ഇംഫാൽ: മണിപ്പൂരിലെ വിഷമദ്യ ദുരന്തത്തിൽ ബി.ജെ.പി സംസ്ഥാന സർക്കാരിനെതിരെ കോൺഗ്രസ് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
ഇതൊരു അപകടമല്ലെന്നും മറിച്ച് സർക്കാരിന്റെ അനാസ്ഥയുടെ ഫലമാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.
‘ഇതൊരു അപകടമല്ല. ബി.ജെ.പി സർക്കാരിന്റെ അനാസ്ഥയുടെ ഫലമാണ്. മുൻപ് കലാപം ഉണ്ടായി നൂറുകണക്കിന് വീടുകൾ തകർത്തു. ഇപ്പോൾ വിഷമദ്യം നാശം വിതയ്ക്കുന്നു,’ രാഹുൽ പറഞ്ഞു.
മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം അറിയിക്കുകയും ആശുപത്രിയിൽ കഴിയുന്നവർ വേഗം സുഖം പ്രാപിക്കട്ടെയെന്നും രാഹുൽ എക്സിലൂടെ പറഞ്ഞു.
मणिपुर में ज़हरीली शराब से कई लोगों की मृत्यु का समाचार बहुत दुखद है। शोकसंतप्त परिवारों के प्रति अपनी गहरी संवेदनाएं व्यक्त करता हूं और मरीज़ों के जल्द स्वस्थ होने की आशा करता हूँ। यह हादसा नहीं, BJP सरकार की लापरवाही का नतीजा है। पहले हिंसा ने सैकड़ों घर उजाड़े, अब जहरीली शराब उजाड़ रहीं है – सरकार अब भी सो रही है। दोषियों पर तुरंत सख़्त कार्रवाई हो और बिना देरी पीड़ित परिवारों को पूरी सहायता और उचित मुआवज़ा मिले।
— Rahul Gandhi (@RahulGandhi) November 21, 2026
കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കണമെന്നും ദുരന്തത്തിനിരയായവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
‘കുറ്റക്കാർക്കെതിരെ ഉടൻ കർശന നടപടി സ്വീകരിക്കണം. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അർഹമായ നഷ്ടപരിഹാരം നൽകണം,’രാഹുൽ പറഞ്ഞു.
വ്യാജ മദ്യം കഴിച്ച് 18 പേർ മരിക്കുകയും ആയിരത്തിലധികം പേർ ആശുപത്രിയിലാണെന്നും കോൺഗ്രസ് നിയമസഭ കക്ഷിനേതാവ് കെയ്ഷാം മേഘചന്ദ്ര സിങ് പറഞ്ഞതായി എ.എൻ.ഐ റിപ്പോർട്ട് ചെയ്തു.
മദ്യത്തിൽ മെഥനോൾ കലർന്നിരുന്നെന്നും സംഭവത്തിന് സംസ്ഥാന എക്സൈസ് വകുപ്പാണ് ഉത്തരവാദിയെന്നും മേഘചന്ദ്ര സിങ് പറഞ്ഞു.
നിരവധി രോഗികളുടെ നില ഗുരുതരമാണെന്നും മെഥനോൾ കലർന്ന മദ്യമായതിനാൽ പലർക്കും വൃക്ക സംബന്ധമായ അസുഖങ്ങൾ ഉണ്ടായതായും അദ്ദേഹം ആരോപിച്ചു.
കഴിഞ്ഞ ദിവസം മണിപ്പൂരിലെ ചന്ദേൽ ജില്ലയിലാണ് സംഭവം.
സമീപ ജില്ലയായ കാൻ ചിങ്ങിൽ നിന്നാണ് വിഷമദ്യം വാങ്ങി കഴിച്ചതെന്ന് ചന്ദേൽ പൊലീസ് പറഞ്ഞു. മദ്യം കഴിച്ചതിന് പിന്നാലെ പലർക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തളർന്നുവീഴുകയും ചെയ്തിരുന്നു.
Content Highlight: The Manipur spurious liquor tragedy is not an accident, but the result of the BJP government’s negligence: Rahul Gandhi
