കൊൽക്കത്ത: കൊൽക്കത്ത സർവകലാശാലാ കാമ്പസിന് സമീപം എസ്.എഫ്.ഐ സംഘടിപ്പിച്ച പുസ്തക സ്റ്റാളിന് നേരെയുണ്ടായ എ.ബി.വി.പി ആക്രമണത്തിലും പൊലീസ് നടപടിയിലും പ്രതിഷേധിച്ച് കൊൽക്കത്തയിൽ ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകളുടെ വൻ റാലി.

എസ്.എഫ്.ഐ, ഐസ, എ.ഐ.ഡി.എസ്.ഒ തുടങ്ങിയ സംഘടനകളുടെ നേതൃത്വത്തിൽ ശനിയാഴ്ച വടക്കൻ കൊൽക്കത്തയിലെ ഹെദുവയിൽ നിന്ന് ആരംഭിച്ച് പുസ്തക വിൽപ്പന കേന്ദ്രമായ കോളേജ് സ്ട്രീറ്റ് വരെ രണ്ട് കിലോമീറ്ററിലധികം ദൂരമാണ് പ്രതിഷേധ മാർച്ച് നടത്തിയത്.

കൈകളിൽ പുസ്തകങ്ങളേന്തിയാണ് നിരവധി വിദ്യാർത്ഥികൾ മാർച്ചിൽ അണിനിരന്നത്. പശ്ചിമ ബംഗാളിലെ വിദ്യാഭ്യാസവും സംസ്കാരവും സംരക്ഷിക്കണമെന്ന മുദ്രാവാക്യങ്ങളടങ്ങിയ പ്ലക്കാർഡുകളും ബാനറുകളും പ്രതിഷേധക്കാർ ഉയർത്തിപ്പിടിച്ചു.

സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മുൻ സി.പി.ഐ.എം രാജ്യസഭാംഗം ബികാശ് രഞ്ജൻ ഭട്ടാചാര്യ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കളും മാർച്ചിൽ പങ്കെടുത്തു.

നവംബർ വിപ്ലവത്തിന്റെ സ്മരണാർത്ഥം കോളേജ് സ്ട്രീറ്റിൽ എസ്.എഫ്.ഐ സംഘടിപ്പിച്ച ‘സംഗ്രാമി ബോയ്‌പത്ര’ (Sangrami Boipatra) എന്ന പുസ്തകശാലയ്ക്ക് നേരെയാണ് കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായ ആക്രമണങ്ങളും പൊലീസ് നടപടികളുമുണ്ടായത്.

സ്റ്റാൾ സ്ഥാപിക്കുന്നത് തടയാൻ വൻ പൊലീസ് സന്നാഹത്തെയും പ്രിസൺ വാനുകളെയും വിന്യസിക്കുകയും, എസ്.എഫ്.ഐ നേതാക്കളായ ദേബാഞ്ജൻ ഡേ, ദിധിതി റോയ് എന്നിവരടക്കമുള്ളവരെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു.

ഇതിന് പിന്നാലെ ബുധനാഴ്ച എസ്.എഫ്.ഐ, എ.ബി.വി.പി പ്രവർത്തകർ തമ്മിൽ പ്രദേശത്ത് ഏറ്റുമുട്ടലുണ്ടായി. എ.ബി.വി.പിയുടെയും മറ്റ് വലതുപക്ഷ സംഘടനകളുടെയും നേതൃത്വത്തിൽ തങ്ങളുടെ സ്റ്റാളിന് നേരെ ബോംബേറും കല്ലേറും മുട്ടയേറും നടത്തിയതായും പടക്കം പൊട്ടിച്ചതായും എസ്.എഫ്.ഐ വ്യക്തമാക്കി.

പുസ്തകങ്ങളെയും യുക്തിചിന്തയെയും പ്രതിഷേധങ്ങളെയും ഭരണകൂടം ഭയപ്പെടുകയാണെന്ന് എസ്.എഫ്.ഐ കേന്ദ്ര കമ്മിറ്റി പ്രസ്താവനയിലൂടെ വിമർശിച്ചു.

ബുൾഡോസറുകൾക്കും ജയിൽ വാനുകൾക്കുമെതിരെ പുസ്തകങ്ങൾക്കൊപ്പം അണിനിരക്കണമെന്ന എസ്.എഫ്.ഐയുടെ ആഹ്വാനം ഏറ്റെടുത്താണ് നൂറുകണക്കിന് വിദ്യാർത്ഥികൾ ശനിയാഴ്ചത്തെ പ്രതിഷേധ മാർച്ചിൽ പങ്കാളികളായത്.

Content Highlight:ABVP attack on a book stall and subsequent police action; protest march by Left-wing student organizations in Kolkata.