സൗദി പ്രൊ ലീഗിൽ അൽ നസർ പരാജയപ്പെട്ടിരുന്നു. അൽ അഹ്ലി ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് സൗദി വമ്പന്മാരെ വീഴ്ത്തിയത്. ജിദ്ദയിലെ കിങ് അബ്ദുള്ള സ്പോർട്സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഗലേനോ, ഇവാൻ ടോണി, റോജർ ഇവാനസ് എന്നിവരാണ് അൽ അഹ്ലിക്ക് വേണ്ടി വലകുലുക്കിയത്.
മത്സരത്തിൽ അൽ നസറിന് വേണ്ടി ഏക ഗോൾ നേടിയത് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ ആയിരുന്നു. മത്സരം തുടങ്ങി 14 മിനിട്ട് പിന്നിട്ടപ്പോൾ ആയിരുന്നു റൊണാൾഡോയുടെ ഗോൾ നേട്ടം. ആദ്യ ഗോൾ നേടി മൂന്ന് മിനിട്ടുകൾക്ക് ശേഷം ഗോൾ നേട്ടം ഉയർത്താൻ റൊണാൾഡോയ്ക്ക് സുവർണാവസരം ലഭിച്ചിരുന്നു.
അൽ നസറിന് അനുകൂലമായി ലഭിച്ച പെനാൽറ്റി റൊണാൾഡോ പാഴാക്കുകയായിരുന്നു. പോർച്ചുഗീസ് ഇതിഹാസം എടുത്ത കിക്ക് എതിർ ഗോൾപോസ്റ്റിൽ തട്ടി ലക്ഷ്യം കാണാതെ പോയി.
ഇതോടെ ഫുട്ബോളിൽ ഏറ്റവും കൂടുതൽ പെനാൽറ്റികൾ നഷ്ടപ്പെടുത്തുന്ന താരമെന്ന മോശം റെക്കോഡിൽ റൊണാൾഡോ വീണ്ടും വീഴുകയായിരുന്നു. 37 തവണയാണ് റൊണാൾഡോ തന്റെ കരിയറിൽ പെനാൽറ്റികൾ നഷ്ടപ്പെടുത്തിയത്. 35 തവണ പെനാൽറ്റി പാഴാക്കിയ അർജന്റൈൻ ഇതിഹാസം ലയണൽ മെസിയാണ് റൊണാൾഡോക്ക് പുറകിലുള്ളത്.
Immaculate 🐐 https://t.co/k2xM5GK5Eh
— AlNassr FC (@AlNassrFC_EN) November 20, 2026
എങ്കിലും മത്സരത്തിലെ ഒറ്റ ഗോളോടെ ഫുട്ബോളിലെ തന്റെ ഗോൾ നേട്ടം 986 ആക്കി ഉയർത്താനും റൊണാൾഡോക്ക് സാധിച്ചു. 15 ഗോളുകൾ കൂടി എതിർ ടീമുകളുടെ വലയിലെത്തിച്ചാൽ ആയിരം ഗോളുകളെന്ന ചരിത്രനേട്ടത്തിലേക്കും റൊണാൾഡോക്ക് നടന്നുകയറാൻ സാധിക്കും.
റയൽ മാഡ്രിഡിന് വേണ്ടിയാണ് റൊണാൾഡോ തന്റെ കരിയറിൽ ഏറ്റവും കൂടുതൽ ഗോളുകൾ അടിച്ചുകൂട്ടിയത്. പോർച്ചുഗലിന് വേണ്ടി 146 ഗോളുകളാണ് റൊണാൾഡോ നേടിയത്. മാഞ്ചസ്റ്റർ യൂണൈറ്റഡിനൊപ്പം രണ്ട് കാലഘട്ടങ്ങളിലായി 145 ഗോളുകളും ഇറ്റാലിയൻ വമ്പന്മാരായ യുവന്റസിന് വേണ്ടി 101 ഗോളുകളും റൊണാൾഡോ സ്വന്തമാക്കി.
തന്റെ ആദ്യ ക്ലബ്ബായ സ്പോർട്ടിങ് സി.പിക്ക് വേണ്ടി അഞ്ച് ഗോളുകൾ നേടിയ റൊണാൾഡോ അൽ നസറിന് വേണ്ടി 139 ഗോളുകളും സ്വന്തമാക്കിയാണ് കുതിക്കുന്നത്.
അതേസമയം സൗദി ലീഗിൽ നിലവിൽ 12 മത്സരങ്ങളിൽ നിന്നും ഒമ്പത് ജയവും രണ്ട് തോൽവിയും ഒരു സമനിലയുമായി 28 പോയിന്റോടെ മൂന്നാം സ്ഥാനത്താണ് അൽ നസർ. നവംബർ 24നാണ് റൊണാൾഡോയും സംഘവും അടുത്ത മത്സരത്തിനിറങ്ങുന്നത്. എ.എഫ്.സി ചാമ്പ്യൻസ് ലീഗിൽ ഖത്തർ ക്ലബ്ബായ അൽ സദ്ദ് ആണ് ടീമിന്റെ എതിരാളികൾ.
Content Highlight: Cristiano Ronaldo create a unwanted record in football history
