തിരുവനന്തപുരം: മുഖ്യമന്ത്രി കൂടിയാലോചനകളില്ലാതെ ഏകപക്ഷീയമായി തീരുമാനങ്ങളെടുക്കുന്നുവെന്ന മാധ്യമവാർത്തകൾ തള്ളി ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരൻ. താൻ എപ്പോഴും നേരെ അമ്പെയ്യുന്നയാളാണെന്നും ഒളിയമ്പുകൾ എയ്യുന്ന ശീലമില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.

സർക്കാർ ചെയ്യുന്ന ഒട്ടേറെ നല്ല കാര്യങ്ങൾ ഇത്തരം അനാവശ്യ വിവാദങ്ങൾ കാരണം പുകമറയിലാകുകയാണ്. ആരും പരസ്യമായി രംഗത്തുവരാത്ത വിഷയങ്ങളിൽ മാധ്യമങ്ങൾ ഓരോ പക്ഷം ചേർന്ന് വാർത്തകൾ നൽകുകയാണെന്ന് അദ്ദേഹം പറഞ്ഞു.

ഇത്തരം കാര്യങ്ങൾക്ക് ഇനി പ്രാധാന്യം നൽകേണ്ടതില്ലെന്നും സർക്കാരിന്റെ വികസന പദ്ധതികളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ച് ഒറ്റക്കെട്ടായി മുന്നോട്ട് പോകാനുമാണ് എല്ലാവരും ചേർന്ന് തീരുമാനിച്ചിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി.

കോൺഗ്രസിന് ഉണർവില്ലെന്ന വിമർശനങ്ങളെയും മന്ത്രി തള്ളിക്കളഞ്ഞു. പാർട്ടി ഉറങ്ങിക്കിടക്കുകയായിരുന്നെങ്കിൽ 102 സീറ്റുകൾ ലഭിക്കില്ലായിരുന്നു. മുന്നണിയും സർക്കാരും ഇനിയും ഒറ്റക്കെട്ടായി മുന്നോട്ട് പോകും. ഈ സർക്കാർ അധികാരത്തിൽ വന്നശേഷം എല്ലാ ബുധനാഴ്ചകളിലും കൃത്യമായി മന്ത്രിസഭായോഗം ചേരുകയും മുഖ്യമന്ത്രി തന്നെ തീരുമാനങ്ങൾ മാധ്യമങ്ങളോട് വിശദീകരിക്കുകയും ചെയ്യുന്നുണ്ട്. അത്രത്തോളം ചിട്ടയായാണ് കാര്യങ്ങൾ നടക്കുന്നതെന്നും മുരളീധരൻ പറഞ്ഞു.

‘ജനാധിപത്യ പ്രസ്ഥാനങ്ങളിൽ സ്വാഭാവികമായും അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകും, അവ പരിഹരിച്ചാണ് മുന്നോട്ട് പോകുന്നത്. പി.എസ്.സി ലിസ്റ്റ് സംബന്ധിച്ച് ഒരു പേരിൽ ചെറിയ സംശയമുണ്ടായപ്പോൾ മുഖ്യമന്ത്രി ദൽഹിയ്‌ക്ക് പോകുന്നതിന് മുൻപ് തന്നെ അത് പരിഹരിച്ച് ഗവർണർക്ക് ഫയൽ അയച്ചിട്ടുണ്ട്. ഗവർണറുടെ അനുമതി ലഭിക്കുന്നതോടെ അഞ്ച് പേരുടെയും നിയമന ഉത്തരവ് പുറത്തിറങ്ങും.

ചരിത്രത്തിൽ ഇല്ലാത്തവിധം പി.എസ്.സി അംഗങ്ങളെയും ഗവൺമെന്റ് പ്ലീഡർമാരെയും കോൺഗ്രസിന് ലഭിച്ചിട്ടുണ്ട്. ഇത്തരം പോസിറ്റീവ് കാര്യങ്ങൾ ചർച്ച ചെയ്യപ്പെടാതെ നെഗറ്റീവ് കാര്യങ്ങൾ മാത്രം പ്രചരിപ്പിക്കപ്പെടുന്നത് ദൗർഭാഗ്യകരമാണെന്നും’ അദ്ദേഹം പറഞ്ഞു.

മറ്റു വിഷയങ്ങൾ കെ.പി.സി.സി പ്രസിഡന്റും മുഖ്യമന്ത്രിയും ചേർന്ന് തീരുമാനിക്കുമെന്നും അതിൽ താൻ അഭിപ്രായം പറയേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഫേസ്‌ക്രീം ഉപയോഗിച്ചതിനെ തുടർന്ന് പെൺകുട്ടിക്ക് വൃക്കരോഗം സ്ഥിരീകരിച്ച സംഭവത്തിലും മന്ത്രി പ്രതികരിച്ചു. ഓൺലൈൻ വഴി വാങ്ങുന്ന ഉത്പ്പന്നങ്ങൾ എവിടെ നിർമിച്ചതാണെന്ന് ഉപഭോക്താക്കൾ കൃത്യമായി പരിശോധിക്കണം. സർക്കാർ അംഗീകരിച്ച സുരക്ഷിതമായ ക്രീമുകൾ വിപണിയിലുണ്ട്. ക്രീം തേച്ചതുകൊണ്ട് മാത്രം സൗന്ദര്യം ഉണ്ടാകില്ലെന്നും വാങ്ങുന്നവരും ഉപയോഗിക്കുന്നവരും കൂടുതൽ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം ഓർമിപ്പിച്ചു.

ഇത്തരം സൗന്ദര്യവർധക വസ്തുക്കൾ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ (ഫുഡ് ആൻഡ് സേഫ്റ്റി) പരിധിയിൽ വരുന്നതല്ലെങ്കിലും പരാതികൾ ലഭിക്കുന്ന മുറയ്ക്ക് സർക്കാർ കർശന നടപടി സ്വീകരിക്കും. ഇത്തരം ഉത്പന്നങ്ങളുടെ വിപണനത്തിലും ഉപയോഗത്തിലും കൃത്യമായ നിയന്ത്രണം അനിവാര്യമാണെന്നും അക്കാര്യത്തിൽ സർക്കാർ ഉചിതമായ തീരുമാനമെടുക്കുമെന്നും മന്ത്രി ഉറപ്പുനൽകി.

Content Highlight:“I only shoot arrows straight; I am not in the habit of shooting arrows from the shadows”—K. Muraleedharan asserts that there are no rifts within the government.