അനിയത്തിപ്രാവിലൂടെ മലയാളികളുടെ പ്രിയങ്കരനായി മാറി, കാൽനൂറ്റാണ്ടിലേറെയായി സിനിമാസ്വാദകരുടെ മനസിൽ ഇടംപിടിച്ച താരമാണ് കുഞ്ചാക്കോ ബോബൻ. റൊമാന്റിക് ഹീറോയിൽ നിന്ന് വില്ലൻ, സഹനടൻ തുടങ്ങി അഭിനയത്തിന്റെ വേറിട്ട തലങ്ങളിലേക്ക് വളർന്ന നടന്മാരിൽ ഒരാൾ കൂടിയാണ് അദ്ദേഹം.

എന്നാൽ ഇപ്പോഴിതാ സാധാരണക്കാരുടെ ജീവിതസാഹചര്യങ്ങളിൽ നിന്ന് അകന്നാണ് താൻ ജീവിച്ചിരുന്നതെന്ന പലരുടെയും ധാരണ തെറ്റാണെന്ന് പറയുകയാണ് നടൻ കുഞ്ചാക്കോ ബോബൻ. സാധാരണക്കാരുടെ ഇടയിൽ നിന്ന് വന്ന, അവരുടെ ജീവിതത്തിലെ സന്തോഷങ്ങളും ദുഖങ്ങളും അനുഭവിച്ചിട്ടുള്ള ഒരാളാണ് താനെന്നും നടൻ പറയുന്നു. സിനിമകളിലെ ചോക്ലേറ്റ് ബോയ് ഇമേജിനപ്പുറം തന്റെ ജീവിതം സാധാരണക്കാരന്റേതായിരുന്നു എന്നും അദ്ദേഹം മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കുഞ്ചാക്കോ ബോബൻ. Photo. Fcebook.com

‘പലർക്കും എന്നെക്കുറിച്ചുള്ള ഒരു തെറ്റിദ്ധാരണയാണ് ഞാൻ സാധാരണ ജീവിതം നയിച്ചിട്ടില്ല എന്നുള്ളത്. സാധാരണക്കാരുടെ കൂടെ ഇടപഴകിയിട്ടില്ല, അവരുടെ തലത്തിൽ അല്ല എന്റെ ജീവിതം ഉണ്ടായിരുന്നത് എന്നൊക്കെയുള്ള ധാരണയുണ്ട്. എന്നാൽ ഞാൻ ഇതുപോലെ സാധാരണക്കാരായ ആളുകളുടെ ഇടയിൽ നിന്ന് വന്നിട്ടുള്ള ആളാണ്.

പണ്ട് മരപ്പലകകൾ കൊണ്ട് അടച്ചുവെച്ചിട്ടുള്ള പലചരക്ക് കടകളിൽ പോയി സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. കാത്തുനിന്ന് സാധനങ്ങൾ വാങ്ങിയിട്ടുണ്ട്. ഓട്ടോറിക്ഷയിൽ സ്കൂളിൽ പല കുട്ടികളുടെ കൂടെ യാത്ര ചെയ്തിട്ടുണ്ട്. കോളേജിൽ പോകുമ്പോൾ സാധാരണക്കാരുടെ ഏറ്റവും വലിയ ലക്ഷ്വറി വാഹനമായ കെ.എസ്.ആർ.ടിസി ബസിലും യാത്ര ചെയ്തിട്ടുണ്ട്. ഇതൊക്കെ ഞാൻ ചെയ്തിട്ടുള്ളതാണ്. സാധാരണ ജീവിതം നയിച്ചിട്ടുള്ള ഒരാളാണ് ഞാൻ. സിനിമയിൽ കാണുന്നതുപോലെയുള്ള ഗ്ലാമർ ജീവിതമല്ല എന്റെ ജീവിതത്തിൽ അധികവും സംഭവിച്ചിട്ടുള്ളത്’, കുഞ്ചാക്കോ ബോബൻ പറഞ്ഞു.

‘അനിയത്തിപ്രാവ്’ പോലുള്ള സിനിമകളും ചോക്ലേറ്റ് ബോയ് കഥാപാത്രങ്ങളും തന്നെ മറ്റൊരു ഇമേജിൽ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും സാധാരണ ജീവിതം ആസ്വദിച്ചിട്ടുള്ള വ്യക്തിയാണ് താനെന്നും താരം പറയുന്നു. അത്തരത്തിലുള്ള സന്തോഷങ്ങളും ദുഖങ്ങളും തന്റെ ജീവിതത്തിലും ഉണ്ടായിട്ടുണ്ടെന്നും നടൻ പറഞ്ഞു.

തനിക്ക് പരിചിതമല്ലാത്ത ജീവിതസാഹചര്യങ്ങളും കഥാപാത്രങ്ങളും അവതരിപ്പിക്കാനുള്ള ആഗ്രഹമാണ് ‘ന്നാ താൻ കേസ് കൊട്’ പോലുള്ള സിനിമകളിലേക്ക് എത്തിച്ചതെന്നും കുഞ്ചാക്കോ ബോബൻ വ്യക്തമാക്കി.

കുഞ്ചാക്കോ ബോബൻ. Photo. Photo. Screen Grab/ Youtube.com

‘ന്നാ താൻ കേസ് കൊട് എന്ന സിനിമയും അതിലെ കഥാപാത്രവും എനിക്ക് ഒട്ടും പരിചയമില്ലാത്തതായിരുന്നു. ഞാൻ വളർന്നുവന്ന സാധാരണ ജീവിതസാഹചര്യങ്ങളിൽ നിന്ന് തികച്ചും വ്യത്യസ്തമായ കഥാപാത്രവും സാഹചര്യവുമായിരുന്നു അത്. സിനിമയിലേക്ക് തിരിച്ചുവന്ന ഇടക്കാലത്ത് ചെറിയ കഥാപാത്രങ്ങളും സിനിമകളുമൊക്കെ ചെയ്താണ് തിരിച്ചുവന്നത്. ഒരു നടനെന്ന നിലയിൽ വരണം, അറിയപ്പെടണം എന്ന ആഗ്രഹത്തിന്റെ പുറത്താണ് അത്തരം കഥാപാത്രങ്ങളും സിനിമകളും സംഭവിച്ചത്. അതിൽ കുറെ എണ്ണം പാളിപ്പോയിട്ടുണ്ട്, കുറെ സ്വീകരിക്കപ്പെട്ടിട്ടുമുണ്ട്’, അദ്ദേഹം പറഞ്ഞു.

Content Highlight: Actor Kunchacko Boban states that the perception held by many that he lived a life detached from the circumstances of ordinary people is incorrect.