ന്യൂദല്‍ഹി: ഓക്‌സ്ഫഡ് സര്‍വകലാശാലയിലുള്‍പ്പെടെ പ്രഭാഷണം നടത്തുന്നതിനായി ലണ്ടനിലേക്ക് പോകാനെത്തിയ കോക്രോച്ച് ജനതാ പാര്‍ട്ടി (സി.ജെ.പി) സഹകണ്‍വീനറും മാധ്യമപ്രവര്‍ത്തകനുമായ സൗരവ് ദാസിനെ ദല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ തടഞ്ഞുവെച്ചു.

പുലര്‍ച്ചെ ഒരു മണിക്കുള്ള ലണ്ടന്‍ വിമാനത്തില്‍ കയറുന്നതിന് മുന്നോടിയായി ഇമിഗ്രേഷന്‍ കൗണ്ടറിലെത്തിയപ്പോഴാണ് തന്റെ പാസ്പോര്‍ട്ട് തടഞ്ഞുവെച്ചിരിക്കുകയാണെന്ന് (ഉദ്യോഗസ്ഥര്‍ അറിയിച്ചതെന്ന് സൗരവ് ദാസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെ വ്യക്തമാക്കി.

യാത്ര തടഞ്ഞതിന് പിന്നില്‍ കേന്ദ്ര സര്‍ക്കാരാണെന്നും പ്രമുഖ സര്‍വകലാശാലകളില്‍ താന്‍ സംസാരിക്കുന്നതിനെ ഭയപ്പെടുന്ന ‘ഭീരുക്കളായ സര്‍ക്കാരാണ്’ യാത്ര തടസപ്പെടുത്തിയതെന്നും, ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ വലിയ താത്പര്യത്തോടെ സംഘടിപ്പിച്ച പരിപാടികളാണിതെന്നും അദ്ദേഹം
പറഞ്ഞു.

ഓക്‌സ്ഫഡ്, കേംബ്രിഡ്ജ്, ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സ് , എഡിന്‍ബര്‍ഗ് സര്‍വകലാശാല എന്നിവിടങ്ങളില്‍ ‘കോക്രോച്ച് മൂവ്മെന്റിനെ’ കുറിച്ച് സംസാരിക്കാനാണ് തനിക്ക് ക്ഷണം ലഭിച്ചതെന്ന് സൗരവ് ദാസ് പറഞ്ഞു.

ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ സംഘടിപ്പിച്ച പാനല്‍ ചര്‍ച്ചയില്‍ പങ്കെടുക്കാനാണ് താന്‍ ലണ്ടനിലേക്ക് തിരിച്ചതെന്നും, വിദ്യാഭ്യാസമുള്ള ചെറുപ്പക്കാര്‍ ബൗദ്ധിക ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിനെ സര്‍ക്കാര്‍ ഭയപ്പെടുകയാണെന്നും സൗരവ് ദാസ് ആരോപിച്ചു.

‘അഭ്യസ്തവിദ്യരായ യുവാക്കള്‍ വിദ്യാസമ്പന്നര്‍ക്കിടയിലേക്ക് പോയി ബൗദ്ധികമായ ചര്‍ച്ചകള്‍ നടത്തുന്നതിനെ സര്‍ക്കാര്‍ എന്തിനാണ് ഇത്രയധികം ഭയപ്പെടുന്നത്? ഞാന്‍ നീരവ് മോദിയോ വിജയ് മല്യയോ ആയിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചുപോകുന്നു. ബാങ്കുകളില്‍ നിന്ന് ആയിരക്കണക്കിന് കോടികള്‍ കൊള്ളയടിച്ചിരുന്നെങ്കില്‍ ഈ സര്‍ക്കാര്‍ എന്നെ പോവാന്‍ അനുവദിച്ചേനെ,’ അദ്ദേഹം പരിഹസിച്ചു.

സംഭവത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷമായ ഭാഷയിലാണ് സി.ജെ.പി സ്ഥാപകന്‍ അഭിജീത് ദിപ്‌കെ പ്രതികരിച്ചത്. ലോകം ചുറ്റാന്‍ ഇഷ്ടപ്പെടുന്ന അധികാരത്തിലിരിക്കുന്ന ചില നിരക്ഷരര്‍ക്ക്, സൗരവിന് ഓക്‌സ്‌ഫോര്‍ഡില്‍ നിന്ന് ക്ഷണം ലഭിച്ചതിലുള്ള അസൂയയാണെന്നും അത് കാരണമാണ് യാത്ര തടഞ്ഞതെന്നും ദിപ്‌കെ പറഞ്ഞു. വിദ്യാസമ്പന്നരുടെ ശബ്ദത്തെ നിശബ്ദമാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എക്‌സിലൂടെയായിരുന്നു ദീപ്‌കെയുടെ പ്രതികരണം.

അതേസമയം, യാത്ര തടഞ്ഞതിനെക്കുറിച്ച് ഇമിഗ്രേഷന്‍ അധികൃതരോ കേന്ദ്ര സര്‍ക്കാരോ ഇതുവരെ ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല. ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥരാണ് നടപടിയെടുത്തതെന്നും ഇക്കാര്യത്തെക്കുറിച്ച് അറിവില്ലെന്നുമാണ് ദല്‍ഹി പൊലീസ് ഹിന്ദുസ്ഥാന്‍ ടൈംസിനോട് പ്രതികരിച്ചത്.

രണ്ട് മാസത്തിനിടെ ഇത് രണ്ടാം തവണയാണ് സൗരവ് ദാസ് വിമാനത്താവളത്തില്‍ തടയപ്പെടുന്നത്. നേരത്തെ ഒക്ടോബര്‍ 10-ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ മുംബൈയില്‍ നിന്ന് ദല്‍ഹിയിലെത്തിയ സൗരവ് ദാസ്, അഭിജീത് ദിപ്‌കെ, അശുതോഷ് റാങ്ക എന്നിവരെ വിമാനത്താവളത്തില്‍ വെച്ച് തടഞ്ഞിരുന്നു.

Content Highlight: The cowardly government fears the voices of the educated; had it been Vijay Mallya or Nirav Modi, they would have been allowed to leave: Sourav Das