ടെല്‍അവീവ്: ഇസ്രഈലില്‍ ആത്മഹത്യ ചെയ്യുന്ന സൈനികരുടെയും ഉദ്യോഗസ്ഥരുടെയും എണ്ണം വര്‍ധിക്കുന്നു. 2026ന്റെ തുടക്കം മുതല്‍ ഇതുവരെ സജീവ സൈനിക സേവനത്തിലുള്ള ഉദ്യോഗസ്ഥരടക്കം 23 സൈനികരാണ് ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 16 വര്‍ഷത്തിനിടെ സൈന്യം രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന വാര്‍ഷിക കണക്കാണിതെന്ന് ഇസ്രഈല്‍ ദിനപത്രമായ ഹാരെറ്റ്‌സ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

ആത്മഹത്യ ചെയ്തവരില്‍ 17 പേര്‍ ഗസ യുദ്ധകാലത്ത് സ്ഥിരം സൈനിക വിഭാഗങ്ങളിലോ റിസര്‍വ് സേനയിലോ സേവനമനുഷ്ഠിച്ചവരാണ്. സൈനിക സേവനം അവസാനിപ്പിച്ച ശേഷമാണ് ഇവര്‍ 2026ല്‍ ആത്മഹത്യ ചെയ്തത്. ഇതോടെ സജീവ സൈനിക സേവനത്തിലുള്ളവരും വിരമിച്ചവരും ഉള്‍പ്പെടെ ആത്മഹത്യ ചെയ്തവരുടെ എണ്ണം 40 ആയി.

2026ല്‍ ആത്മഹത്യ ചെയ്ത അഞ്ച് പൊലീസ് ഉദ്യോഗസ്ഥരും കണക്കില്‍ ഉള്‍പ്പെടുന്നു.

യുദ്ധത്തിന് മുമ്പുള്ള പത്ത് വര്‍ഷങ്ങളില്‍ ഇസ്രഈല്‍ സൈന്യത്തില്‍ പ്രതിവര്‍ഷം ശരാശരി 12 ആത്മഹത്യകളാണ് റിപ്പോര്‍ട്ട് ചെയ്തിരുന്നതെന്ന് ഹാരെറ്റ്‌സ് ചൂണ്ടിക്കാട്ടി.

സൈന്യത്തിന്റെ കണക്കുകള്‍ പ്രകാരം 2023 ഒക്ടോബര്‍ ഏഴിനും വര്‍ഷാവസാനത്തിനുമിടയില്‍ ഏഴ് സജീവ സൈനികര്‍ ആത്മഹത്യ ചെയ്തു. 2024ല്‍ ഇത് 21 ആയും 2025ല്‍ 22 ആയും ഉയര്‍ന്നു. 2026ല്‍ ഇതുവരെ 23 പേരാണ് ആത്മഹത്യ ചെയ്തത്.

2023 ഒക്ടോബര്‍ ഏഴിന് ശേഷം ഇതുവരെ 73 സൈനിക ഉദ്യോഗസ്ഥരും സൈനികരും ആത്മഹത്യ ചെയ്തതായാണ് ഔദ്യോഗിക സൈനിക കണക്കുകള്‍ പറയുന്നത്.

യുദ്ധം ആരംഭിച്ചതിന് ശേഷം ഇസ്രഈലിന്റെ സുരക്ഷാ സംവിധാനങ്ങളിലുടനീളം ആത്മഹത്യകള്‍ വര്‍ധിക്കുന്ന പ്രവണത തുടരുന്നതായാണ്.

‘ഈ യുദ്ധത്തില്‍ പങ്കെടുത്ത സൈനികര്‍ നേരിടുന്ന മാനസിക സമ്മര്‍ദത്തിന്റെയും കടുത്ത ക്ഷീണത്തിന്റെയും തോത് കണക്കിലെടുക്കുമ്പോള്‍ ഇത് സമാനതകളില്ലാത്ത സംഭവമാണ്. ആത്മഹത്യാ നിരക്കിന്റെ കാര്യത്തില്‍ വരും വര്‍ഷങ്ങള്‍ നിര്‍ണായകമായിരിക്കും. ഒരുപക്ഷേ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമായേക്കാം.’ ഹാരെറ്റ്‌സിനോട് സംസാരിക്കവേ ഹൈഫ സര്‍വകലാശാലയിലെ മാനസികാരോഗ്യ വിഭാഗത്തിലെ അക്കാദമിക് വിദഗ്ധന്‍ പറഞ്ഞു.

അതേസമയം വെസ്റ്റ് ബാങ്കിലെ ഫലസ്തീനികള്‍ക്കെതിരെ ഇസ്രഈല്‍ കുടിയേറ്റക്കാര്‍ നടത്തുന്ന ആക്രമണങ്ങള്‍ ആസൂത്രിതമാണെന്നും ആയിരക്കണക്കിന് ആളുകള്‍ ഇതില്‍ പങ്കാളികളാണെന്നും ഒരു മുതിര്‍ന്ന ഇസ്രാഈലി സൈനിക ഉദ്യോഗസ്ഥന്‍ മുന്നറിയിപ്പ് നല്‍കിയതായി ഇസ്രാഈല്‍ ചാനല്‍ 12 ന്യൂസ് തിങ്കളാഴ്ച റിപ്പോര്‍ട്ട് ചെയ്തു.

‘ഇവ സംഘടിത തീവ്രവാദ സംഘടനകളാണ്. അറബികളെ പുറത്താക്കുക എന്ന അജണ്ടയാണ് അവര്‍ക്കുള്ളത്, അത് നേടിയെടുക്കാന്‍ അവര്‍ പ്രവര്‍ത്തിക്കുന്നു,’ ഹില്‍ടോപ്പ് യൂത്ത് എന്നറിയപ്പെടുന്ന കുടിയേറ്റ മിലിഷ്യകളെ പരാമര്‍ശിച്ചുകൊണ്ട് ഉദ്യോഗസ്ഥന്‍ പറഞ്ഞു.

ഇത് ജൂത ഭീകരതയാണ്, അതിന്റെ തോതാണ് അസ്വസ്ഥത ഉണ്ടാക്കുന്നത്. നൂറല്ല ആയിരക്കണക്കിന് ആളുകള്‍ ഇതില്‍ പങ്കാളികളാണ്. നിയമം അനുസരിക്കാത്ത ഒരു വലിയ ജനസംഖ്യ ഇതിനകം തന്നെയുണ്ട്,’ സൈനിക ഉദ്യോഗസ്ഥന്‍ പറഞ്ഞു. മിഡില്‍ ഈസ്റ്റ് ഐ റിപ്പോര്‍ട്ട് ചെയ്തു.

Content Highlight: Suicides are on the rise in the Israeli military