ബ്രസല്‍സ്: ബ്രെക്സിറ്റ് വോട്ടെടുപ്പിന് ശേഷമുള്ള പരസ്പര ബന്ധം പുനക്രമീകരിക്കുന്നതിന്റെ ഭാഗമായി യുണൈറ്റഡ് കിംഗ്ഡവും യൂറോപ്യന്‍ യൂണിയനും മൂന്ന് നയപരമായ മേഖലകളില്‍ പുതിയ കരാറില്‍ ഒപ്പുവെച്ചു. യു.കെ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്തുപോകുന്നതിനായുള്ള ബ്രെക്സിറ്റ് വോട്ടെടുപ്പ് നടന്ന് ഒരു പതിറ്റാണ്ടിന് ശേഷമാണ് ഇപ്പോള്‍ ഇരുപക്ഷവും ഈ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയനുമായുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായെന്നും ബന്ധം പുനക്രമീകരിക്കുന്നതിനുള്ള കരാര്‍ ഒപ്പുവെച്ചെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി ആന്‍ഡി ബര്‍ണ്‍ഹാമിന്റെ ഓഫീസ് അറിയിച്ചു. വെള്ളിയാഴ്ച ബ്രസ്സല്‍സില്‍ നടന്ന യു.കെ-ഇ.യു രണ്ടാം ഉച്ചകോടിക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഇത് ബ്രിട്ടന് നല്ലൊരു ദിവസമാണ്. യൂറോപ്പിനും ഇത് നല്ലൊരു ദിവസമാണ്. യൂറോപ്പില്‍ എല്ലായിടത്തുമുള്ളവര്‍ക്കും യുണൈറ്റഡ് കിങ്ഡത്തിലെ ജനങ്ങള്‍ക്കും ഇതിലൂടെ യഥാര്‍ത്ഥ നേട്ടങ്ങള്‍ ലഭിക്കും,’ എന്ന് ചര്‍ച്ചകളുടെ തുടക്കത്തില്‍ യൂറോപ്യന്‍ യൂണിയന് തലവന്മാരായ ഉര്‍സുല വോണ്‍ ഡെര്‍ ലെയന്, അന്റോണിയോ കോസ്റ്റ എന്നിവരോട് ബര്ണ്ഹാം പറഞ്ഞു.
യൂത്ത് മൊബിലിറ്റി സ്കീം, ഭക്ഷ്യ-കാര്‍ഷിക ഉല്‍പ്പന്നങ്ങളുടെ വ്യാപാരം ലഘൂകരിക്കുന്നതിനുള്ള കരാര്‍, എമിഷന്‍ ട്രേഡിങ് സിസ്റ്റങ്ങളെ ബന്ധിപ്പിക്കല്‍ എന്നിവ നടപ്പിലാക്കുന്നതിനുള്ള സമയക്രമത്തില്‍ ഇരുപക്ഷവും ധാരണയിലെത്തിയതായി ബ്രിട്ടിഷ് പാര്ലമനെന്റ് അറിയിച്ചു. ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ പുറത്തുവിടുമെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
‘കരാര്‍ പൂര്‍ത്തിയായി. ചര്‍ച്ചകള്‍ അവസാനിച്ചു. ഇനി ഇരുപക്ഷവും ഇത് നടപ്പിലാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലേക്ക് കടക്കും,’ എന്ന് യു.കെ സര്‍ക്കാര്‍ വക്താവിനെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയdതു.
ഈ കരാറുകള്‍ ബ്രിട്ടീഷ് സമ്പദ് വ്യവസ്ഥയിലേക്ക് 0.5 ശതമാനം അധിക വളര്‍ച്ച കൊണ്ടുവന്നേക്കാമെന്ന് ബര്ണ്ഹാം പറഞ്ഞു. ഇത് യു.കെ സമ്പദ് വ്യവസ്ഥയ്ക്ക് 17 ബില്യണ്‍ പൗണ്ടിന്റെ ഉത്തേജനം നല്‍കും. ബ്രെക്സിറ്റ് കാരണം ഉണ്ടായ ചില ദോഷഫലങ്ങളെ മറികടക്കാന്‍ കരാറുകള്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഭാവിയിലെ ബന്ധങ്ങളെക്കുറിച്ച് എല്ലാ സാധ്യതകളും പരിഗണിക്കണമെന്നും, അതില്‍ നിലവില്‍ 27 അംഗരാജ്യങ്ങളുള്ള യൂറോപ്യന്‍ യൂണിയനില്‍ വീണ്ടും ചേരുന്നതും ഉള്‍പ്പെടാമെന്നും ബര്ണ്ഹാം നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ബ്രെക്സിറ്റ് നടപടി റദ്ദാക്കുക എന്നത് ഒരു സാധ്യത മാത്രമാണെന്നും, അത് ഉടന്‍ സംഭവിക്കാന്‍ പോകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Content Highlight: EU, UK agree to reset relations 10 years after Brexit
