ന്യൂദൽഹി: തൊഴിലാളികളുടെ വേതന പ്രശ്നങ്ങളും തൊഴിലില്ലായ്മയും പരിഹരിക്കാൻ വൻകിട കോർപ്പറേറ്റുകൾക്ക് കൂടുതൽ ഇളവുകൾ നൽകുകയല്ല, മറിച്ച് തൊഴിലാളികളുടെ കൂട്ടായ വിലപേശൽ ശേഷി ശക്തിപ്പെടുത്തുകയാണ് വേണ്ടതെന്ന് സി.പി.ഐ.എം ജനറൽ സെക്രട്ടറി എം.എ. ബേബി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ലിയോ പതിനാലാമൻ മാർപാപ്പയും അടുത്തിടെ നടത്തിയ പ്രസംഗങ്ങളിലെ വൈരുദ്ധ്യം ചൂണ്ടിക്കാട്ടിയാണ് എം.എ. ബേബി തന്റെ സോഷ്യൽ മീഡിയ കുറിപ്പിലൂടെ നിലപാട് വ്യക്തമാക്കിയത്.

നവംബർ 19-ന് ന്യൂദൽഹിയിൽ ഫിക്കിയുടെ (FICCI) ശതാബ്ദി വാർഷിക സമ്മേളനത്തിൽ പ്രധാനമന്ത്രി നടത്തിയ പ്രസംഗവും, നവംബർ ഒമ്പതിന് അർജന്റീനയിലെ ബ്യൂണസ് അയേഴ്സിൽ ലിയോ പതിനാലാമൻ മാർപാപ്പ നടത്തിയ പ്രസംഗവും തമ്മിലുള്ള വ്യത്യാസം വ്യക്തമായൊരു താരതമ്യ പഠനത്തിന് ഉതകുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

കോർപ്പറേറ്റ് നികുതി റെക്കോർഡ് താഴ്ചയിലേക്ക് വെട്ടിക്കുറയ്ക്കുകയും വൻകിട ബിസിനസുകൾക്ക് ഇളവുകൾ വാരിക്കോരി നൽകുകയും ചെയ്തിട്ടും രാജ്യത്ത് വേതന വർധനവില്ലായ്മയും ഉയർന്ന തൊഴിലില്ലായ്മയും നിലനിൽക്കുന്നതിനെക്കുറിച്ചാണ് മോദി കോർപ്പറേറ്റുകളോട് സംസാരിച്ചത്. കോർപ്പറേറ്റുകളുടെ ആർത്തി ഒരിക്കലും ശമിക്കുന്നതായി തോന്നുന്നില്ല എന്നും പ്രധാനമന്ത്രി പരാമർശിച്ചിരുന്നതായി എം.എ ബേബി പറഞ്ഞു.

അതേസമയം, അർജന്റീനയിൽ പണിമുടക്കാനുള്ള അവകാശം വെട്ടിക്കുറയ്ക്കുകയും യൂണിയനുകളുടെ വിലപേശൽ ശേഷി ദുർബലപ്പെടുത്തുകയും ചെയ്ത തൊഴിൽ പരിഷ്കാരങ്ങൾക്കിടയിലായിരുന്നു മാർപാപ്പയുടെ പ്രസംഗമെന്ന് എം.എ. ബേബി ചൂണ്ടിക്കാട്ടി.

‘ശബ്ദമില്ലാത്തവരെ പ്രതിരോധിക്കുകയും, തൊഴിലിനെ വെറുമൊരു ചരക്കാക്കി മാറ്റുന്നതിനെ ചെറുക്കുകയും ചെയ്യുമ്പോൾ ട്രേഡ് യൂണിയനുകൾ ഒഴിച്ചുകൂടാനാവാത്ത സ്ഥാപനങ്ങളാണ്,’ എന്ന മാർപാപ്പയുടെ വാക്കുകൾ പ്രശ്നപരിഹാരത്തിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് അദ്ദേഹം പറഞ്ഞു.

കൂട്ടായ പോരാട്ടത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും മാന്യമായ തൊഴിൽ സാഹചര്യങ്ങൾ ഉറപ്പാക്കുന്നതിൽ യൂണിയനുകൾ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ചും മാർപ്പാപ്പ വിശദീകരിച്ചതായി എം.എ ബേബി ചൂണ്ടിക്കാട്ടി.

ലേബർ കോഡുകൾക്കെതിരെയും, ഉയർന്ന വേതനത്തിനും സുരക്ഷിതമായ തൊഴിലിനും വേണ്ടിയുള്ള തൊഴിലാളികളുടെ പോരാട്ടത്തിനൊപ്പം പാർട്ടി നിലകൊള്ളുന്നുവെന്ന് എം.എ. ബേബി വ്യക്തമാക്കി.

ഈ ആവശ്യങ്ങൾ ഉന്നയിച്ച് ഡിസംബർ ഒന്ന് മുതൽ മൂന്ന് വരെ പതിനായിരക്കണക്കിന് തൊഴിലാളികൾ നടത്തുന്ന പാർലമെന്റ് മാർച്ചിൽ എല്ലാ ജനാധിപത്യ വിശ്വാസികളും അണിചേരണമെന്നും ഐക്യദാർഢ്യം പ്രഖ്യാപിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.

Content Highlight:The solution lies not in concessions to corporates, but in protecting the rights of workers: M.A. Baby compares speeches by the Prime Minister and the Pope.