സൂപ്പർ ലീഗ് കേരളയിലെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന ഹോം മത്സരത്തിൽ മലപ്പുറം എഫ്.സിക്ക് വമ്പൻ വിജയം. മലപ്പുറത്തിന്റെ തട്ടകമായ മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസിനെ എതിരില്ലാത്ത മൂന്ന് ഗോളുകൾക്കാണ് മലപ്പുറം തകർത്തത്.

സീസണിൽ ഇതിനുമുമ്പ് ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ തിരുവനന്തപുരത്തിനൊപ്പമായിരുന്നു വിജയം. ഈ തോൽവിക്ക് സ്വന്തം മണ്ണിൽ കണക്കുതീർക്കാനും മലപ്പുറത്തിന് സാധിച്ചു. തിരുവനന്തപുരത്തിന്റെ തട്ടകത്തിൽ നടന്ന മത്സരത്തിൽ പെനാൽറ്റിയിലായിരുന്നു മലപ്പുറം പരാജയം ഏറ്റുവാങ്ങിയിരുന്നത്. എന്നാൽ സ്വന്തം മണ്ണിൽ സ്വന്തം ആരാധകരുടെ മുന്നിൽ ഈ തോൽവിക്ക് മലപ്പുറം മധുര പ്രതികാരം വീട്ടുകയായിരുന്നു.

മത്സരം തുടങ്ങി 11 മിനിട്ട് ആയപ്പോൾ തന്നെ ആതിഥേയർ മുന്നിലെത്തി. റാഷിദ് സി.കെയിലൂടെയാണ് മലപ്പുറം ആദ്യ ഗോൾ സ്വന്തമാക്കിയത്. ഒടുവിൽ ആദ്യ പകുതി ഈ ഗോളിന്റെ പിൻബലത്തിന്റെ മലപ്പുറം കൈപ്പിടിയിലാക്കി.

മലപ്പുറം രണ്ടാം പകുതിയിലും കളംനിറഞ്ഞു കളിച്ചു. 66ാം മിനിട്ടിൽ പൗലോ വിക്ടറിന്റെ ഗോളിലൂടെ മലപ്പുറം രണ്ടാം ലീഡെടുത്തു. അവസാന ഘട്ടത്തിൽ ടീമിലെത്തിച്ച കഴിഞ്ഞ സീസണിലെ ഗോൾഡൻ ബൂട്ട് വിന്നറായ ബ്രസീലിയൻ താരം ജോൺ കെന്നഡിയുടെ മൂന്നാം ഗോളിൽ തിരുവനന്തപുരത്തിന്റെ പതനം സമ്പൂർണമായി.

കഴിഞ്ഞ സീസണിൽ മലപ്പുറത്തിന്റെ മുന്നേറ്റ നിരയിൽ എട്ട് ഗോളുകൾ നേടി ഗോളടിച്ചുകൂട്ടിയ കെന്നഡിയുടെ രണ്ടാം വരവിലെ ആദ്യ മത്സരത്തിൽ തന്നെ ഗോൾ നേടിയത് വരും മത്സരങ്ങളിലും ടീമിന് കരുത്തുപകരുമെന്നുറപ്പാണ്.

മൂന്ന് ഗോളുകൾക്ക് പുറകിലായി സന്ദർശകർ ആശ്വാസ ഗോളിന് വേണ്ടി മികച്ച നീക്കങ്ങൾ നടത്തിയെങ്കിലും മലപ്പുറം ഗോൾകീപ്പറും പ്രതിരോധവും മികച്ചുനിന്നതോടെ ക്ലീൻ ഷീറ്റ് വിജയവുമായി മലപ്പുറം സെമിക്ക് മുമ്പ് തങ്ങളുടെ ശക്തി തെളിയിക്കുകയായിരുന്നു.

മത്സരത്തിൽ 60 ശതമാനം ബോൾ പൊസഷൻ നിലനിർത്തിയ മലപ്പുറം 13 ഷോട്ടുകളാണ് എതിരാളികളുടെ പോസ്റ്റിലേക്ക് ഉതിർത്തത്. ഇതിൽ ആറ് ഷോട്ടുകളും ഓൺ ടാർഗറ്റിലേക്ക് ആയിരുന്നു. മറുഭാഗത്ത് 14 ഷോട്ടുകളിൽ നിന്ന് നാല് ഷോട്ടുകൾ മലപ്പുറത്തിന്റെ പോസ്റ്റിലേക്ക് ലക്ഷ്യം വെക്കാൻ സന്ദർശകർക്ക് സാധിച്ചു.

നേരത്തെ സെമി ഫൈനൽ ഉറപ്പിച്ച മലപ്പുറത്തിന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരം നവംബർ 25ന് കണ്ണൂർ വാരിയേഴ്സിനെതിരെയാണ്. നേരത്തെ സീസണിൽ പയ്യനാടിന്റെ മണ്ണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ എതിരില്ലാത്ത മൂന്ന് ഗോളുകൾക്ക് മലപ്പുറം വിജയിച്ചിരുന്നു.

 

Content Highlight: Malappuram FC beat Thiruvananthapuram Kombans in super league Kerala