മോളിവുഡിലെ ടാലന്റഡായിട്ടുള്ള നടന്മാരില്‍ പ്രധാനിയാണ് ടൊവിനോ തോമസ്. ഏതൊരു കഥാപാത്രത്തെയും മികച്ച രീതിയില്‍ അവതരിപ്പിക്കാന്‍ താരത്തിന് പ്രത്യേക കഴിവാണ്. ബോയ് നെക്‌സ്റ്റ് ഡോര്‍ ഇമേജ് കുടുംബപ്രേക്ഷകരുടെ പ്രിയങ്കരനാക്കാനും താരത്തെ സഹായിച്ചു. എന്നാല്‍ ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ചയാണ് ടൊവിനോ തോമസ്.

അടുത്തകാലത്തായി മോളിവുഡില്‍ പുറത്തിറങ്ങുന്ന സകല സിനിമകളിലും അതിഥിവേഷത്തില്‍ ടൊവിനോയുടെ സാന്നിധ്യമുണ്ടായിട്ടുണ്ട്. അമല്‍ നീരദ് സംവിധാനം ചെയ്ത ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവാണ് ടൊവിനോ അവസാനമായി അതിഥിവേഷം ചെയ്ത ചിത്രം. എക്‌സ്റ്റന്‍ഡഡ് കാമിയോയായാണ് താരം ചിത്രത്തില്‍ വേഷമിട്ടത്.

ഈ വര്‍ഷം ടൊവിനോ ഗസ്റ്റ് റോളിലെത്തുന്ന നാലാമത്തെ ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. ചിദംബരം സംവിധാനം ചെയ്ത ബാലനില്‍ എക്സ്റ്റന്‍ഡഡ് കാമിയോയായി ടൊവി വേഷമിട്ടിരുന്നു. പൃഥ്വിരാജ്- വൈശാഖ് കോമ്പോയിലൊരുങ്ങിയ ഖലീഫയില്‍ വെറും രണ്ട് മിനിറ്റ് കൊണ്ട് കൈയടി നേടാന്‍ ടൊവിനോയ്ക്ക് സാധിച്ചു.

സൂര്യയെ നായകനാക്കി ജിത്തു മാധവന്‍ സംവിധാനം ചെയ്ത സീനിലും ടൊവിനോയുടെ സാന്നിധ്യമുണ്ടായിരുന്നു. വിക്ടര്‍ എന്ന സൈക്കോ കില്ലറായി മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. സൂര്യ- ടൊവിനോ ഫേസ് ഓഫ് സീന്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റി. ഈ വര്‍ഷം മാത്രമല്ല, കഴിഞ്ഞ വര്‍ഷവും ടൊവിനോയുടെ അതിഥിവേഷങ്ങളുണ്ടായിരുന്നു.

മരണമാസില്‍ പെട്ടിയില്‍ കിടക്കുന്ന ഡെഡ്‌ബോഡിയായി ഒറ്റ ഷോട്ടില്‍ ടൊവി ശ്രദ്ധ നേടി. കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ ലോകഃയില്‍ ചാത്തനായും താരം കൈയടി നേടി. ലോകഃയുടെ അടുത്ത ഭാഗത്തില്‍ ടൊവിനോയുടെ ചാത്തന്‍ ഞെട്ടിക്കുമെന്ന് ഉറപ്പാണ്. 2027ലാകും ലോകഃ 2 തിയേറ്ററുകളിലെത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ തുടര്‍ച്ചയായി കാമിയോ റോളുകള്‍ ചെയ്യുന്നത് താരത്തിന് തിരിച്ചടിയാകുമെന്നും ചിലര്‍ കമന്റുകള്‍ പങ്കുവെക്കുന്നുണ്ട്. ഒരേ മുഖം എപ്പോഴും കാണുന്നത് പ്രേക്ഷകരില്‍ മടുപ്പുണ്ടാക്കുമെന്നും അതിനാല്‍ കാമിയോ റോളുകള്‍ ചെയ്യുന്നതില്‍ ശ്രദ്ധ നല്‍കണമെന്നും സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നു. കാമിയോ സ്റ്റാര്‍ എന്ന ടാഗ്‌ലൈന്‍ താരം ഒഴിവാക്കുമോ എന്നും ചോദ്യങ്ങളുണ്ട്.

Content Highlight: Cinema pages giving Cameo star tag to Tovino Thomas after Bachelor Party D’eux