മലയാള സിനിമയിൽ ആദ്യമായാണ് കാനിബലിസം എന്ന വിഷയത്തെ അത്രയും ശക്തമായി ഒരു സിനിമയിൽ തുറന്ന് കാട്ടുന്നത്. മലയാളി പ്രേക്ഷകരെ സംബന്ധിച്ചിടത്തോളം ഒരു വിഷ്വൽ ട്രീറ്റ് തന്നെയായിരുന്നു റെജിൻ എസ്. ബാബുവിന്റെ ഭൗമ. എന്നാൽ അതിനും മുമ്പ് ടി.ഡി. രാമകൃഷ്ണന്റെ നോവലായിട്ടുള്ള ഫ്രാൻസിസ് ഇട്ടിക്കോര വായിച്ചിട്ടാണ് മലയാളികളായ പലരും ആദ്യമായ് കാനിബലിസം എന്ന വാക്ക് കേൾക്കുന്നത്. 2009ലാണ് നോവൽ പ്രസീദ്ധിക്കരിക്കുന്നത്. ഏറെ ചർച്ചകൾക്കും വിവാദങ്ങൾക്കും വഴിയൊരുക്കിയിരുന്നു നോവലിലെ കാനിബലിസം ഉൾപ്പടെയുള്ള ചില വിഷയങ്ങൾ. ഇട്ടിക്കോരയുടെ അത്ര തന്നെ ഭൗമയിൽ വിഷ്വലി കാണിക്കുന്നിലെങ്കിലും മലയാളി പ്രേക്ഷകർക്ക് പുതുമയുള്ളൊരു അനുഭവമായിരുന്നു ഭൗമ സമ്മാനിച്ചത്.
റെജിൻ എസ്. ബാബുവിന്റെ ഗോഥിക് ഹൊറർ ത്രില്ലർ പ്രമേയമായ ഭൗമ, പീരുമേട്ടിൽ സ്ഥിതി ചെയ്യുന്ന റോസ് വില്ലയുടെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. ഏകാന്തതയിൽ നിൽക്കുന്ന എസ്റ്റേറ്റ് ബംഗ്ലാവായ റോസ് വില്ലയിൽ ആഭിചാരത്തിന്റെയും മന്ത്രവാദത്തിന്റെയും പേരിൽ നടക്കുന്ന ദുരൂഹ മരണങ്ങൾ. റോസ് വില്ലയുടെ ഇരുണ്ട പശ്ചാത്തലത്തിലാണ് നരഭോജനത്തിന്റെ ഏറ്റവും ഭയപ്പെടുത്തുന്ന സംഭവങ്ങൾ അരങ്ങേറുന്നത്. എന്നാൽ വിഷ്വലി അതിന്റെ ഭീകരത സിനിമയിൽ കാണിക്കുന്നുമില്ല. എങ്കിലും മനുഷ്യമാംസമാണ് അവർ കഴിക്കുന്നത് എന്ന് പ്രേക്ഷകർ തിരിച്ചറിയുന്ന നിമിഷം ആ ഭയാനകത അവരിലേക്കും ഇരച്ചുകയറും. ദൃശ്യങ്ങൾ കൊണ്ടല്ല ഭൗമ പ്രേക്ഷകനെ പേടിപ്പിക്കുന്നത് പകരം മാനസികമായി ഒരു ഭീതി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്.

ഭൗമ.Photo: Facebook.com
കഥാപാത്രങ്ങളുടെ പശ്ചാത്തലത്തെ കുറിച്ച് സിനിമ വ്യക്തമാക്കാത്തതുകൊണ്ട് തന്നെ എങ്ങനെ അവർ ഇത്തരം വിശ്വാസങ്ങൾക്ക് അടിമപ്പെട്ടുവെന്ന് പ്രേക്ഷകന് തോന്നും. അവിടെയാണ് ഫ്രാൻസിസ് ഇട്ടിക്കോരയുടെ പ്രസക്തി. ആ നോവൽ വായിച്ചവർക്ക് മാത്രം അത് മനുഷ്യന്
പണത്തിനോടും പദവികളോടുമുള്ള ദുരാഗ്രഹത്തിന്റെയും അത്യാർത്തിയുടെയും പേരിലായിരിക്കുമെന്ന് തോന്നാം. ആ നോവൽ വായിക്കാത്തവർക്ക് തികച്ചും അത്ഭുതമോ അറപ്പോ തോന്നുന്ന ഒരു അനുഭവമായിരിക്കും ഭൗമ ചില സന്ദർഭങ്ങളിലൂടെ പ്രേക്ഷകന് തരുന്നത്.
പ്രേക്ഷകരിൽ ഉദ്വേഗം ജനിപ്പിക്കുന്ന ഇത്തരം വിഷ്വലുകൾ നരഭോജനത്തിന്റെ മനുഷ്യവിരുദ്ധതയും ക്രൂരതയും തുറന്ന് കാട്ടുന്നുണ്ട്.
ഇട്ടിക്കോരയിലേക്ക് വരുമ്പോൾ നരഭോജനത്തെ വെറുമൊരു ഭീതിപ്പെടുത്തുന്ന സംഭവമായല്ല പറയുന്നത്. മറിച്ച് ആഗോളമുതലാളിത്തത്തോടും അധികാരത്തോടുമുള്ള അത്യാർത്തിയെയും തീവ്രമായ ആഗ്രഹത്തെയുമാണ് തുറന്ന് കാട്ടുന്നത്. പതിനെട്ടാം കൂറ്റ് എന്നൊരു രഹസ്യ സമൂഹത്തിന്റെ രഹസ്യ വിശ്വാസത്തിന്റെയും ആചാരത്തിന്റെയും പേരിലാണ് അവിടെ നരഭോജനം നടക്കുന്നത്. അവിടെ അധികാരത്തെക്കാളുപരി കാമം, വേദനയിലുള്ള ആനന്ദം എന്നിവയുമായും നരഭോജനം ബന്ധപ്പെട്ട് കിടക്കുന്നുണ്ട്. ആരെയും കൊന്ന് ഭക്ഷിക്കുന്നതാണ് ഇട്ടിക്കോരയിലെങ്കിൽ ഭൗമയിലോട്ട് വരുമ്പോൾ അവരുടെയിടയിൽ ഒരാളായ ആൾ തന്നെ സ്വയം ഭക്ഷണമാകാൻ മുന്നോട്ട് വരുകയാണ് ചെയ്യുന്നത്.

ഫ്രാൻസിസ് ഇട്ടിക്കോര.ടി.ഡി. രാമകൃഷ്ണൻ.Photo: Facebook.com
അങ്ങനെ ആരെ വേണമെങ്കിലും കൊന്ന് തിന്നുന്നതായല്ല ഭൗമയിൽ കാണിക്കുന്നത്. പകരം അവരുടെ ആ രഹസ്യ സമൂഹത്തിൽ അംഗമായ അവരുടെ വിശ്വാസങ്ങളെ പിന്തുടരുന്ന, അവരുടെ പ്രാർത്ഥനകളിൽ പങ്കെടുക്കുന്ന ഒരാൾ സ്വമേധേയ മരിക്കാൻ തയ്യാറാവുകയാണ്. ഒരു മാന്ത്രിക വലയത്തിൽ പെട്ട് ജീവനോടെ തന്നെ സ്വന്തം ശരീരത്തിൽ നിന്നും മറ്റുള്ളവർക്ക് മാംസം എടുക്കാൻ നിന്നുകൊടുക്കുകയാണ് ചെയ്യുന്നത്. എന്നാൽ ഇതൊന്നും തന്നെ വിഷ്വലി സിനിമയിൽ കാണിക്കുന്നില്ല. കഥാപാത്രങ്ങളുടെ സംഭാഷണങ്ങളിലൂടെയാണ് പ്രേക്ഷകർ ഇതെല്ലാം അറിയുന്നത്. എങ്കിൽ പോലും കണ്ടത് പോലെയുള്ള ഭീതിയാണ് പ്രേക്ഷകന് അനുഭവപ്പെടുന്നത്.
ഭൗമയിൽ പ്രധാന കഥാപാത്രമായ സെലിൻ അഥവാ സൺസെറ്റ് (രേവതി ശർമ) തന്റെ ഭൂതകാലത്തെ അന്വേഷിച്ചാണ് റോസ് വില്ലയിലേക്ക് എത്തുന്നത്. അതിന് സമാനമായാണ് ഇട്ടിക്കോരയിൽ സേവ്യർ ഇട്ടിക്കോര തന്റെ പൂർവികരുടെ ചരിത്രം തേടി കേരളത്തിലേക്ക് യാത്ര തിരിക്കുന്നത്. രണ്ടുപേരുടെയും ആ യാത്രയിൽ അവർ സഞ്ചരിക്കുന്നത് ഇരുണ്ട നിഗൂഢത നിറഞ്ഞ കാനിബലിസം, ബ്ലാക് മാജിക് പോലുള്ള ചരിത്രത്തിലൂടെയാണ് എന്നതാണ് മറ്റൊരു സാമ്യത. അമാനുഷികവും അതേസമയം മനുഷ്യ നിർമ്മിതവുമാണ് രണ്ടിന്റെയും കഥാസന്ദർഭങ്ങൾ.
Content Highlight: From Ittikora to Bouma; the dark narratives of Cannibalism
