കോട്ടയം: പള്ളി പെരുന്നാളിനിടെ അയ്യപ്പ ഭക്തി ഗാനം പാടിയത് തടയാന്‍ ശ്രമിച്ചയാളെ ഇറക്കിവിട്ട് പള്ളി കമ്മിറ്റി. വീണ്ടും അയ്യപ്പ ഭക്തിഗാനം പാടാന്‍ ആവശ്യപ്പെടുകയും ചെയ്തു. കോട്ടയം കിഴയാര്‍ പള്ളിയിലാണ് സംഭവം.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചതോടെ വലിയ കൈയ്യടിയാണ് ലഭിക്കുന്നത്. ഒരു പാട്ടിനോട് പോലും അസഹിഷ്ണുത കാണിക്കുന്നവര്‍ക്ക് ചുട്ടമറുപടിയാണ് പള്ളി കമ്മിറ്റി നല്‍കിയതെന്ന തരത്തിലാണ് അഭിപ്രായങ്ങള്‍ വരുന്നത്.

അരുണ്‍ കൃഷ്ണ എന്നയാളാണ് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത്. വേദിയില്‍ പള്ളിക്കെട്ട് ശബരിമലയ്ക്ക് എന്ന ഗാനം പാടുന്നതിനിടെ ഒരാള്‍ വേദിയിലേക്ക് കയറി വന്ന് ഇവിടെ ക്രിസ്തീയ ഗാനങ്ങള്‍ മാത്രം പാടിയാല്‍ മതിയെന്ന് പറഞ്ഞ് ഗായകനെ തടയുകയായിരുന്നു.

എന്നാല്‍ സദസിലുള്ളയാളുകള്‍ തടസം സൃഷ്ടിച്ച വ്യക്തിയെ കൂകി ഇറക്കി വിടുകയും ഇയാള്‍ ഈ നാട്ടുകാരനല്ലെന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം. പിന്നാലെ പള്ളിയിലെ അച്ചന്റെ ആവശ്യപ്രകാരം പള്ളിക്കെട്ട് അടക്കമുള്ള അഞ്ച് ഗാനങ്ങള്‍ വേദിയില്‍ പാടി. കൂടാതെ പമ്പാ ഗണപതി എന്ന ഗാനവും പാടിയിരുന്നു.

 

Content Highlight: A fitting response to intolerance: Locals oust a man who tried to stop the singing of Ayyappa devotional songs during a church festival; the priest ensures five such songs—including one about Pamba Ganapathi—are sung at the church.