ഇസ്താബുള്‍: ഗസയിലെ ഇസ്രഈലിന്റെ വര്‍ധിച്ചുവരുന്ന വെടിനിര്‍ത്തല്‍ ലംഘനങ്ങളും ദുരിതത്തിലാകുന്ന മാനുഷിക സാഹചര്യങ്ങളും ചര്‍ച്ച ചെയ്യുന്നതിനായി തുര്‍ക്കി ഇന്റലിജന്‍സ് മേധാവി ഇബ്രാഹിം കാലിന് ഹമാസ് പൊളിറ്റിക്കല്‍ ബ്യൂറോ മോധാവി ഖലീല്‍ അല്‍ ഹയ്യയുടെ നേതൃത്വത്തില്‍ കൂടിക്കാഴ്ച നടത്തി.
ഗസയിലും വെസ്റ്റ് ബാങ്കിലും വര്‍ധിച്ചുവരുന്ന ഈസ്രഈലി ആക്രമണങ്ങള്‍, അല്‍ അഖ്സ പള്ളിയിലെ നിയമലംഘനങ്ങള്‍ സമീപ കാലത്തെ സൈനിക നടപടികള്‍ എന്നിവ ഇസ്താബുളില്‍ വെച്ച് ചര്‍ച്ചചെയ്തതായി അനഡോലു റിപ്പോര്‍ട്ട് ചെയ്തു. ഇസ്രഈല്‍ കുടിയേറ്റക്കാരുടെ അക്രമവും ഫലസ്തീന് ജനതയെ ബലപ്രയോഗത്തിലൂടെ കുടിയിറക്കാനുള്ള നടപടികളും കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്യപ്പെട്ടു.
ഗസയിലെ വെടിനിര്‍ത്തല്‍ നടപ്പാക്കുന്നതിനും സമാധാന പദ്ധതി പുനരുജ്ജീവിപ്പിക്കുന്നതിലും സാധ്യമായ നടപടി തുര്‍ക്കിയും ഹമാസും അവലോകനം ചെയ്തു. ഇസ്രഈലിന്റെ നിയമലംഘനങ്ങളാണ് മോഖലയില്‍ സമാധാന പദ്ധതികള്‍ തടസപ്പെടുത്തുന്നതെന്ന് തുര്‍ക്കി സുരക്ഷാ വൃത്തങ്ങള്‍ അറിയിച്ചു.
ഗസയിലെ വഷളായിക്കൊണ്ടിരിക്കുന്ന മാനുഷിക സാഹചര്യം കൂടിക്കാഴ്ചയിലെ പ്രധാന ചര്‍ച്ചാവിഷയമായി. ശൈത്യകാലം കൂടുതല്‍ കഠിനമാകുന്നത് ഗസയിലെ ജനങ്ങളുടെ ദുരിതങ്ങള്‍ വര്‍ധിപ്പിക്കുന്ന സാഹചര്യത്തിലാണ് ചര്‍ച്ചകള്‍ നടന്നത്.
മാനുഷിക സഹായങ്ങള്‍ ഗസയിലെത്തിക്കുന്നതിനായി മറ്റ് മധ്യസ്ഥരുമായും അന്താരാഷ്ട്ര പങ്കാളികളുമായും തുര്‍ക്കി നടത്തുന്ന ഏകോപനവും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഫലസ്തീനിനും ഫലസ്തീന് ജനതയ്ക്കുമുള്ള തുര്‍ക്കിയുടെ പിന്തുണ കാലിന് ആവര്‍ത്തിച്ച് വ്യക്തമാക്കി.
ഇസ്രഈലിന്റെ തുടര്‍ച്ചയായ ആക്രമണങ്ങളെയും കുടിയൊഴിപ്പിക്കല്‍ പദ്ധതികളെയും നേരിടാന്‍ ഏകീകൃത ഫലസ്തീന് രാഷ്ട്രീയ സംവിധാനം രൂപീകരിക്കണമെന്ന് അല്‍ ഹയ്യ ആവശ്യപ്പെട്ടതിന് പിന്നാലെയാണ് കൂടിക്കാഴ്ച നടന്നത്.
അതേസമയം വെടിനിര്‍ത്തല്‍ കരാര്‍ നിലനില്‍ക്കുമ്പോഴും മധ്യ ഗസയില്‍ വിവിധ ഡ്രോണ്‍ ആക്രമണങ്ങളില്‍ ഏഴ് ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ദേര്‍ അല്‍ ബലാഹിലെ ബുറൈജ് അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ നാല് ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. ക്യാമ്പിനുള്ളിലെ സാധാരണക്കാരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
ദേര്‍ അല്‍ ബലാഹ് നഗരത്തിന്റെ പ്രവേശന കവാടത്തിന് സമീപമുണ്ടായ മറ്റൊരു ഡ്രോണ്‍ ആക്രമണത്തില്‍ രണ്ടുപേരും, നുസൈറാത്ത് അഭയാര്‍ത്ഥി ക്യാമ്പിലുണ്ടായ ആക്രമണത്തില്‍ ഒരാളും കൊല്ലപ്പെട്ടു.
പരിക്കേറ്റവരെ മധ്യ ഗസയിലെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവനക്കാരുടെയും മെഡിക്കല്‍ ഉപകരണങ്ങളുടെയും കടുത്ത ക്ഷാമം കാരണം ആശുപത്രികള്‍ പരിമിതമായ ശേഷിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Content Highlight: Israel’s violation of the ceasefire in Gaza; Turkey pledges all forms of assistance
