ഏറെ ചര്‍ച്ചകള്‍ക്കൊടുവില്‍ കഴിഞ്ഞ ദിവസം തിയേറ്ററുകളിലെത്തിയ ചിത്രമായിരുന്നു അമല്‍ നീരദ് സംവിധാനം ചെയ്ത ബാച്ച്ലര്‍ പാര്‍ട്ടി ഡ്യൂ. അമല്‍ നീരദിന്റെ തന്നെ സംവിധാനത്തില്‍ 2012ല്‍ പുറത്തിറങ്ങിയ ബാച്ച്ലര്‍ പാര്‍ട്ടിയുടെ സ്പിരിച്ച്വല്‍ സ്വീക്വലായാണ് ചിത്രം ഒരുക്കുന്നത് എന്ന വാര്‍ത്ത പുറത്തുവന്നത് മുതല്‍ തന്നെ വലിയ ആവേശത്തിലായിരുന്നു പ്രേക്ഷകര്‍.

മലയാളത്തിലെ യുവതാരനിരയായിരുന്നു ചിത്രത്തിന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, ശ്രീനാഥ് ഭാസി, ഷൈന്‍ ടോം ചാക്കോ, നസ്‌ലെന്‍, ഷറഫുദ്ദീന്‍, ചന്തു സലീം കുമാര്‍, രജിഷ വിജയന്‍ തുടങ്ങി ഒട്ടനവധി പേരായിരുന്നു ചിത്രത്തില്‍ അണിനിരന്നത്. ചിത്രത്തില്‍ വലിയ വിഭാഗം പ്രേക്ഷകര്‍ക്ക് പ്രതീക്ഷ ഉണ്ടായിരുന്നപ്പോഴും ചിത്രം പരാജയമാകുമെന്ന് പലരും പ്രവചിച്ചിരുന്നു.

ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂ. Photo: x.com

പ്രവചനത്തെ ശരിവെക്കുന്ന വിധത്തിലായിരുന്നു ആദ്യദിനങ്ങളില്‍ ചിത്രത്തിന് കിട്ടിയ പ്രതികരണം. ഒരു മേഖലയിലും പിടിച്ചിരുത്താന്‍ സാധിക്കാത്ത വിധത്തില്‍ അമല്‍ നീരദിന്റെ സ്റ്റൈലിഷ് മേക്കിങ്ങ് മാത്രമായി ചിത്രം ഒതുങ്ങിയെന്നായിരുന്നു കണ്ടിറങ്ങിയവരില്‍ ഭൂരിഭാഗവും അഭിപ്രായപ്പെട്ടത്. വലിയ താരനിര അണിനിരന്നിട്ടും ചിത്രം നിരാശയായി മാറുകയായിരുന്നു. ഇപ്പോഴിതാ റിലീസ് ചെയ്ത് ആദ്യ രണ്ട് ദിവസം പിന്നിട്ടപ്പോഴുള്ള ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന്റെ കേരള ബോക്‌സ് ഓഫീസ് കളക്ഷന്‍ റിപ്പോര്‍ട്ടുകളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുന്നത്.

റിലീസ് ചെയ്ത ആദ്യദിനം ചിത്രത്തിന് കേരളത്തില്‍ നിന്നും ലഭിച്ചത് 2.55 കോടി രൂപയായിരുന്നു. കുഞ്ചാക്കോ ബോബന്‍, നസ്‌ലെന്‍, ടൊവിനോ തോമസ് തുടങ്ങിയവര്‍ ഉണ്ടായിരിക്കെ ചിത്രത്തിന് രണ്ടര കോടി മാത്രമാണ് ലഭിച്ചിട്ടുള്ളൂ എന്നത് സിനിമാ പേജുകളില്‍ ചര്‍ച്ചയായിരുന്നു. അതേസമയം ദീപാവലിയ്ക്ക് റിലീസിനെത്തിയ രാമായണയ്ക്ക് നവംബര്‍ 20ന് ലഭിച്ചത് രണ്ടര കോടിയ്ക്കടുത്തായിരുന്നു എന്നത് ഇതോടൊപ്പം കൂട്ടിവായിക്കുമ്പോഴാണ് ബാച്ച്‌ലര്‍ പാര്‍ട്ടിയുടെ സ്ഥിതി വ്യക്തമാകുന്നത്.

ആദ്യദിനത്തില്‍ മോശം പ്രതികരണം വന്നതോടെ ബോക്‌സ് ഓഫീസില്‍ ചിത്രം മൂക്കു കുത്തി വീഴുന്ന കാഴ്ചയ്ക്കാണ് സിനിമാ ലോകം ഇപ്പോള്‍ സാക്ഷ്യം വഹിക്കുന്നത്. ആദ്യദിനത്തെ രണ്ടര കോടിയില്‍ നിന്നും രണ്ടാം ദിനത്തില്‍ 55 ലക്ഷം മാത്രമാണ് ചിത്രത്തിന് നേടാന്‍ സാധിച്ചിരിക്കുന്നത്. ഇന്നലെ (വെള്ളി) റിലീസായ മമ്മൂട്ടി നായകനായ തമിഴ് ചിത്രം ഓ.എമ്മിനും ദുല്‍ഖര്‍ സല്‍മാന്‍ നായകനായ തെലുങ്ക് ചിത്രം ആകാസം ലോ ഒക്ക താരയും മികച്ച പ്രതികരണം സ്വന്തമാക്കിയതോടെ ബാച്ച്‌ലര്‍ പാര്‍ട്ടി ഡ്യൂവിന് ഒരു തിരിച്ചുവരവ് സാധ്യമാകുമോ എന്നത് സംശയമാണ്.

 

Content Highlight: Two day box office collection of bachelor party du ex directed by Amal Neerad