ഇന്ത്യ-ന്യൂസിലാൻഡ് ആദ്യ ടെസ്റ്റ്‌ മത്സരത്തിന്റെ നാലാം ദിവസം അവസാനിച്ചിരിക്കുകയാണ്. നിലവിൽ കിവീസ് രണ്ട് വിക്കറ്റ് നഷ്ടത്തിൽ 119 റൺസ് എന്ന നിലയിലാണ്. 59 റൺസുമായി ഡെവോൺ കോൺവെയും 27 റൺസുമായി രചിൻ രവീന്ദ്രയുമാണ് ക്രീസിലുള്ളത്. ക്യാപ്റ്റൻ ടോം ലാതം (0), ഹെൻറി നിക്കോൾസ് (31) എന്നിവരെയാണ് ടീമിന് നഷ്ടമായത്. ജസ്പ്രീത് ബുംറക്കും പ്രസിദ്ധ് കൃഷ്ണക്കുമാണ് വിക്കറ്റ്.

ഒന്നാം ഇന്നിങ്സിൽ ഇന്ത്യ 720 റൺസിനാണ് ഡിക്ലയർ ചെയ്തത്. കെ.എൽ രാഹുൽ, റിഷബ് പന്ത് എന്നിവർ സെഞ്ച്വറി നേടി തിളങ്ങിയപ്പോൾ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ, യശ്വസി ജെയ്സ്വാൾ ദേവദത്ത് പടിക്കൽ, ധ്രുവ് ജുറെൽ എന്നിവർ അർധ സെഞ്ച്വറിയും സ്വന്തമാക്കി.

290 പന്തുകളിൽ നിന്നും ഒമ്പത് ഫോറുകളും രണ്ട് സിക്സുകളും അടക്കം 136 റൺസാണ് രാഹുലിന്റെ ബാറ്റിൽ നിന്നും പിറന്നത്. പന്ത് 153 പന്തിൽ 128 റൺസും നേടി കരുത്തുകാട്ടി. പത്ത് ഫോറുകളും ആറ് കൂറ്റൻ സിക്സുകളും അടങ്ങുന്നതാണ് ഇന്നിങ്‌സ്. ഗിൽ 98 റൺസും ജെയ്സ്വാൾ 85 റൺസും നേടി തിളങ്ങിയപ്പോൾ പടിക്കൽ 80 റൺസും ജുറെൽ 78 റൺസും നേടി ടീമിന് വലിയ സംഭാവനകൾ സമ്മാനിച്ചു.

കൂറ്റൻ ടോട്ടൽ നേടിയതിനൊപ്പം ഇന്ത്യ ടെസ്റ്റ് ക്രിക്കറ്റിൽ പുതിയൊരു ചരിത്രമാണ് എഴുതിചേർത്തത്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഇതാദ്യമായാണ് ഒരു ഇന്നിങ്സിൽ ആദ്യ ഏഴ് വിക്കറ്റുകളിൽ 50+ റൺസിന്റെ പാട്ണർഷിപ്പുകൾ ഉണ്ടാവുന്നത്. ഈ നേട്ടവും ഇന്ത്യയുടെ പേരിലായി മാറിയിരിക്കുകയാണ്.

ഓപ്പണർമാരായ രാഹുലും ജെയ്സ്വാളും 130 റൺസിന്റെ കൂട്ടുകെട്ടാണ് കിവികൾക്കെതിരെ പടുത്തുയർത്തിയത്. രണ്ടാം വിക്കറ്റിൽ പടിക്കൽ-രാഹുൽ സഖ്യം 165 റൺസാണ് ഇന്ത്യക്കായി കൂട്ടിച്ചേർത്തത്. മൂന്നാം വിക്കറ്റിൽ രാഹുലും ക്യാപ്റ്റൻ ഗില്ലും ചേർന്ന് 91 റൺസ് സ്വന്തമാക്കി.

നാലാം വിക്കറ്റിൽ ഗില്ലും പന്തും ചേർന്ന് 100 റൺസിന്റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. അഞ്ചാം വിക്കറ്റിൽ അൻഷുൽ കാംബോജും പന്തും ചേർന്ന് 68 റൺസ് നേടി. ആറാം വിക്കറ്റിൽ പന്തും ജുറലും ചേർന്ന് 75 റൺസ് സ്വന്തമാക്കി.

ന്യൂസിലാൻഡ് ബൗളിങ് നിരയിൽ ഗ്ലെൻ ഫിലിംസ് മൂന്ന് വിക്കറ്റും രചിൻ രവീന്ദ്ര രണ്ട് വിക്കറ്റും നേടി തിളങ്ങി. നഥാൻ സ്മിത്ത്, ജേക്കബ് ഡഫി, കെയ്ൽ ജാമിസൺ, മാറ്റ് ഹെൻറി എന്നിവർ ഓരോ വിക്കറ്റ് വീതവും സ്വന്തമാക്കി.

അതേസമയം ആദ്യ ഇന്നിങ്‌സിൽ ന്യൂസിലാൻഡ് 368 റൺസിന് ഓൾ ഔട്ട് ആവുകയായിരുന്നു. ന്യൂസിലാൻഡ് 368 റൺസിന് ഓൾ ഔട്ട് ആവുമ്പോഴും ക്രീസിൽ അജയ്യനായി നിക്കോൾസ് നിൽക്കുന്നുണ്ടായിരുന്നു.

ആദ്യ ഓവറിൽ ബാറ്റ് ചെയ്യാനെത്തി അവസാന ഓവറിലും ബോളർമാർക്ക് പിടികൊടുക്കാതെ 335 പന്തിൽ നിക്കോൾസ് നേടിയത് 175 റൺസാണ്. നിക്കോളാസിനൊപ്പം ഗ്ലെൻ ഫിലിപ്സും കിവികൾക്ക് വേണ്ടി സെഞ്ച്വറി നേടി. 118 റൺസ് നേടിയാണ് താരം മടങ്ങിയത്.

ഇന്ത്യൻ ബൗളിങ്ങിൽ ജസ്പ്രീത് ബുംറ നാല് വിക്കറ്റുകളും ആകാശ് ദീപ് മൂന്ന് വിക്കറ്റും അൻഷുൽ കാംബോജ് പ്രസിദ്ധ് കൃഷ്ണ ഒരു വിക്കറ്റും വീഴ്ത്തി തിളങ്ങി.

ഇന്ത്യ പ്ലെയിങ് ഇലവൻ

കെ.എൽ രാഹുൽ, യശസ്വി ജയ്‌സ്വാൾ, ദേവദത്ത് പടിക്കൽ, ശുഭ്‌മാൻ ഗിൽ (ക്യാപ്റ്റൻ), റിഷബ് പന്ത് (വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ധ്രുവ് ജുറെൽ, ആകാശ് ദീപ്, അൻഷുൽ കാംബോജ്, ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്ണ.

ന്യൂസിലാൻഡ് പ്ലെയിങ് ഇലവൻ

ടോം ലാതം (ക്യാപ്റ്റൻ), ഡെവോൺ കോൺവേ, ഹെൻറി നിക്കോൾസ്, രചിൻ രവീന്ദ്ര, ഡാരിൽ മിച്ചൽ, ടോം ബ്ലണ്ടൽ (വിക്കറ്റ് കീപ്പർ), ഗ്ലെൻ ഫിലിപ്സ്, നഥാൻ സ്‌മിത്ത്, കൈൽ ജാമിസൺ, മാറ്റ് ഹെൻറി, ജേക്കബ് ഡഫി.

 

Content Highlight: Indian cricket team create a new history in Test cricket