ന്യൂദല്‍ഹി: ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍ നിന്ന് ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജിനെ ഒഴിവാക്കിയതില്‍ വിവേചനമുണ്ടെന്ന കോണ്‍ഗ്രസ് എം.പി ഇമ്രാന്‍ മസൂദിന്റെ ആരോപണത്തില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ കപില്‍ ദേവ്.

തനിക്ക് സിറാജിനെ ഇഷ്ടമാണെന്നും പക്ഷെ സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സെലക്ടര്‍മാരാണെന്നും അതില്‍ പുറത്തുനിന്നുള്ളവര്‍ അഭിപ്രായം പറയേണ്ടതില്ലെന്നും കപില്‍ ദേവ് പറഞ്ഞു.

‘സെലക്ടര്‍മാരോടാണ് ചോദിക്കേണ്ടത്. ഞാനാരുമല്ല. ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലുള്ളവരാണ് ഇതിന് മറുപടി പറയേണ്ടത്. അവര്‍ മികച്ച രീതിയിലാണ് കാര്യങ്ങള്‍ ചെയ്യുന്നതെന്നാണ് എന്റെ വിശ്വാസം. എല്ലാവരെയും സന്തോഷിപ്പിക്കാന്‍ കഴിയില്ല. ഇന്ത്യന്‍ ക്രിക്കറ്റ് മികച്ച രീതിയില്‍ മുന്നോട്ടുപോകുന്നു എന്നതാണ് പ്രധാനം.

എനിക്ക് സിറാജിനെ ഇഷ്ടമാണ്. പക്ഷേ ടീമിനെ തെരഞ്ഞെടുക്കേണ്ടത് സെലക്ടര്‍മാരും മാനേജരും ക്യാപ്റ്റനുമാണ്. നമ്മുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് അവിടെ പ്രസക്തിയുണ്ടാകരുത്. ക്രിക്കറ്റ് സംഘടനയുടെ പദ്ധതികള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്,’ കപില്‍ ദേവ് എ.എന്‍.ഐ ഉള്‍പ്പെടെയുള്ള മാധ്യമങ്ങളോട് പറഞ്ഞു.

മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും സിറാജിന് ഇടം നല്‍കിയില്ല എന്നാണ് പറയപ്പെടുന്നത്. അദ്ദേഹത്തിന്റെ പേര് ‘സിറാജ്’ എന്നാണ്, അതുകൊണ്ടാണ് അദ്ദേഹത്തിന് അവസരം നല്‍കാതിരുന്നത് എന്നായിരുന്നു കോണ്‍ഗ്രസ് നേതാവ് പറഞ്ഞത്. മികച്ച പ്രകടനം നടത്തിയിട്ടും സിറാജിനെ തെരഞ്ഞെടുക്കുന്നില്ലെങ്കില്‍, അവിടെ വിവേചനം വ്യക്തമാണ്. എന്നും മസൂദ് പറഞ്ഞിരുന്നു.

അതേസമയം മതപരമായ വിവേചനം കാരണമാണ് സിറാജിനെ ടീമില്‍ എടുക്കാഞ്ഞത് എന്ന മസൂദിന്റെ വാദത്തെ എതിര്‍ത്ത് ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് ലജ്ജയില്ലേയെന്നും വോട്ട് ബാങ്കിന് വേണ്ടി ഇന്ത്യന്‍ ക്രിക്കറ്റില്‍ വേര്‍തിരിവുണ്ടാക്കരുതെന്നും ബി.ജെ.പി വക്താവ് പ്രദീപ് ഭണ്ഡാരി പറഞ്ഞു.

കോണ്‍ഗ്രസിന് ലജ്ജ തോന്നണം. ക്രിക്കറ്റ് ടീം തെരഞ്ഞെടുപ്പില്‍ പോലും കോണ്‍ഗ്രസ് ഇപ്പോള്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്നു. സിറാജ് ഒരു മുസ്‌ലീം ആയതുകൊണ്ടാണ് അദ്ദേഹത്തെ ഒഴിവാക്കിയത് എന്നാണ് കോണ്‍ഗ്രസ് പറയുന്നത്. എന്നാല്‍ ജഡേജയെയും ഒഴിവാക്കിയിട്ടുണ്ടല്ലോ. ഓരോ ക്രിക്കറ്റ് താരവും ഇന്ത്യയെ പ്രതിനിധീകരിക്കുന്ന ജേഴ്‌സിയാണ് ധരിക്കുന്നത്. വോട്ട് ബാങ്ക് രാഷ്ട്രീയത്തിനും വര്‍ഗീയ രാഷ്ട്രീയത്തിനും വേണ്ടി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ വിഭജിക്കുന്നത് അവസാനിപ്പിക്കുക എന്നായിരുന്നു പ്രദീപ് ഭണ്ഡാരിയുടെ പ്രതികരണം.

മാനേജ്മെന്റ് ആഗ്രഹിക്കുന്ന ബൗളിങ് കോമ്പിനേഷന്റെയും വെല്ലിംഗ്ടണിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള വിലയിരുത്തലിന്റെയും അടിസ്ഥാനത്തിലാണ് ടീമിനെ തെരഞ്ഞെടുത്തത് എന്നാണ് ടീം മാനേജ്മെന്റ് ന്യായികരണം. അതേസമയം സിറാജിനെ ടീമിലെടുക്കാത്തതില്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രി പ്രതികരിച്ചിരുന്നു. മികച്ച പേസും സ്വിങ്ങും നിലവാരവുമുള്ള സിറാജിനെ ഒഴിവാക്കിയത് എന്തിനാണെന്ന് അദ്ദേഹം ചോദിച്ചിരുന്നു.

ജസ്പ്രീത് ബുമ്ര, ആകാശ് ദീപ്, പ്രസിദ് കൃഷ്ണ, അന്‍ഷുല്‍ കമ്പോജ് എന്നിവരാണ് ഇന്ത്യയുടെ പുതിയ പേസര്‍മാര്‍. ബാറ്റിങ് കോച്ചായ സിത്താന്‍ഷു കൊട്ടകും മാനേജ്‌മെന്റിന്റെ തീരുമാനത്തെ പിന്തുണച്ചിരുന്നു.

Content Highlight: Kapil Dev responds to the political controversy surrounding the exclusion of Mohammed Siraj from the team