രാംചരൺ നായകനായെത്തിയ ബുച്ചി ബാബു സനയുടെ ‘പെദ്ദി’യിലെ സ്പെഷ്യൽ ഡാൻസായ ‘ഹല്ലെല്ലല്ലോ’ വീണ്ടും ചർച്ചയാകുന്നു. ചിത്രത്തിലെ ജാൻവി കപൂറിന്റെ കഥാപാത്രമായ അച്ചിയമ്മയെ അവതരിപ്പിച്ച രീതിയും ചില രംഗങ്ങളിലെ അമിതമായ ലൈംഗികവത്ക്കരണവും വലിയ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ചിത്രത്തിലെ ഗാനരംഗത്തിൽ രാംചരണിനും ജാൻവി കപൂറിനുമൊപ്പം അതിഥിവേഷത്തിലെത്തിയ ശ്രുതി ഹാസൻ ഇപ്പോൾ സ്പെഷ്യൽ സോങ്ങുകളെക്കുറിച്ചും സിനിമകളിലെ ഗ്ലാമർ അവതരണത്തെക്കുറിച്ചും പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. ഗലാട്ട പ്ലസ്സിന് നൽകിയ അഭിമുഖത്തിലാണ് ഐറ്റം ഡാൻസിനെ കുറിച്ചുള്ള തന്റെ നിലപാട് താരം വ്യക്തമാക്കിയത്.

സ്പെഷ്യൽ ഡാൻസ് നമ്പറുകൾ സിനിമകളിൽ ആവശ്യമുണ്ടോ എന്ന ചോദ്യം താനും എപ്പോഴും ഉന്നയിക്കാറുണ്ടെന്നാണ് ശ്രുതി പറയുന്നത്. എന്നാൽ നൃത്തം ചെയ്യാനും ഒരുങ്ങാനും തനിക്ക് ഇഷ്ടമാണെന്നും അതുകൊണ്ടുതന്നെ അത്തരം ഗാനങ്ങളിൽ അഭിനയിക്കുന്നതിൽ വ്യക്തിപരമായി സന്തോഷമുണ്ടെന്നും താരം വ്യക്തമാക്കി.

‘എനിക്ക് നൃത്തം ചെയ്യാൻ ഇഷ്ടമാണ്. ഒരുങ്ങാനും ഇഷ്ടമാണ്. മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ വേണ്ടി ഞാൻ ഒന്നും ചെയ്യാറില്ല. എനിക്ക് സൗകര്യമില്ലാത്ത എന്തെങ്കിലും ചെയ്യാൻ പറഞ്ഞാൽ അത് ചെയ്യില്ലെന്ന് തുറന്നുപറയും. ഞാൻ ഒരു വസ്ത്രം ധരിക്കുന്നുണ്ടെങ്കിൽ അതിൽ എനിക്ക് പൂർണമായും താത്പര്യമുണ്ടെന്ന് ഉറപ്പിക്കാം. അസ്വസ്ഥതയുണ്ടെങ്കിൽ ഞാൻ അത് ചെയ്യില്ല. ഇക്കാര്യത്തിൽ പലപ്പോഴും തർക്കിക്കേണ്ടി വന്നിട്ടുണ്ട്. ഇക്കാര്യത്തിൽ എതിർപ്പ് പറഞ്ഞതിന്റെ പേരിൽ എന്നെ ബുദ്ധിമുട്ടുള്ള ആളായി മുദ്രകുത്തിയിട്ടുണ്ട്. അതിൽ എനിക്ക് പ്രശ്നമില്ല’, ശ്രുതി പറഞ്ഞു.

സെക്സിയായി പ്രത്യക്ഷപ്പെടുന്നതിൽ തനിക്ക് സന്തോഷമുണ്ടെന്നും എന്നാൽ അത് മറ്റുള്ളവരുടെ കാഴ്ചപ്പാടുകൾക്ക് അനുസരിച്ച് ചെയ്യുന്നതല്ലെന്നും ശ്രുതി വ്യക്തമാക്കി. ഐറ്റം സോങ്ങുകളിൽ മാത്രമാണോ ഇത്തരം പ്രവണതകളുള്ളതെന്നും താരം ചോദിച്ചു.

‘നൃത്തം ചെയ്യുന്നതും കൊറിയോഗ്രഫി ചെയ്യുന്നതും സെക്സിയായി പ്രത്യക്ഷപ്പെടുന്നതും എനിക്ക് ഇഷ്ടമാണ്. എന്നാൽ അത് മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ വേണ്ടിയല്ല. ഐറ്റം സോങ്ങുകളിൽ മാത്രമാണോ ഇത്തരം കാര്യങ്ങൾ നടക്കുന്നത്? പല രീതികളിലും നമ്മൾ മറ്റുള്ളവരുടെ പ്രതീക്ഷകൾക്കനുസരിച്ച് പ്രവർത്തിക്കുന്നുണ്ട്. ഐറ്റം സോങ്ങുകളിലെ ചെറിയ വസ്ത്രങ്ങൾ മാത്രമല്ല ഇതിന്റെ ഭാഗം. നമ്മൾ ജീവിക്കുന്നത് തന്നെ അത്തരമൊരു ലോകത്താണ്. അതിൽ ഏതിനെ തെരഞ്ഞെടുക്കണം, ഏതിൽ നിന്ന് മാറിനിൽക്കണം എന്നത് ഓരോരുത്തരുടെയും തീരുമാനമാണ്’, ശ്രുതി കൂട്ടിച്ചേർത്തു.

അതേസമയം, പെദ്ദിയിലെ ജാൻവി കപൂറിന്റെ അനുഭവത്തെക്കുറിച്ച് പ്രതികരിക്കാനും ശ്രുതി തയ്യാറായില്ല. മറ്റൊരു സ്ത്രീയുടെ അനുഭവത്തെക്കുറിച്ച് തനിക്ക് സംസാരിക്കാനാകില്ലെന്നും ഓരോരുത്തർക്കും അവരുടേതായ അനുഭവങ്ങളും ഒപ്പം നിൽക്കുന്ന ടീമും ഉണ്ടെന്നും താരം പറഞ്ഞു. ചില രംഗങ്ങളിൽ ചിത്രീകരണത്തിനിടെ കാര്യങ്ങൾ നിയന്ത്രണത്തിൽ നിന്ന് മാറിപ്പോകാറുണ്ടെന്നും അത്തരം സാഹചര്യങ്ങൾ ഒഴിവാക്കാൻ തന്റെ ടീമുമായി കൃത്യമായ ധാരണയുണ്ടാക്കാറുണ്ടെന്നും ശ്രുതി വ്യക്തമാക്കി.

പെദ്ദിയിലെ തന്റെ കഥാപാത്രമായ അച്ചിയമ്മയുടെ അവതരണത്തെക്കുറിച്ച് ജാൻവി കപൂറും നേരത്തെ പ്രതികരിച്ചിരുന്നു. ‘കോഫി വിത്ത് കരൺ’ പരിപാടിയിൽ സംസാരിക്കവെ, അത്തരം രംഗങ്ങൾ സമൂഹത്തിൽ ഉണ്ടാക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് തനിക്ക് കുറ്റബോധമുണ്ടെന്ന് ജാൻവി പറഞ്ഞിരുന്നു. കൂടുതൽ ജാഗ്രത പുലർത്താമായിരുന്നുവെന്നും എതിർപ്പ് അറിയിക്കാൻ കൂടുതൽ ശ്രമിക്കാമായിരുന്നുവെന്നും താരം സമ്മതിച്ചു. ഇനി അത്തരം സാഹചര്യം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും ജാൻവി വ്യക്തമാക്കിയിരുന്നു.

Content Highlight:  Actress Shruti Haasan has clarified her stance regarding the ‘item dance’ in the film Peddi