തിരുവനന്തപുരം: കോൺഗ്രസിലേക്കുള്ള തിരിച്ചുവരവിൽ മാപ്പപേക്ഷിച്ച് പത്മജ വേണുഗോപാൽ. പദവി അല്ല ലക്ഷ്യമെന്നും കോൺഗ്രസുകാരിയായി മാറണമെന്നും പത്മജ പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു പത്മജയുടെ പ്രതികരണം.
വികാരപരമായ ഒരു നിമിഷത്തിൽ ഞാൻ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബി.ജെ.പി പ്രവേശനമെന്ന് പത്മജ പറഞ്ഞു.
കോൺഗ്രസിലേക്കുള്ള തിരിച്ചുവരവിന് കോൺഗ്രസ് പ്രവർത്തകർ പത്മജയ്ക്ക് മുൻപിൽ ഉപാധിയായി വെച്ചത് മാപ്പ് പറയണമെന്നായിരുന്നു. അതിനെ തുടർന്നാണ് പത്മജയുടെ പരസ്യ പ്രതികരണം.
കെ.കരുണാകരനെന്ന വ്യക്തിയെയും നിരവധി കോൺഗ്രസ് പ്രവർത്തകരെയും താൻ ആഴത്തിൽ മുറിവേൽപ്പിച്ചുവെന്നും ആ തിരിച്ചറിവ് തനിക്കുണ്ടെന്നും അവർ പറഞ്ഞു.
‘വികാരപരമായ ഒരു നിമിഷത്തിൽ ഞാൻ എടുത്ത തെറ്റായ തീരുമാനമായിരുന്നു ബി.ജെ.പി പ്രവേശനം എന്ന് രാജിവെച്ച വേളയിൽ ഞാൻ പറഞ്ഞത് ഹൃദയത്തിന്റെ ഭാഷയിലാണ്. അന്ന് ഞാൻ എടുത്ത തീരുമാനം കെ. കരുണാകരൻ എന്ന വ്യക്തിയെയും എന്നെയും സ്നേഹിച്ച നിരവധി കോൺഗ്രസ് പ്രവർത്തകർക്ക് ആഴത്തിൽ മുറിവേൽപ്പിച്ചു എന്ന തിരിച്ചറിവിലാണ് ഒരു മടങ്ങി വരവിന് ഞാൻ തയ്യാറെടുത്തത്,’ പത്മജ പറഞ്ഞു.
പദവി മോഹിക്കുന്നില്ലെന്നും കോൺഗ്രസുകാരിയായി മാറാനാണ് താൻ തിരിച്ചുവരുന്നതെന്നും കോൺഗ്രസ് പ്രവർത്തകരുടെ വിമർശങ്ങൾ പൂർണമായും ഉൾകൊള്ളുന്നെന്നും അവർ കൂട്ടിച്ചേർത്തു.
‘കോൺഗ്രസ് പ്രവർത്തകർക്കും പ്രസ്ഥാനത്തിനും ഏറ്റ മുറിവിന് ഹൃദയത്തിന്റെ ഭാഷയിൽ എല്ലാവരോടും ക്ഷമാപണം നടത്തുവാനും ഈ അവസരം ഞാൻ വിനിയോഗിക്കുകയാണ്. അടുത്ത മാസം അച്ഛന്റെ ചരമ വാർഷിക വേളയിൽ എന്റെ പ്രിയപ്പെട്ട കോൺഗ്രസ് പ്രവർത്തകർക്കൊപ്പം അച്ഛന്റെ സ്മൃതി കുടീരത്തിൽ ആദരവ് അർപ്പിക്കുക മാത്രമാണ് എന്റെ മുന്നിലുള്ള ലക്ഷ്യം,’ പത്മജ പറഞ്ഞു.
കഴിഞ്ഞ ദിവസം തനിക്ക് പറ്റിയ തെറ്റുതിരുത്തുകയാണെന്നും തന്റെ ആശയങ്ങളുമായി ഒത്തുപോകുന്നില്ലെന്നും താൻ ബി.ജെ.പി.യിൽ നിന്നും ഇറങ്ങിയെന്നും പത്മജ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Content Highlight: Deeply hurt K. Karunakaran and Congress workers; Padmaja apologizes
