ലഖ്‌നൗ: സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവരെ പണം, ചികിത്സാ സഹായം, വിദ്യാഭ്യാസ പിന്തുണ എന്നിവ വാഗ്ദാനം ചെയ്ത് ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്യാൻ ശ്രമിച്ചെന്ന ആരോപണത്തിൽ ഉത്തർപ്രദേശിലെ അമേഠി ജില്ലയിൽ പത്ത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ നിന്നുള്ള മൂന്ന് ദമ്പതികളും ഒരു അച്ഛനും മകളും ഉൾപ്പെടുന്ന സംഘമാണ് പിടിയിലായത്.

അമേഠി സ്വദേശികളായ രാജ്കുമാർ എന്ന ജോയൽ , ഭാര്യ സൂര്യകല എന്ന മാർത്ത , യു.പിയിലെ അസംഗഢിൽ നിന്നുള്ള കനയ്യ ബിന്ദ് എന്ന സാംസൺ , മഹാരാഷ്ട്ര സ്വദേശികളായ ശ്രീനിവാസൻ ഡാനിയൽ , മകൾ ദിവ്യ ഡാനിയൽ , റോയൽ റോഡ്രിഗസ് , ഭാര്യ റീത്ത റോഡ്രിഗസ് , ഒഡീഷ സ്വദേശികളായ മഹിപാൽ സിങ് ബിന്ദ് എന്ന വില്യം , ഭാര്യ എൽവിന വില്യംസ് , പ്രകാശ് റാവു എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഇവർക്കെതിരെ ഉത്തർപ്രദേശ് നിയമവിരുദ്ധ മതപരിവർത്തന നിരോധന നിയമത്തിലെ സെക്ഷൻ 3, 5(1) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പ്രതികളുടെ പക്കൽ നിന്ന് മതപരിവർത്തനവുമായി ബന്ധപ്പെട്ട നാല് പുസ്തകങ്ങൾ കണ്ടെടുത്തതായും അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.

അമേഠിയിലെ സിന്ദൂർവ ഗ്രാമത്തിലെ പട്ടികജാതി വിഭാഗത്തിലുള്ളവരെ സമീപിച്ച് ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്ത് കൂട്ടമതപരിവർത്തനത്തിന് പ്രേരിപ്പിക്കുന്നതായി പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ദ്വിദിന പരിപാടിയുടെ ഭാഗമായി 20-25 പേർ ഒത്തുകൂടിയ ഒരു വീട്ടിൽ തിങ്കളാഴ്ച പൊലീസ് പരിശോധന നടത്തുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

പിടിയിലായ സംഘം കഴിഞ്ഞ ആറ് വർഷമായി സജീവമാണെന്നും മുൻപും മതപരിവർത്തനങ്ങൾക്ക് സൗകര്യമൊരുക്കിയിട്ടുണ്ടെന്നും അമേഠി പൊലീസ് സൂപ്രണ്ട് ശരവണൻ ടി പറഞ്ഞു.

മുംബൈയിൽ രജിസ്റ്റർ ചെയ്ത റിവൈവൽ ചർച്ച് എന്ന സംഘടനയുമായി ഇവർക്ക് ബന്ധമുണ്ടെന്നും ഉത്തരാഖണ്ഡ്, പഞ്ചാബ്, ഝാർഖണ്ഡ്, ഒഡീഷ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലും ഇവർ പ്രവർത്തിച്ചിരുന്നതായും പൊലീസ് വ്യക്തമാക്കി.

സംഘത്തിന്റെ ഫണ്ടിന്റെ ഉറവിടം കണ്ടെത്തുന്നതിനായി സാമ്പത്തിക ഇടപാടുകൾ പരിശോധിച്ചുവരികയാണെന്നും റിവൈവൽ ചർച്ചിന്റെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ആദായനികുതി വകുപ്പിന് കത്തയക്കുമെന്നും എസ്.പി കൂട്ടിച്ചേർത്തു.

Content Highlight:Attempt to convert religion by offering money and medical aid; ten arrested in U.P.