ഇതിഹാസ താരം ലയണൽ മെസിയുടെ ഐകോണിക് പത്താം നമ്പർ ജേഴ്സി അണിയാൻ നിക്കോ പാസിന് സാധിക്കുമെന്ന് അർജന്റീന ഗോൾകീപ്പർ എമിലിയാനോ മാർട്ടിനസ്. നിക്കോ പാസിനെ പോലുള്ള താരങ്ങളെയാണ് ടീമിന് ആവശ്യമെന്നും ഒരുപാട് മത്സരങ്ങൾ അർജന്റീനയെ വിജയിപ്പിക്കാൻ പാസിന് സാധിക്കുമെന്നും എമിലിയാനോ മാർട്ടിനസ് പ്രശംസിച്ചു. മുണ്ടോ ഡിപ്പോർട്ടീവോയിലൂടെയാണ് അർജന്റീന ഗോൾ കീപ്പർ ഇക്കാര്യം വ്യക്തമാക്കിയത്.

‘അവൻ ടീമുമായി കൂടുതൽ ഇണങ്ങിച്ചേരുന്നത് കാണുമ്പോൾ സന്തോഷമുണ്ട്. അർജന്റീനയുടെ പോരാട്ടവീര്യം അവനുണ്ടാവണം. അത് വളർത്തിയെടുക്കാൻ ഞങ്ങൾ അവനെ സഹായിക്കുന്നുണ്ട്. ഇപ്പോൾ അവന് ലഭിക്കുന്ന അവസരങ്ങളും നേട്ടങ്ങൾക്കുമെല്ലാം അവൻ അർഹനാണ്.

ഈ ടീമിൽ കളിക്കാനും അവസരം ലഭിക്കാനും അവൻ അർഹനാണ്. അവൻ നേടുന്ന ഗോളുകൾ അതിനുള്ള ഒരു അധിക നേട്ടം മാത്രമാണ്. ഇതേ വിനയത്തോടെ മുന്നോട്ട് പോവുകയും മികച്ച പ്രകടനം തുടരുകയും ചെയ്താൽ ഒരു ദിവസം നിക്കോ പാസിന് അർജന്റീനയുടെ പത്താം നമ്പർ ജേഴ്സി ധരിക്കാനും. ടീമിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും സാധിക്കും. അവനെപ്പോലുള്ള താരങ്ങളെയാണ് ഞങ്ങൾക്ക് ആവശ്യം. ടീമിനെ നയിക്കാൻ കഴിവുള്ള താരങ്ങൾ, നിരവധി മത്സരങ്ങൾ വിജയിപ്പിക്കാൻ അവന് അർജന്റീനയെ സഹായിക്കാൻ സാധിക്കും,’ എമിലിയാനോ മാർട്ടിനസ് പറഞ്ഞു.

മെസിയോടുള്ള ആദരസൂചകമായി പത്താം നമ്പർ ജേഴ്‌സി ഒഴിച്ചിടുമെന്ന് പരിശീലകൻ ലയണൽ സ്‌കലോണി തീരുമാനിച്ചുവെന്നാണ് റിപ്പോർട്ട്. ഫിഫയുടെ നിയമപ്രകാരം ജേഴ്‌സി നമ്പരുകൾ റിട്ടയർ ചെയ്യാൻ പാടില്ല. ഒന്ന് മുതൽ പതിനൊന്ന് വരെയുള്ള നമ്പറുകൾ ഒഴിഞ്ഞുകിടക്കരുതെന്നാണ് നിയമം.

എന്നാൽ സൗഹൃദ മത്സരങ്ങളിൽ ഈ നിയമം ബാധകമല്ല. എന്നാൽ 2027ൽ ആരംഭിക്കുന്ന സൗത്ത് അമേരിക്കൻ ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ നമ്പർ പത്ത് ആരെ തേടിയെത്തുമെന്നും ആരാധകർ ഉറ്റുനോക്കുന്നുണ്ട്.

പത്താം നമ്പറിന്റെ പുതിയ അവകാശി നിക്കോ പാസ് ആവുമെന്ന വാർത്തകൾ ഫുട്‌ബോൾ സർക്കിളുകൾക്കിടയിൽ വലിയ രീതിയിൽ നിറഞ്ഞു നിൽക്കുന്നുണ്ട്. ദേശീയ ടീമിൽ അർജന്റീനക്ക് വേണ്ടിയും സ്‌പെയ്‌നിന് വേണ്ടിയും കളിക്കാൻ പാസിന് അനുമതി ലഭിച്ചിരുന്നു.

താരം സ്‌പെയ്‌നിനെ മറികടന്ന് അർജന്റീനക്കായി ബൂട്ട് കെട്ടാൻ തീരുമാനിക്കുകയായിരുന്നു. 2026 ഫിഫ ലോകകപ്പിൽ പാസ് അർജന്റീനയുടെ നിരയിൽ ഉണ്ടായിരുന്നു. അർജന്റീനയിലെ ഒരു ക്ലബ്ബിന്റെയോ അക്കാദമിയുടെയോ ഭാഗമാവാതെ ആദ്യമായി അർജന്റീനക്ക് വേണ്ടി ലോകകപ്പ് കളിച്ച താരം കൂടിയായിരുന്നു പാസ്.

2016ൽ സ്പാനിഷ് വമ്പന്മാരായ റയൽ മാഡ്രിഡിന്റെ അക്കാദമയിലൂടെയാണ് പാസ് തന്റെ ഫുട്‌ബോൾ കരിയർ ആരംഭിച്ചത്. 2023 സീസണിലാണ് താരം റയൽ മാഡ്രിഡിന്റെ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചത്. 2024ലാണ് റയൽ വിട്ട് താരം കോമോയിലേക്ക് ചേക്കേറിയത്. താരത്തിന് മെസിയുടെ പാതയിലൂടെ ചരിത്രമെഴുതാൻ സാധിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

 

Content Highlight: Emiliano Martinez talks about Nico Paz