ന്യൂസിലാന്‍ഡിനെതിരായ ആദ്യ ടെസ്റ്റ് മത്സരത്തില്‍ ഇന്ത്യ സമനില വഴങ്ങിയതിന് പിന്നാലെ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയില്‍ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഇന്ത്യയുടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്കുള്ള സാധ്യത കുറഞ്ഞത് മുന്‍നിര്‍ത്തിയാണ് ഗില്ലിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

ഇപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും ക്രിക്കറ്റ് അനലിസ്റ്റുമായ ആകാശ് ചോപ്ര. ഫൈനലിലെത്താന്‍ കഴിഞ്ഞില്ലെന്ന കാരണത്താല്‍ മാത്രം ഗില്ലിന്റെ നായകസ്ഥാനത്തെക്കുറിച്ച് പുനപരിശോധന നടത്തേണ്ടതുണ്ടോ എന്ന് ചോപ്ര ചോദിച്ചു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് സൈക്കിള്‍ രണ്ട് വര്‍ഷത്തേതാണ്. ഈ സൈക്കിളിന്റെ തുടക്കത്തിലാണ് അദ്ദേഹത്തിന് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത്. അതിനുശേഷം ഫൈനലിലെത്താന്‍ കഴിഞ്ഞില്ലെന്ന കാരണത്താല്‍ മാത്രം അദ്ദേഹത്തിന്റെ നായകസ്ഥാനത്തെക്കുറിച്ച് പുനപരിശോധന നടത്തുകയും മറ്റൊരു ദിശയിലേക്ക് മാറുകയും ചെയ്യുന്നത് ശരിയായ നടപടിയാണോ? എന്റെ അഭിപ്രായത്തില്‍ അല്ല. നമ്മള്‍ ഇത്ര വേഗത്തില്‍ ഓരോ മാറ്റങ്ങള്‍ സ്വീകരിച്ചാല്‍ ശരിയായ പാത കണ്ടെത്താനാകില്ല.

ശുഭ്മന്‍ ഗില്ലിന് ക്യാപ്റ്റന്‍ സ്ഥാനം നല്‍കിയത് വിശ്വാസത്തേക്കാള്‍ പ്രതീക്ഷയുടെ പുറത്തായിരുന്നു. കാരണം ഏഷ്യയ്ക്ക് പുറത്ത് അദ്ദേഹം അധികം റണ്‍സ് നേടിയിരുന്നില്ല. എല്ലാം മികച്ച രീതിയിലാണ് മുന്നോട്ടുപോയതെന്ന് ഞാന്‍ പറയുന്നില്ല. സൗത്ത് ആഫ്രിക്കയ്ക്കെതിരെ കളിച്ച രണ്ട് മത്സരങ്ങളിലെയും പിച്ചുകള്‍ അത്ര മികച്ചതായിരുന്നില്ല.

ശ്രീലങ്കയില്‍ ഒരു മത്സരം സമനിലയിലായി. ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്യാന്‍ അല്‍പ്പം വൈകി. ന്യൂസിലാന്‍ഡിലെ ടീം സെലക്ഷനെക്കുറിച്ചും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ ഇതൊക്കെ നായകസ്ഥാനത്ത് മാറ്റം വരുത്താന്‍ മാത്രം മതിയായ കാരണങ്ങളാണോ?,’ ആകാശ് ചോപ്ര പറഞ്ഞു.

ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ നിലവില്‍ 12 മത്സരത്തില്‍ അഞ്ച് വിജയവും നാല് തോല്‍വിയും മൂന്ന് സമനിലയുമായി നാലാം സ്ഥാനത്താണ്. ഒന്നാം സ്ഥാനത്ത് എട്ട് മത്സരങ്ങളില്‍ ആറ് വിജയവും രണ്ട് തോല്‍വിയുമായി സൗത്ത് ആഫ്രിക്കയാണ് തുടരുന്നത്.

അതേസമയം വെല്ലിങ്ടണ്ണില്‍ നടന്ന ഇന്ത്യ-ന്യൂസിലാന്‍ഡ് മത്സരത്തിലെ അവസാന ദിവസം ന്യൂസിലാന്‍ഡിനെ പുറത്താക്കാന്‍ സാധിക്കാതെ വന്നതോടെ മത്സരം സമനിലയിലാകുകയായിരുന്നു.

Content Highlight: Aakash Chopra Talking About Shubhman Gill’s Test Captaincy