ഇന്ത്യ-ന്യൂസിലാന്‍ഡ് ആദ്യ ടെസ്റ്റ് മത്സരത്തിന്റെ നാലാം ദിവസം അവസാനിച്ചിരിക്കുകയാണ്. ആദ്യ ഇന്നിങ്സില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 720 റണ്‍സിന് ഡിക്ലയര്‍ ചെയ്യുകയായിരുന്നു ഇന്ത്യ.
രണ്ടാം ഇന്നിങ്സില്‍ ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലാന്‍ഡ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 119 റണ്‍സ് നേടിയിട്ടുണ്ട്. ആദ്യ ഇന്നിങ്സില്‍ 368 റണ്‍സിനാണ് ന്യൂസിലാന്‍ഡ് പുറത്തായത്.
ഒരു ദിവസത്തെ കളി ബാക്കി നില്‍ക്കേ ഇന്ത്യയുടെ വിജയം എട്ട് വിക്കറ്റ് അകലെയാണ്. മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയെ കാത്തിരിക്കുന്നത് ചരിത്രമാണ്.
That will be Stumps on Day 4! #TeamIndia with the important wicket of Henry Nicholls in the final session 🙌 New Zealand trail by 233 runs as a crucial Day 5 beckons ⏳ Scorecard ▶️ https://t.co/SaMcNXtAVG #NZvIND https://t.co/4Re39tYM9r
— BCCI (@BCCI) November 22, 2026
വെല്ലിങ്ടണിലെ ബാസിന് റിസര്‍വില്‍ ഇനത്യ അവസാനമായി ഒരു ടെസ്റ്റ് ജയിച്ചത് 58 വര്‍ഷം മുമ്പാണ്. 1968 ഫെബ്രുവരി 29നാണ് ബാസിന് റിസര്‍വില്‍ ഇന്ത്യ അവസാനമായി ജയിച്ച മത്സരം ആരംഭിച്ചത്.
മന്‍സൂര്‍ ആലി ഖാന് പട്ടൗടിയുടെ കീഴില്‍ ഇറങ്ങിയ ഇന്ത്യ എട്ട് വിക്കറ്റിനാണ് കിവീസിനെ തോല്‍പ്പിച്ചത്. ആദ്യ ഇന്നിങ്സില്‍ 143 റണ്‍സ് നേടിയ അജിത് വഡേക്കറും രണ്ട് ഇന്നിങ്സുകളിലുമായി എട്ട് വിക്കറ്റ് നേടിയ സ്പിന്നര്‍ ഇ. പ്രസന്നയും ആയിരുന്നു ഇന്ത്യയുടെ വിജയ ശില്പികള്.
ഇന്ത്യ അവസാനമായി ന്യൂസിലാന്‍ഡില്‍ ഒരു ടെസ്റ്റ് വിജയിച്ചത് 2009ലെ പര്യടനത്തില്‍ മഹേന്ദ്രസിങ് ധോണിയുടെ കീഴിലാണ്. സച്ചിന് തെണ്ടുല്‍ക്കറുടെ സെഞ്ച്വറി മികവില്‍ ആദ്യ ഇന്നിങ്സില്‍ വന്‍ ലീഡ് നേടിയ ഇന്ത്യ പത്ത് വിക്കറ്റിനാണ് അന്ന് വിജയിച്ചത്.
ഇപ്പോഴത്തെ പരിശീലകന് ഗൗതം ഗംഭീര്‍ രണ്ട് ഇന്നിങ്സുകളിലുമായി 102 റണ്‍സ് നേടി വിജയം നേടിയ ടീമില്‍ ഉണ്ടായിരുന്നു. അന്ന് ഇന്ത്യ 1-0 ന് പരമ്പര സ്വന്തമാക്കുകയും ചെയ്തിരുന്നു.
വെല്ലിങ്ടണില്‍ ഇന്ത്യ വിജയവും പരമ്പരയില്‍ 1-0ന്റെ ലീഡും ലക്ഷ്യമിട്ടാണ് അവസാന ദിനം കളത്തിലിറങ്ങുന്നത്. സൂപ്പര്‍ താരം കെ.എല്‍. രാഹുലിന്റെയും റിഷബ് പന്തിന്റെയും തകര്‍പ്പന്‍ സെഞ്ച്വറി കരുത്തിലാണ് ഇന്ത്യ വലിയ സ്കോറിലെത്തിയത്. 290 പന്തില്‍ 136 റണ്‍സ് നേടിയാണ് രാഹുല്‍ പുറത്തായത്.

പന്ത് 153 പന്തില്‍ ആറ് സിക്സും 10 ഫോറും ഉള്‍പ്പെടെ 128 റണ്‍സാണ് നേടിയത്. ഒമ്പതാം ടെസ്റ്റ് സെഞ്ച്വറി പൂര്‍ത്തിയാക്കിയാണ് പന്ത് മടങ്ങിയത്.
അതേസമയം മത്സരത്തില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ സെഞ്ച്വറിയ്ക്ക് രണ്ട് റണ്‍സകലെയാണ് മടങ്ങിയത്. ഓപ്പണര്‍ യശ്വസി ജെയ്സ്വാള്‍ 85 റണ്‍സ് നേടിയപ്പോള്‍ ദേവദത്ത് പടിക്കല്‍ 80 റണ്‍സും സ്വന്തമാക്കി. 78 റണ്‍സ് നേടി ധ്രുവ് ജുറെലും ഇന്ത്യയുടെ സ്കോര്‍ ഉയര്‍ത്തി.
കിവീസിന് വേണ്ടി ഗ്ലെന്‍ ഫിലിപ്സ് മൂന്ന് വിക്കറ്റ് നേടിയപ്പോള്‍ രചിന് രവീന്ദ്ര രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മാറ്റ് ഹെന്റി, കൈല്‍ ജാമിസണ്, ജേക്കബ് ഡഫി, നഥാന്‍ സ്മിത് എന്നിവര്‍ ഓരോ വിക്കറ്റുകളും നേടി.
Content Highlight: Victory eight wickets away: Team India poised to create history in Wellington after 58 years.
