ഇന്ത്യ – ന്യൂസിലാൻഡ് ആദ്യ ടെസ്റ്റ് മത്സരം മൂന്നാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. നിലവിൽ ഇന്ത്യ കിവീസിനെതിരെ ലീഡ് സ്വന്തമാക്കി മുന്നേറുകയാണ്. ഇന്ത്യക്കായി കളത്തിലിറങ്ങിയ നാല് ടോപ്പ് ഓർഡർ ബാറ്റർമാർ 50 കടന്നപ്പോൾ ഇന്ത്യയുടെ ടീം ടോട്ടൽ അനായാസമായി 400 കടക്കുകയായിരുന്നു. കെ.എൽ രാഹുൽ സെഞ്ച്വറി നേടിയാണ് ന്യൂസിലാൻഡിന്റെ മണ്ണിൽ കരുത്ത് കാട്ടിയത്.

290 പന്തിൽ 136 റൺസാണ് രാഹുൽ അടിച്ചെടുത്തത്. ഒമ്പത് ഫോറുകളും രണ്ട് സിക്സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ടെസ്റ്റ് ക്രിക്കറ്റിൽ ന്യൂസിലാൻഡിനെതിരെയും മൂന്നക്കം കടന്നതോടെ രാഹുൽ മറ്റൊരു ചരിത്ര നേട്ടവും സ്വന്തമാക്കി.

റെഡ് ബോൾ ഫോർമാറ്റിൽ എല്ലാ സേന (സൗത്ത് ആഫ്രിക്ക, ഓസ്ട്രേലിയ, ന്യൂസിലാൻഡ്, ഇംഗ്ലണ്ട്) എന്നീ രാജ്യങ്ങളിൽ സെഞ്ച്വറി നേടുന്ന അഞ്ചാമത്തെ ഇന്ത്യൻ താരമായി രാഹുൽ മാറി. സച്ചിൻ ടെൻഡുൽക്കർ, മുഹമ്മദ് അസറുദ്ദീൻ, രാഹുൽ ദ്രാവിഡ്, വിരാട് കോഹ്‌ലി എന്നീ താരങ്ങളാണ് ഇതിന് മുമ്പ് സേന രാജ്യങ്ങൾക്കെതിരെ സെഞ്ച്വറി നേടിയിരുന്നത്. ഇപ്പോൾ ഈ എലീറ്റ് ലിസ്റ്റിൽ രാഹുലും തന്റെ പേര് എഴുതിചേർത്തിരിക്കുകയാണ്.

രാഹുലിന് പുറമെ യശ്വസി ജെയ്‌സ്വാൾ 85 റൺസും ദേവ്ദത്ത് പടിക്കൽ 80 റൺസും നേടി മടങ്ങിയപ്പോൾ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ അർധ സെഞ്ച്വറി നേടി മുന്നേറുകയാണ്.

അതേസമയം ആദ്യ ഇന്നിങ്‌സിൽ ന്യൂസിലാൻഡ് 368 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ന്യൂസിലാൻഡ് 368 റൺസിന് ഓൾ ഔട്ട് ആവുമ്പോഴും ക്രീസിൽ അജയ്യനായി നിക്കോൾസ് നിൽക്കുന്നുണ്ടായിരുന്നു.

ആദ്യ ഓവറിൽ ബാറ്റ് ചെയ്യാനെത്തി അവസാന ഓവറിലും ബോളർമാർക്ക് പിടികൊടുക്കാതെ 335 പന്തിൽ നിക്കോൾസ് നേടിയത് 175 റൺസാണ്. നിക്കോളാസിനൊപ്പം ഗ്ലെൻ ഫിലിപ്സും കിവികൾക്ക് വേണ്ടി സെഞ്ച്വറി നേടി. 118 റൺസ് നേടിയാണ് താരം മടങ്ങിയത്.

Photo-x.com

ഇന്ത്യൻ ബൗളിങ്ങിൽ ജസ്പ്രീത് ബുംറ നാല് വിക്കറ്റുകളും ആകാശ് ദീപ് മൂന്ന് വിക്കറ്റും അൻഷുൽ കാംബോജ് പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി തിളങ്ങി.

ഇന്ത്യ പ്ലെയിങ് ഇലവൻ

കെ.എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, ദേവദത്ത് പടിക്കൽ, ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ധ്രുവ് ജുറെൽ, ആകാശ് ദീപ്, അൻഷുൽ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.

ന്യൂസിലാൻഡ് പ്ലെയിങ് ഇലവൻ

ടോം ലാതം (ക്യാപ്റ്റൻ), ഡെവോൺ കോൺവേ, ഹെൻറി നിക്കോൾസ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, നഥാൻ സ്‌മിത്ത്, കൈൽ ജാമിസൺ, മാറ്റ് ഹെൻറി, ജേക്കബ് ഡഫി.

 

Content Highlight: KL Rahul create a historical record in test against SENA countries