോ എന്ന ചോദ്യത്തിന് മറുപടിയുമായി മുന്‍ ഇന്ത്യന്‍ താരം വസീം ജാഫര്‍. ഇന്ത്യ ഫൈനല്‍ കളിക്കാനുള്ള സാധ്യത വളരെ കുറവാണെന്നും ന്യൂസിലാന്‍ഡിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യയ്ക്ക് പ്രധാനമാണെന്നും വസീം ജാഫര്‍ പറഞ്ഞു. തന്റെ യൂട്യൂബ് ചാനലില്‍ നടന്ന ചര്‍ച്ചയില്‍ സ്ംസാരിക്കുകയായിരുന്നു മുന്‍ താരം.

‘സാധ്യത വളരെ കുറവാണ്. കാരണം ന്യൂസിലാന്‍ഡിനെതിരായ രണ്ട് ടെസ്റ്റ് മത്സരങ്ങളും ഇന്ത്യയ്ക്ക് പ്രധാനമാണ്. മത്സരം എളുപ്പമായിരിക്കില്ല. പ്രത്യേകിച്ച് ബാറ്റര്‍മാര്‍ മികച്ച പ്രകടനം പുറത്തെടുക്കേണ്ടതുണ്ട്. ബാറ്റര്‍മാര്‍ക്ക് വലിയ സ്‌കോറുകള്‍ നേടാനായാല്‍ 20 വിക്കറ്റുകള്‍ വീഴ്ത്താന്‍ ശേഷിയുള്ള ബൗളിങ് നിര നമുക്കുണ്ട്. എന്നാല്‍ ബാറ്റര്‍മാര്‍ തുടക്കത്തില്‍ തന്നെ ഫോമിലെത്തേണ്ടത് വളരെ പ്രധാനമാണ്. എന്നിരുന്നാലും സാധ്യത വളരെ കുറവാണെന്നാണ് ഞാന്‍ കരുതുന്നത്,’ വസീം ജാഫര്‍ തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

നിലവില്‍ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നിലവില്‍ 11 മത്സരത്തില്‍ അഞ്ച് വിജയവും നാല് തോല്‍വിയുമായി നാലാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് എട്ട് മത്സരങ്ങളില്‍ ആറ് വിജയവും രണ്ട് തോല്‍വിയുമായി സൗത്ത് ആഫ്രിക്കയാണ് തുടരുന്നത്.

അതേസമയം ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ആദ്യ ടെസ്റ്റ് മത്സരത്തിലെ രണ്ടാം ദിവസം അവസാനിച്ചപ്പോള്‍ ആദ്യ ഇന്നിങ്‌സില്‍ ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യ ഒരു വിക്കറ്റ് നഷ്ടത്തില്‍ 159 റണ്‍സാണ് നേടിയത്. ആദ്യ ഇന്നിങ്‌സില്‍ ന്യൂസിലാന്‍ഡ് 368 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു.

നിലവില്‍ ഇന്ത്യയ്ക്ക് വേണ്ടി ക്രീസില്‍ തുടരുന്നത് ദേവ്ദത്ത് പടിക്കലും കെ.എല്‍. രാഹുലുമാണ്. പടിക്കല്‍ 35 പന്തില്‍ 16 റണ്‍സും രാഹുല്‍ 115 പന്തില്‍ 52 റണ്‍സും നേടിയാണ് നിലയുറപ്പിച്ചത്. നേരിട്ട 99ാം പന്തിലാണ് രാഹുല്‍ അര്‍ധ സെഞ്ച്വറി നേടിയത്.

ഇന്നിങ്‌സില്‍ ഇന്ത്യയ്ക്ക് ആദ്യം നഷ്ടമായത് യശസ്വി ജെയ്‌സ്വാളിനെയാണ്. 89 പന്തില്‍ 85 റണ്‍സാണ് താരം നേടിയത്. 16 ഫോറുകള്‍ ഉള്‍പ്പെടെയായിരുന്നു താരത്തിന്റെ ബാറ്റിങ് പ്രകടനം.

ആദ്യ ഇന്നിങ്‌സില്‍ ഹെന്റി നിക്കോള്‍സിന്റെയും ഗ്ലെന്‍ ഫിലിപ്‌സിന്റെയും സെഞ്ച്വറി കരുത്തിലാണ് താരം കിവീസ് സ്‌കോര്‍ ഉയര്‍ത്തിയത്. 335 പന്തില്‍ നിന്ന് 21 ഫോറുകള്‍ ഉള്‍പ്പെടെ 175 റണ്‍സാണ് നിക്കോള്‍ സ് നേടിയത്.

ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ നാല് വിക്കറ്റ് നേടി മിന്നും പ്രകടനം കാഴ്ചവെച്ചു. അന്‍ഷുല്‍ കാംബോജ് രണ്ട് വിക്കറ്റ് നേടിയപ്പോല്‍ ആകാശ് ദീപ് മൂന്ന് വിക്കറ്റ് നേടിയാണ് തിളങ്ങിയത്. പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റാണ് നേടിയത്.

Content Highlight: Wasim Jaffer talking About Chance Of India’s Test Championship Final