തിരുവനന്തപുരം: ഓപ്പറേഷൻ സൗന്ദര്യയിൽ പിടിച്ചെടുത്തത് 10 ലക്ഷത്തിലേറെ വ്യാജ സൗന്ദര്യവർദ്ധക ഉത്പന്നങ്ങൾ.
ഹാനികരമായ വസ്തുക്കൾ അടങ്ങിയ വ്യാജ ഉത്പന്നങ്ങളാണ് കണ്ടെടുത്തതെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം അറിയിച്ചു.
ഫേസ്ക്രീം ഉപയോഗിച്ചതിനെ തുടർന്ന് പെൺകുട്ടിക്ക് വൃക്കരോഗം സ്ഥിരീകരിച്ച സംഭവത്തിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് വ്യാജ ഉത്പന്നങ്ങൾ കണ്ടെത്തിയത്.
പാകിസ്ഥാൻ നിർമിതമായ രണ്ട് ഫേസ് ക്രീമുകളിൽ അമിത അളവിൽ മെർക്കുറി കണ്ടെത്തി. ഈ ക്രീമുകളിൽ ഒരു പി.പി.എം അനുവദിനീയമായിടത്ത് 20000 പി.പി.എം കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.
മീഥെയ്ൻ ആൽക്കഹോൾ അടങ്ങിയിട്ടുള്ള പെർഫ്യൂമുകളും സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം പിടിച്ചെടുത്തു.
നിർമാതാവിന്റെ വിവരങ്ങളും ലൈസൻസും വ്യക്തമല്ലാത്ത ഉത്പന്നങ്ങൾ ഉപയോഗിക്കരുതെന്ന് സംസ്ഥാന ഡ്രഗ്സ് കൺട്രോൾ വിഭാഗം മുന്നറിയിപ്പ് നൽകി.
പിടിച്ചെടുത്ത ഉത്പന്നങ്ങളിൽ കോസ്മെറ്റിക്സ് റൂൾ 2020 പ്രകാരമുള്ള മാനദണ്ഡങ്ങൾ പാലിക്കാത്ത ഉത്പന്നങ്ങളാണ് കൂടുതലെന്ന് അന്വേഷണ സംഘം പറഞ്ഞു.
ഓപ്പറേഷൻ സൗന്ദര്യ റെയ്ഡ് തുടരുകയാണെന്ന് അന്വേഷണ സംഘം അറിയിച്ചു.
മലപ്പുറം സ്വദേശിയായ 17 വയസുകാരിക്കാണ് ഫേസ് ക്രീം ഉപയോഗിച്ചതിനെത്തുടർന്ന് ഗുരുതരമായ വൃക്കരോഗം ബാധിച്ചത്.
ഇൻസ്റ്റാഗ്രാമിലെ പരസ്യം കണ്ടാണ് ക്രീം വാങ്ങിയതെന്ന് പെൺകുട്ടി പറഞ്ഞു. പരിശോധനയിൽ ക്രീമിൽ അമിത അളവിലുള്ള മെർക്കുറിയുടെ ഉപയോഗം കണ്ടെത്തി. പരാതിപ്പെട്ടിട്ടും കമ്പനി ഗൗനിക്കാതെ വന്നതോടെയാണ് പെൺകുട്ടി നിയമ നടപടിയിലേക്ക് നീങ്ങിയത്.
Content Highlight: Operation Soundarya: Over 1 million counterfeit products seized; State Drugs Control Department
