ദുൽഖർ സൽമാൻ നായകനായെത്തി പവൻ സാദിനേനി സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ആകാശത്തിൽ ഒരു താരകം മികച്ച പ്രതികരണങ്ങളോടെ മുന്നേറുകയാണ്. ചിത്രത്തിൽ ദുൽഖറിന്റെ ചേച്ചിയുടെ കഥാപാത്രമായി വേഷമിട്ടത് മലയാള നദി സ്വാസികയായിരുന്നു. ഇപ്പോഴിതാ സിനിമ കണ്ടിറങ്ങിയപ്പോൾ തനിക്ക് വലിയ സന്തോശമുണ്ടെന്ന് പറയുകയാണ് നടി സ്വാസിക. സിനിമ മലയാളി പ്രേക്ഷകർ ഏറ്റെടുത്തതിലും തിയേറ്റർ വിസിറ്റ് നടത്താൻ അവസരം ലഭിച്ചതിലും സന്തോഷമുണ്ടെന്ന് താരം പറഞ്ഞു.

മലയാളത്തിൽ അടുത്തിടെ സിനിമകൾ ചെയ്യാൻ കഴിയാത്തതിനാൽ തിയേറ്റർ വിസിറ്റുകൾ നടത്തിയിരുന്നില്ലെന്നും രണ്ട് വർഷമായി മലയാളത്തിൽ അവസരങ്ങളൊന്നും വന്നിട്ടില്ലെന്നും സ്വാസിക പറയുന്നു. സിനിമയുടെ ഭാഗമായി കൊച്ചിയിലെ തിയേറ്റർ വിസിറ്റിനിടെയായിരുന്നു നടിയുടെ പ്രതികരണം. തുടർച്ചയായി തമിഴ്,തെലുങ്ക് സിനിമകളിൽ സജീവമാണ് താരം.

ആകാശത്തിൽ ഒരു താരകം. photo. Screen Grab/ Yooutube

‘ഈ സിനിമ കമ്മിറ്റ് ചെയ്യുമ്പോൾ തന്നെ മലയാളത്തിൽ നന്നായി വർക്ക് ആകുമെന്ന് പ്രതീക്ഷിച്ചിരുന്നു. സിനിമയുടെ സബ്ജക്ട് അങ്ങനെയാണല്ലോ. റിലീസ് ചെയ്ത് ആദ്യ ദിവസം മുതൽ മലയാളികളുടെ റിവ്യൂ കണ്ടപ്പോൾ വലിയ സന്തോഷമായി. എത്ര മനോഹരമായാണ് പ്രേക്ഷകർ ഈ സിനിമ ഏറ്റെടുത്തത്. പക്ഷേ ഒരു തെലുങ്ക് സിനിമയുടെ ഭാഗമായി തിയേറ്റർ വിസിറ്റ് നടത്താൻ അവസരം കിട്ടുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല. അടുത്തിടെ മലയാളത്തിൽ സിനിമകൾ ചെയ്യാത്തതുകൊണ്ട് തിയേറ്റർ വിസിറ്റുകൾ നടത്തിയിരുന്നില്ല. ഈ അവസരം എനിക്ക് വലിയ സന്തോഷം നൽകി. ഇങ്ങനെയൊരു അവസരം ഒരുക്കിത്തന്ന ദുൽഖറിന് നന്ദി,’ സ്വാസിക പറഞ്ഞു.

എല്ലാ പ്രായത്തിലുള്ളവർക്കും ഇഷ്ടപ്പെടുന്ന സിനിമയാണിതെന്നും മോട്ടിവേഷണൽ സിനിമകളുടെ പട്ടികയിൽ ഇനി ഈ ചിത്രവും ഇടംപിടിക്കുമെന്നാണ് പ്രതീക്ഷയെന്നും താരം പറഞ്ഞു. മലയാളത്തിൽ ഇത്തരമൊരു സിനിമയുടെ ഭാഗമായി തിയേറ്റർ വിസിറ്റ് നടത്താൻ ആഗ്രഹിച്ചിരുന്നെങ്കിലും അതിന് കഴിഞ്ഞിരുന്നില്ലെന്നും സ്വാസിക കൂട്ടിച്ചേർത്തു.

മലയാളത്തിൽ അവസരങ്ങൾ ലഭിക്കാത്തതിനെക്കുറിച്ച് ചോദിച്ചപ്പോൾ അതിൽ നിരാശയുണ്ടെന്ന് താരം തുറന്നുപറഞ്ഞു. അടുത്ത സിനിമയും തമിഴിലാണെന്നും മലയാളത്തിൽ അവസരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നതെന്നും സ്വാസിക പറഞ്ഞു.

‘മലയാളത്തിൽ എനിക്ക് സിനിമകൾ കിട്ടുന്നില്ല. രണ്ട് വർഷമായിട്ട് അവസരങ്ങളൊന്നും വന്നിട്ടില്ല. ഇവിടെത്തെ സംവിധായകർക്ക് എന്നെ വേണ്ടെന്ന് തോന്നുന്നു. അല്ലെങ്കിൽ മലയാള സിനിമയ്ക്ക് എന്നെ വേണ്ടായിരിക്കും. ഞാൻ എന്ത് പറയാനാണ്? അവസരങ്ങൾ കിട്ടിയാൽ ഉറപ്പായും ചെയ്യും. ചെയ്യാതെ മാറിനിൽക്കുന്നതല്ല. കിട്ടട്ടെ എന്ന പ്രതീക്ഷയിലാണ് മുന്നോട്ടുപോകുന്നത്,’ സ്വാസിക പറഞ്ഞു.

ദുൽഖർ സൽമാന്റെ ചേച്ചിയായി അഭിനയിക്കുന്നതിനെക്കുറിച്ച് പ്രത്യേകിച്ച് ചിന്തിച്ചിരുന്നില്ലെന്നും കഥാപാത്രവും കഥയും ഇഷ്ടപ്പെട്ടതുകൊണ്ടാണ് സിനിമ ഏറ്റെടുത്തതെന്നും താരം വ്യക്തമാക്കി.

ആകാശത്തിൽ ഒരു താരകം. photo. IMDb

‘ഒരു പാൻ ഇന്ത്യൻ സ്റ്റാറിന്റെ ചേച്ചിയായി അഭിനയിക്കുകയാണെന്നൊന്നും ഞാൻ ചിന്തിച്ചില്ല. കഥ കേട്ടപ്പോൾ ഇഷ്ടപ്പെട്ടു. നല്ലൊരു കഥാപാത്രമാണെന്ന് തോന്നിയപ്പോൾ ചെയ്യാമെന്ന് തീരുമാനിച്ചു. എനിക്ക് വലിയ ഇമേജ് കോൺഷ്യസ് ഒന്നുമില്ല. ചേച്ചിയായാലും അമ്മയായാലും അമ്മൂമ്മയായാലും നല്ല കഥാപാത്രമാണെങ്കിൽ ചെയ്യാം,’ സ്വാസിക കൂട്ടിച്ചേർത്തു.

Content Highlight: Actress Swasika says she feels immense joy after spotting a star in the sky.