മയിൽപീലി സ്കോളർഷിപ് വിവാദം കത്തി നിൽക്കുകയാണല്ലോ. എന്ത് കൊണ്ടിത് വിവാദമാകുന്നു? എന്താണിതിലെ പ്രശ്നങ്ങൾ? ഇത് ബാലഗോകുലത്തിന്റെ പ്രസിദ്ധീകരണമായ മയിൽപ്പീലി മാസികയും ദേശീയ അധ്യാപക പരിഷത്തും സഹകരിച്ച് സംഘടിപ്പിച്ച സ്കോളർഷിപ്പ് പരീക്ഷയാണ്.

അപ്പോൾ എന്താണ് ബാലഗോകുലം? എന്താണ് മയിൽപ്പീലി? എന്താണ് ദേശീയ അധ്യാപക പരിഷത്ത് എന്നൊക്കെ നമ്മൾ അറിഞ്ഞിരിക്കേണ്ടതുണ്ട്. 1953 മാർച്ച് 1 ന് പുറത്തിറങ്ങിയ കേസരിയിൽ ഒരു പരമ്പരയായാണ് ബാലഗോകുലം ആരംഭിച്ചത്.
RSS മുഖപത്രം കേസരി. കഥകളിലൂടെ സംസ്കാരം പകരുന്നതിനും കുട്ടികളിലെ സർഗ്ഗാത്മകതയെ പ്രോത്സാഹിപ്പിക്കുന്നതിനും പരിപോഷിപ്പിക്കുന്നതിനുമായി സംഘപരിവാർ സൈദ്ധന്തികനായ പി. പരമേശ്വരൻ ഗോപിച്ചേട്ടൻ എന്ന പേരിൽ പംക്തി നടത്തി. ബാലഗോകുലത്തിന്റെ തുടക്കം ആർ.എസ്.എസ് പ്രസിദ്ധീകരണമായ കേസരിയിലെ കുട്ടികളുടെ പംക്തിയുമായി ബന്ധപ്പെട്ടതാണ്. പിന്നീട് ഇത് കുട്ടികളുടെ സാംസ്കാരിക പ്രവർത്തനങ്ങൾക്കുള്ള സംഘടനയായി വികസിച്ചു.

1972 ഒക്ടോബറിൽ കോഴിക്കോട് കാരപ്പറമ്പിലാണ് ബാലഗോകുലം യൂണിറ്റ് ആദ്യമായി ആരംഭിച്ചത്. കുട്ടികളെ വച്ച് എല്ലാ ഞായറാഴ്ചയും കഥപറച്ചിൽ, കവിതാ പാരായണം, മറ്റ് പരിപാടികൾ എന്നിവയോടെ ക്ലാസ് നടത്തി. കഥ പറയാൻ സംഘപ്രചാരക് പി. രാമചന്ദ്രനും പി.കെ. സുകുമാരനും എത്തിയെന്ന് അവരുടെ വെബ്സൈറ്റിൽ നൽകിയിട്ടുണ്ട്.
കഥ പറയുന്നത് ആരാണ്? സംഘ പ്രചാരക്!
“ചെറിയ കൈകളായി, അവർ ഓരോ ഗ്രാമത്തിലും ചെറിയ വെളിച്ചക്കനലുകൾ സൃഷ്ടിച്ചു. ചങ്ങലകളിൽ കെട്ടിയ കുട്ടികൾ നാമം ചൊല്ലാനും, നമസ്തേ പറയാനും, ഗീത പഠിക്കാനും, ഗോപൂജ ചെയ്യാനും, മഞ്ഞ പട്ടും മയിൽപ്പീലിയും ധരിച്ച് ശോഭ യാത്ര നടത്താനും, ക്യാമ്പുകളിൽ പങ്കെടുക്കാനും, കമ്മലുകൾ പങ്കിടാനും മുന്നോട്ടുവന്നു.
കലാമേളകൾ, കുട്ടികളുടെ മേളകൾ, കലാ പര്യടനങ്ങൾ എന്നിവയിലൂടെ ഒഴുക്ക് ശക്തമായി. വലിയ കുട്ടികളുടെ യോഗങ്ങൾ അരങ്ങേറി. എല്ലാ സാംസ്കാരിക നേതാക്കളും വന്ന് വ്യത്യസ്ത വേദികളിൽ അനുഗ്രഹം അർപ്പിച്ചു. ഋഷി കവികൾ മംഗലഗീതം ചൊല്ലി. അങ്ങനെ, ബാലഗോകുല വൃക്ഷം കേരള സമൂഹത്തിൽ വേരൂന്നി. “

പ്ലീസ് നോട്ട്, ഇതിനിടയിൽ നൈസ് ആയിട്ട് ഗോപൂജ കുത്തിക്കേറ്റിയിട്ടുണ്ട് പരിവാർ.
1979ൽ എം.എ. കൃഷ്ണൻ പ്രസിഡന്റും സി. ശ്രീധരൻ മാസ്റ്റർ ജനറൽ സെക്രട്ടറിയുമായി സംസ്ഥാന കമ്മിറ്റി നിലവിൽ വന്നു. കേരളത്തിൽ സംഘപരിവാറിന്റെ സാംസ്കാരിക അടിത്തറ നിർമ്മിക്കുന്നതിൽ പ്രധാനിയായിരുന്നു 1954 മുതൽ ആർ.എസ്.എസ് പ്രചാരകനായിരുന്ന എം.എ. കൃഷ്ണൻ.
ഗീതാജ്ഞാനയജ്ഞത്തിനായി ചിന്മയാനന്ദ സ്വാമി കോഴിക്കോട് എത്തിയപ്പോൾ, ബാലഗോകുല പരിപാടിയിൽ പങ്കെടുക്കേണ്ടത് അദ്ദേഹത്തിന് അനിവാര്യമായിരുന്നു. നാടക പരിശീലന ക്യാമ്പ്, ശിൽപ ക്യാമ്പ് തുടങ്ങിയവയും സംഘടിപ്പിച്ചു. ഇതത്രയും ബാലഗോകുലത്തിന്റെ വെബ്സൈറ്റ് ഇൽ അവർ തന്നെ കൊടുത്തിരിക്കുന്ന വിവരങ്ങളാണ്.
ഏത് ചിന്മയാനന്ദ?
VHP സ്ഥാപകനായ സ്വാമി ചിന്മയാനന്ദ സരസ്വതി.
എന്ത് കൊണ്ടാണ് സംഘപരിവാർ സ്കൂളുകളിലേക്ക് കടന്നു ചെല്ലുന്നത്?
Institutional legitimization എന്നൊരു കാര്യമുണ്ട്.

സ്വാമി ചിന്മയാനന്ദ സരസ്വതി
രാഷ്ട്രീയ അധികാരവും ഭരണകൂടങ്ങളും നിലനിൽക്കുന്നത് കേവലം പോലീസിനെയോ പട്ടാളത്തെയോ (ബലപ്രയോഗം) ഉപയോഗിച്ചല്ല, മറിച്ച് “തങ്ങളെ ഭരിക്കാൻ ഈ ഭരണകൂടത്തിന് അർഹതയുണ്ട്” എന്ന ജനങ്ങളുടെ വിശ്വാസത്തിലൂടെയാണ്. നിയമവ്യവസ്ഥയിലൂടെ, ദേശീയതയിലൂടെ, ക്ഷേമപ്രവർത്തനങ്ങളിലൂടെയൊക്കെയാണ് ഭരണകൂടം ഈ വിശ്വാസം നിർമ്മിച്ചെടുക്കുന്നത്. ഇതിനെയാണ് Institutional legitimization എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.
ഇന്ത്യയിൽ, സംഘപരിവാർ NCERT യിലൂടെ സിലബസ് പിടിച്ചടക്കുന്നതും, തങ്ങൾക്കു ഇഷ്ടമില്ലാത്തവ ഒഴിവാക്കുന്നതും, താല്പര്യമുള്ളത് തിരുകിക്കയറ്റുന്നതും വലിയ വിവാദങ്ങൾ ഉണ്ടാക്കിയിരുന്നു.
എന്ത് കൊണ്ടാണ് അവരിത് ചെയ്യുന്നത്?
ഒറ്റ വാചകത്തിൽ പറഞ്ഞാൽ തങ്ങളുടെ ആശയങ്ങൾക്ക് സ്വീകാര്യത കിട്ടാൻ.പ്രമുഖ ഫ്രഞ്ച് മാർക്സിസ്റ്റ് ചിന്തകനായ ലൂയി അൽത്യൂസർ മുന്നോട്ട് വയ്ക്കുന്ന Ideological State Apparatus എന്നൊരു ആശയമുണ്ട്. കാര്യം സിംപിളാണ്. ഒരു പ്രത്യയശാസ്ത്രം സമൂഹത്തിൽ സ്വാധീനം ചെലുത്തുന്നത് ഭരണകൂടത്തിന്റെ നേരിട്ടുള്ള നിർബന്ധത്തിലൂടെ മാത്രമല്ല, വിദ്യാഭ്യാസം പോലുള്ള ഔദ്യോഗിക സ്ഥാപനങ്ങളുടെ ദൈനംദിന പ്രവർത്തനങ്ങളിലൂടെയും കൂടിയാണ്.
കക്ഷി Ideological State Apparatus (ISA) പ്രത്യയശാസ്ത്രപരമായ ഭരണകൂട ഉപകരണങ്ങൾ ഏതൊക്കെയാണെന്നു പറയുന്നുണ്ട്. വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മതസ്ഥാപനങ്ങൾ, കുടുംബം, മാധ്യമങ്ങൾ,സാംസ്കാരിക സ്ഥാപനങ്ങൾ, രാഷ്ട്രീയ പാർട്ടികളും സംഘടനകളും, ഇവയൊക്കെ പ്രധാനമായും ആശയങ്ങളിലൂടെയും മൂല്യങ്ങളിലൂടെയും സാമൂഹിക ശീലങ്ങളിലൂടെയും ഒരു പ്രത്യേക സാമൂഹിക ക്രമത്തെ പുനരുത്പാദിപ്പിക്കുന്നു
പണ്ട് മതസ്ഥാപനങ്ങൾ സാമൂഹിക പ്രത്യയശാസ്ത്രത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായിരുന്നെങ്കിൽ, ആധുനിക മുതലാളിത്ത സമൂഹത്തിൽ വിദ്യാഭ്യാസ സംവിധാനം ഏറ്റവും പ്രധാനപ്പെട്ട പ്രത്യയശാസ്ത്രപരമായ ഭരണകൂട ഉപകരണങ്ങളായി മാറിയിരിക്കുന്നു.
കാരണം, ഒരു കുട്ടി വർഷങ്ങളോളം സ്കൂളിൽ ചെലവഴിക്കുന്നു. സ്കൂൾ കുട്ടിക്ക് നൽകുന്നത് വായനയും എഴുത്തും ഗണിതവും മാത്രമല്ല. അതോടൊപ്പം കുട്ടി പഠിക്കുന്നത്,
എന്താണ് ശരി, എന്താണ് തെറ്റ്?
ആരെയാണ് മാതൃകയാക്കേണ്ടത്?
ഏത് ചരിത്രത്തെയാണ് പ്രധാനമായി കാണേണ്ടത്?
സമൂഹത്തിൽ അധികാരത്തോടും നിയമങ്ങളോടും എങ്ങനെ പെരുമാറണം?
ആരാണ് നമ്മുടെ കൂട്ടത്തിലുള്ളവർ, ആരാണ് പുറത്തുള്ളവർ?
ഇവിടെയാണ് വിദ്യാഭ്യാസം പ്രത്യയശാസ്ത്രപരമായ സാമൂഹികവൽക്കരണത്തിന്റെ ഇടമായി മാറുന്നത്.
അൽത്തൂസറിന്റെ കാഴ്ചപ്പാടിൽ സ്കൂൾ അറിവ് കൈമാറുന്ന ഒരു നിഷ്പക്ഷ ഇടം മാത്രമല്ല, സമൂഹത്തിലെ നിലവിലുള്ള അധികാരബന്ധങ്ങളും പ്രത്യയശാസ്ത്രങ്ങളും അടുത്ത തലമുറയിലേക്ക് കൈമാറുന്ന സ്ഥാപനവുമാണ്.
അശാസ്ത്രീയതയാണ് മയിൽപ്പീലി പ്രചരിപ്പിക്കുന്നത്.. 2021 ജൂലൈ ലക്കം മയിൽപ്പീലിയാണ് ഇവിടെ ഉദാഹരണത്തിന് എടുക്കുന്നത്. അതിലൊരു കഥയുണ്ട്. മോഷ്ടാവായ രാജകുമാരൻ എന്നാണ് കഥയുടെ പേര്. രാജാവ് ‘മോഷണം ശീലമുള്ള’ രാജകുമാരനെ ‘നന്നാക്കിയെടുക്കാൻ’ ഒരു ആചാര്യന്റെ ഗുരുകുലത്തിൽ കൊണ്ട് പോയി ആക്കുന്നു. ഇതൊരു ദുഃശീലമാമെന്നും ചെറുപ്പത്തിലേ മറ്റേണ്ടതാണെന്നും ആചാര്യൻ രാജകുമാരനെ ധരിപ്പിക്കുന്നു, കുമാരൻ തന്റെ ‘തെറ്റ്’ തിരിച്ചറിയുന്നു. അങ്ങനെ ഓൾ സെറ്റായ കുമാരനെ രാജാവ് വന്നു തിരികെ കൊണ്ട് പോകുന്നു.

ശ്രദ്ധിക്കുക ഇത് മായാവി പോലെ ഒരു ഫാന്റസി കഥയല്ല. കുട്ടികൾക്കുള്ള ഗുണപാഠം എന്നാണ് വയ്പ്പ്. അവിടെയാണ് പ്രശ്നം. ഇതൊരു ദുഃശീലമാണെന്ന് കുട്ടികളുടെ മനസ്സിൽ കയറുന്നു. പിന്നീട് ഇത്തരം കാര്യങ്ങൾ ചെയ്യുന്ന ഒരു സഹപാഠിയേ അവർ കാണുമ്പോൾ അതൊരു ശീലക്കേടായി കരുതുകയും അങ്ങനെ അവരോട് പെരുമാറുകയും ചെയ്തേക്കാം.
ഇത് യഥാർത്ഥത്തിൽ ക്ലെപ്റ്റോമാനിയ എന്നൊരു മാനസിക പ്രശ്നമാണ്. Impulse Control Disorder കാറ്റഗറിയിലാണ് ഇത് വരുന്നത്. വ്യക്തികൾക്ക് തങ്ങളുടെ ആവശ്യത്തിനോ സാമ്പത്തിക ലാഭത്തിനോ വേണ്ടിയല്ലാതെ, സാധനങ്ങൾ മോഷ്ടിക്കാനുള്ള അടക്കാനാവാത്ത പ്രേരണയുണ്ടാകുന്ന ഒരു മാനസികാവസ്ഥയാണ്. ജനിതകപരവും, നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ടതുമായ (ന്യൂറോബയോളജിക്കൽ), മനഃശാസ്ത്രപരവും, പാരിസ്ഥിതികവുമായ ഘടകങ്ങളൾ ഈ അവസ്ഥയിലേക്ക് നയിക്കാം.
കോഗ്നിറ്റീവ് ബിഹേവിയറൽ തെറാപ്പിയും ഒപ്പം ഡോക്ടറുടെ നിർദ്ദേശപ്രകാരമുള്ള മരുന്നുകളും (സെറോടോണിൻ അല്ലെങ്കിൽ ഡോപ്പമിൻ/ഓപിയോയിഡ് പാതകളെ സ്വാധീനിക്കുന്നവ) എടുത്താൽ manage ചെയ്തു പോകാവുന്ന കാര്യങ്ങളാണ് ഇവ.
ഇപ്പ എങ്ങനെ ഇരിക്കണ്?
അതീവ ഗൗരവമുള്ള, കുഞ്ഞുങ്ങൾ ബുള്ളിയിങ്ങിന് ഇരയാകാൻ സാധ്യതയുള്ള ഒരു മാനസികാരോഗ്യ പ്രശ്നം എത്ര ഉത്തരവാദിത്തരഹിതമായാണ്, അശാസ്ത്രീയമായാണ് മയിൽപ്പീലി ഇവിടെ കൈകാര്യം ചെയ്തത്.
ഇതേ ലക്കത്തിൽ തന്നെ ഗുരുപൂർണിമ എന്ന ദിവസത്തേക്കുറിച്ച് ഒരു പേജിൽ ചിത്രം സഹിതം നൽകിയിരിക്കുന്നു.
എന്താണ് ഗുരുപൂർണ്ണിമ?
ഗുരുപൂജയും പാദപൂജയും: ശിഷ്യന്മാർ തങ്ങളുടെ ആത്മീയ ഗുരുക്കന്മാരെയും അധ്യാപകരെയും നേരിൽ കണ്ട് വണങ്ങുകയും, പുഷ്പങ്ങളും ഫലങ്ങളും ദക്ഷിണയും നൽകി ആദരിക്കുകയും ചെയ്യുന്നു എന്നതാണ് ആചാരം. ഗുരുവിന്റെ പാദങ്ങൾ ജലം കൊണ്ടോ പനിനീര് കൊണ്ടോ കഴുകി, ചന്ദനവും പുഷ്പങ്ങളും അർപ്പിച്ച് വണങ്ങുന്നതാണ് ഇതിന്റെ രീതി.

കേരളത്തിലെ ചില സ്വകാര്യ/സി.ബി.എസ്.ഇ (CBSE) സ്കൂളുകളിൽ (പ്രത്യേകിച്ച് ഭാരതീയ വിദ്യാ നികേതൻ നടത്തുന്ന ചില വിദ്യാലയങ്ങളിൽ) ഗുരുപൂർണിമ ദിനത്തിൽ വിദ്യാർത്ഥികളെക്കൊണ്ട് അധ്യാപകരുടെയും വിരമിച്ച അധ്യാപകരുടെയും കാൽ കഴുകിച്ച് പാദപൂജ ചെയ്യിച്ചതാണ് വലിയ വിവാദമായത്. 2025 ജൂലൈയിലും, അതിനുമുൻപ് 2018ലുമെല്ലാം ഇത്തരം സംഭവങ്ങൾ കേരളത്തിൽ വലിയ വാർത്തയായിരുന്നു എന്നതും ഓർക്കുക.
പൊതുവിദ്യാഭ്യാസ വകുപ്പും (അന്നത്തെ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി) വിവിധ വിദ്യാർത്ഥി-യുവജന സംഘടനകളും ഇതിനെതിരെ ശക്തമായി രംഗത്തുവന്നു. കുട്ടികളെക്കൊണ്ട് അധ്യാപകരുടെ കാൽ കഴുകിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് നിരക്കാത്തതാണെന്നും, വിദ്യാർത്ഥികളിൽ അടിമത്ത മനോഭാവവും (Slave mentality) അന്ധവിശ്വാസവും വളർത്തുമെന്നുമായിരുന്നു പ്രധാന വിമർശനം.
എന്നാൽ ഇത് ഭാരതീയ സംസ്കാരത്തിന്റെയും ഗുരുവന്ദനത്തിന്റെയും ഭാഗമാണെന്നും, അധ്യാപകരോടുള്ള ആദരവ് പ്രകടിപ്പിക്കാനുള്ള നിഷ്കളങ്കമായ ചടങ്ങിനെ രാഷ്ട്രീയവൽക്കരിക്കുകയാണെന്നുമാണ് സ്കൂൾ മാനേജ്മെന്റുകളും അനുകൂലിക്കുന്നവരും (2025ൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ ഉൾപ്പെടെ) വാദിച്ചത്. ആരാണ്? അർലേക്കർ!

വി. ശിവൻകുട്ടി
ഇതേ ലക്കത്തിൽ പ്രകൃതി നിർമ്മിച്ച ക്ഷേത്രം എന്ന പേരിൽ അമർനാഥ് ഗുഹാ ക്ഷേത്രത്തിന്റെ ചരിത്രം വികലമായി അവതരിപ്പിച്ചിരിക്കുന്നു. ഐതിഹ്യമനുസരിച്ച് അമർനാഥ് ഗുഹ കണ്ടെത്തിയത് ‘ബുട്ട മാലിക്’ എന്ന പ്രദേശവാസിയായ ഒരു മുസ്ലീം ആട്ടിടയനാണ്. നൂറ്റാണ്ടുകളായി ക്ഷേത്രത്തിലെ കാണിക്കയുടെ ഒരു വിഹിതം (മൂന്നിലൊന്ന്) മാലിക് കുടുംബത്തിനും, ബാക്കി ഹിന്ദു പുരോഹിതന്മാർക്കും (മഹന്ത്) സന്യാസിമാർക്കുമായി വീതിച്ചു നൽകുന്ന രീതിയുണ്ടായിരുന്നു. ഇത് വെറുമൊരു കേഴ്വിയല്ല.

അമർനാഥ് യാത്രയും ബുട്ട മാലിക്കിന്റെ പിൻഗാമികളും തമ്മിലുള്ള ബന്ധം ബ്രിട്ടീഷ് ഭരണകാലത്തെ ഔദ്യോഗിക രേഖകളിലും ചരിത്രഗ്രന്ഥങ്ങളിലും കൃത്യമായി രേഖപ്പെടുത്തിയിട്ടുണ്ട്. Bullet The Valley of Kashmir (1895) – സർ വാൾട്ടർ ആർ. ലോറൻസ് (Sir Walter R. Lawrence): കശ്മീരിലെ ബ്രിട്ടീഷ് സെറ്റിൽമെന്റ് കമ്മീഷണറായിരുന്ന വാൾട്ടർ ലോറൻസിന്റെ പ്രശസ്തമായ ഈ പുസ്തകത്തിൽ അമർനാഥ് യാത്രയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.
ഗുഹ കണ്ടെത്തിയ ഇടയന്റെ പിൻഗാമികളായ ബട്കോട്ടിലെ (Batakote) മാലിക് കുടുംബത്തിന് ക്ഷേത്രത്തിലെ കാണിക്കയിൽ അവകാശമുണ്ടായിരുന്നതായും, അവർ തീർത്ഥാടകർക്ക് വഴികാട്ടികളായി പ്രവർത്തിച്ചിരുന്നതായും ഇതിൽ രേഖപ്പെടുത്തിയിട്ടുണ്ട്. Imperial Gazetteer of India (1908): ബ്രിട്ടീഷ് ഇന്ത്യയുടെ ഔദ്യോഗിക ഗസറ്റിയറിലും അമർനാഥ് തീർത്ഥാടനത്തിന്റെ നടത്തിപ്പിൽ മാലിക് കുടുംബത്തിനുള്ള പരമ്പരാഗത പങ്കിനെക്കുറിച്ച് പരാമർശമുണ്ട്.

എങ്ങനെയാണ് ഒരു സംഘപരിവാർ പ്രസിദ്ധീകരണം ഒരു പുരാതന ഹിന്ദു ആരാധനാലയത്തിന്റെ നടത്തിപ്പിൽ ഒരു മുസ്ലിം കുടുംബത്തിനുണ്ടായിരുന്ന പങ്ക് ഒരർത്ഥത്തിൽ erase ചെയ്തു കളയുന്നത്, എങ്ങനെയാണവരെ ചരിത്രത്തിൽ നിന്നും അകറ്റി നിറുത്തുന്നത് എന്നതിനുള്ള കൃത്യമായ തെളിവായിത്തീരുന്നു അമർനാഥ് ക്ഷേത്രത്തെക്കുറിച്ചുള്ള ലേഖനം.
Ideological State Apparatus എന്നൊരു തിയറിയുണ്ട്. 1970ൽ പ്രസിദ്ധീകരിച്ച Ideology and Ideological State Apparatuses എന്ന പ്രബന്ധത്തിലാണ് അൽത്തൂസർ ഈ ആശയം വിശദീകരിച്ചത്. അദ്ദേഹം ഭരണകൂടത്തിന്റെ അധികാരസംവിധാനങ്ങളെ പ്രധാനമായും രണ്ട് വിഭാഗങ്ങളായി വേർതിരിക്കുന്നു.
1. Repressive State Apparatus (RSA) അടിച്ചമർത്തൽ ഭരണകൂട ഉപകരണങ്ങൾ
ഇവ പ്രധാനമായും ബലപ്രയോഗത്തിലൂടെയും ശിക്ഷയിലൂടെയും അധികാരം നിലനിർത്തുന്നു. ഉദാഹരണങ്ങളാണ് പോലീസ്, സൈന്യം, കോടതികൾ, ജയിലുകൾ എന്നിവ. ഇപ്പോൾ ഡൽഹി സമരങ്ങളെ പൊലീസ് നേരിടുന്ന വിധം, അഫ്സ്പ പോലെയുള്ള കരിനിയമങ്ങളിലൂടെ സൈന്യം ചെയ്യുന്നത്, സ്റ്റാൻ സ്വാമിയെപ്പോലെയുള്ള മനുഷ്യനെ തടവിലിടുന്നത്, ഇപ്പറഞ്ഞ കാര്യങ്ങളിലൂടെയൊക്കെ മനുഷ്യനെ അടിച്ചമർത്താൻ ഭരണകൂട ഉപകരണങ്ങൾ എങ്ങനെ ഉപയോഗിക്കാമെന്നു മോഡീ ഷാ സഖ്യം നമുക്ക് കാട്ടിത്തന്നിട്ടുണ്ട്.
2. Ideological State Apparatus (ISA) പ്രത്യയശാസ്ത്രപരമായ ഭരണകൂട ഉപകരണങ്ങൾ
ആശയങ്ങളിലൂടെ പിടി മുറുക്കുക എന്നതാണ് ഈ ഒരു ലൈൻ. ഇത് പ്രധാനമായും പ്രവർത്തിക്കുന്നത് പാഠപുസ്തകങ്ങളിലൂടെയും ഏത് ചരിത്രത്തിനാണ് പ്രാധാന്യം നൽകുന്നത്?
ചരിത്രവ്യാഖ്യാനങ്ങളിലൂടെയും ആരെയാണ് നായകനാക്കുന്നത്?, ആരെയാണ് ഒഴിവാക്കുന്നത്?
സ്കൂൾ അച്ചടക്കത്തിലൂടെയും; അധികാരത്തോടും നിയമങ്ങളോടും എങ്ങനെ പെരുമാറണം?
ദേശീയ ആഘോഷങ്ങളിലൂടെ; ദേശീയതയും സ്വത്വവും എങ്ങനെ മനസ്സിലാക്കണം?
പാഠ്യേതര പ്രവർത്തനങ്ങളിലൂടെ; ഏത് സാംസ്കാരിക മൂല്യങ്ങളാണ് പ്രോത്സാഹിപ്പിക്കുന്നത്? ഒക്കെയാണ്.
ഇത് നല്ല വെടിപ്പായി ഹിന്ദുത്വ ചെയ്യുന്നുണ്ട്. 2023 ഏപ്രിലിൽ നാഷണൽ കൗൺസിൽ ഓഫ് എജ്യുക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിംഗ് (NCERT) പന്ത്രണ്ടാം ക്ലാസ് പൊളിറ്റിക്കൽ സയൻസ്, ചരിത്ര പാഠപുസ്തകങ്ങളിൽ നിന്ന് മഹാത്മാഗാന്ധിയുടെ വധം, നാഥുറാം ഗോഡ്സെയുടെ പശ്ചാത്തലം, ആർ.എസ്.എസ് നിരോധനം എന്നിവയുമായി ബന്ധപ്പെട്ട നിർണ്ണായക ഭാഗങ്ങൾ നീക്കം ചെയ്തത് വലിയ രാഷ്ട്രീയ അക്കാദമിക് വിവാദത്തിന് വഴിവെച്ചിരുന്നു.
മാധ്യമങ്ങൾ Communications ISA
ഇതിലെ പ്രധാനപ്പെട്ട ഒരു വിഭാഗമാണ്.
മാധ്യമങ്ങൾ സമൂഹം യാഥാർഥ്യത്തെ എങ്ങനെ മനസ്സിലാക്കണം എന്നതിനെ സ്വാധീനിക്കുന്ന ശക്തമായ സ്ഥാപനങ്ങളാണ്. അവ പ്രവർത്തിക്കുന്ന ചില രീതികൾ താഴെ പറയുന്നവയാണ്.
Agenda setting: ഏതൊക്കെ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടണം എന്ന് നിർണയിക്കൽ.
Framing: ഒരു സംഭവത്തെ ഏത് കാഴ്ചപ്പാടിലൂടെ അവതരിപ്പിക്കുന്നു?
Repetition: ചില ആശയങ്ങളും പ്രതീകങ്ങളും ആവർത്തിച്ച് പ്രചരിപ്പിക്കൽ.
Representation: ആരെ നായകനായും ആരെ വില്ലനായും അവതരിപ്പിക്കുന്നു?
Omission: ചില സംഭവങ്ങളെയും സമൂഹങ്ങളെയും പൂർണമായും ഒഴിവാക്കൽ.
ഇവിടെ മയിൽപീലി യുടെ കാര്യം എടുക്കുക, വിനോദം വിജ്ഞാനം, സംസ്കാരം എന്നാണ് പരസ്യത്തിലെ ടാഗ് ലൈൻ. വിജ്ഞാനം എന്ന് പറഞ്ഞു പ്രചരിപ്പിക്കുന്ന ആശാസ്ത്രീയത എന്താണെന്നുള്ളതിന്റെ ഉദാഹരണം മുകളിൽ പറഞ്ഞിട്ടുണ്ട്. പിന്നെ സംസ്കാരം. എനർജി ഡ്രിങ്ക് (മാതാപിതാക്കളും മക്കളും അറിയാൻ) എന്ന പേരിൽ എൻ അജിതൻ നമ്പൂതിരി എന്നൊരാൾ എഴുതുതിയ ഒരു ആർട്ടിക്കിൾ (കോളം ആണോ എന്നറിയില്ല) ഇതേ ലക്കത്തിലുണ്ട്.
തിരക്കേറിയ ജീവിതത്തേക്കുറിച്ചും, രാവിലെ സൂര്യൻ ഉദിച്ചു വരുന്നത് കാണാൻ കഴിയാത്ത, കിളികളുടെ ശബ്ദം കേൾക്കാൻ കഴിയാത്ത കുട്ടികളെക്കുറിച്ച് നമ്പൂതിരി സങ്കടപ്പെടുന്നു. സാരമില്ല, പുള്ളി സങ്കടപ്പെട്ടോട്ടെ. ഇതിന് ശേഷം കക്ഷി പറയുന്നതാണ് പ്രശ്നം.
“ രാവിലെ എഴുന്നേറ്റ് കുളിച്ചുവരുന്ന അപൂർവം ചിലരെങ്കിലും ഉണ്ട്. യോഗ ചെയ്യുന്നവരുണ്ട്. നാമം ജപിക്കുന്നവരുണ്ട്. പശുവിനെ കറക്കുന്നവരുണ്ട്, മുറ്റം അടിച്ചുവാരുന്നവരുണ്ട്, നന്ത്യാർ വട്ടത്തിനും തുളസിക്കും വെള്ളമൊഴിക്കുന്നവരുണ്ട്… എന്ത് എനർജിയാണ് അവർക്ക്! ആ ചിട്ട അവരെ പരിശീലിപ്പിച്ചതിനുള്ള ബഹുമതി അവരുടെ അച്ഛനമ്മമാർക്കും മുത്തച്ഛനും മുത്തശ്ശിക്കുമൊക്കെ അവകാശപ്പെട്ടതാണ്.
10,000 കോടി കോശങ്ങളാണത്രേ ഒരു കുഞ്ഞിന്റെ മസ്തിഷ്കത്തിലുണ്ട് അവ തമ്മിൽ കണക്ഷൻ ഉണ്ടാകുന്നത് കാലക്രമത്തിലാണ്. ആ കണക്ഷനുകളാണ് ഒരാളെ മണ്ടനും മടിയനും മന്ദപ്പനും മഹാനും ബുദ്ധിമാനും പണക്കാരനും ഒക്കെയാക്കുന്നത്.“
തികഞ്ഞ ആശാസ്ത്രീയതയാണ് വിളമ്പുന്നത്.
മണ്ടത്തരം 1. കുഞ്ഞിന്റെ തലച്ചോറിൽ പതിനായിരം കോടി കോശങ്ങളുണ്ടോ?
ഇല്ല.
ഇവിടെ പറയുന്ന കോശങ്ങൾ Neurons അഥവാ നാഡീകോശങ്ങളാണ്. പതിറ്റാണ്ടിനു മുൻപ് ഇങ്ങനെ പറഞ്ഞിരുന്നു എന്നത് സത്യമാണ്. ഏകദേശം 86 ബില്യൺ Neurons ആണ് തലച്ചോറിൽ ഉള്ളത്. 2009-ൽ ബ്രസീലിയൻ ന്യൂറോ സയന്റിസ്റ്റായ, Suzana Herculano-Houzel, Frederico Azevedo, Roberto Lent തുടങ്ങിയ ഗവേഷകർ Journal of Comparative Neurology ൽ ഒരു പഠനം പ്രസിദ്ധീകരിച്ചു.
Equal numbers of neuronal and nonneuronal cells make the human brain an isometrically scaled-up primate brain. എന്നായിരുന്നു പഠനത്തിന്റെ പേര്. പഠനത്തിൽ കണ്ടെത്തിയത്, 86.1 ബില്യൺ

നാഡീകോശങ്ങൾ
ഏകദേശം 8,610 കോടി ന്യൂറോണുകൾ മനുഷ്യമസ്തിഷ്കത്തിൽ ഉണ്ടെന്നായിരുന്നു. 2009 ഫെബ്രുവരി 18 നാണ് ഈ പഠനം പ്രസിദ്ധീകരിക്കപ്പെട്ടത്. ഒരു പതിറ്റാണ്ടിന് മുൻപ് തിരുത്തപ്പെട്ട ഒരു കണക്ക് അറിയാതെയാണ് നമ്പൂതിരി മണ്ടത്തരം എഴുതിപിടിപ്പിക്കുന്നത്.
മണ്ടത്തരം 2 : ന്യൂറോണുകൾ തമ്മിലുള്ള കണക്ഷനുകൾ ആണോ ഒരാളെ ബുദ്ധിമാനോ മണ്ടനോ ആക്കുന്നത്.
അല്ല. ഇതിന് വ്യക്തമായി ഒരു കാരണം മാത്രം പറയാൻ സാധിക്കില്ല. മസ്തിഷ്കത്തിലെ ന്യൂറൽ ബന്ധങ്ങൾ മനുഷ്യന്റെ പഠനശേഷി, ഓർമ, ഭാഷ, ശ്രദ്ധ, ചിന്ത, വികാരനിയന്ത്രണം തുടങ്ങിയവയിൽ പ്രധാന പങ്കുവഹിക്കുന്നുണ്ട്. പക്ഷെ ഒരാളുടെ ബുദ്ധിശേഷി നിർണയിക്കുന്നത് ഈ കണക്ഷനുകളുടെ എണ്ണം മാത്രമല്ല.
അതിൽ പല ഘടകങ്ങൾ പ്രവർത്തിക്കുന്നുണ്ട്. ജനിതക ഘടകങ്ങൾ (Genetics), ഗർഭകാലത്തെ പോഷണം, ആരോഗ്യം, ബാല്യകാലത്തെ പോഷണം, വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം, കുടുംബത്തിലെ പഠനാന്തരീക്ഷം, സാമൂഹികവും സാമ്പത്തികവുമായ സാഹചര്യങ്ങൾ, ഉറക്കം, മാനസിക സമ്മർദം, ആരോഗ്യപ്രശ്നങ്ങൾ, പഠനത്തിനും അനുഭവങ്ങൾക്കും ലഭിക്കുന്ന അവസരങ്ങൾ എന്നിങ്ങനെ.
രണ്ടെണ്ണം എടുത്തു പറഞ്ഞെന്നേയുള്ളൂ, പശുവിനെ കറക്കുന്നവർക്കും നന്ത്യാർ വട്ടത്തിനും തുളസിക്കും വെള്ളമൊഴിക്കുന്നവർക്കും എന്നാ എനർജിയാണ് കൂടുതൽ കിട്ടുന്നതെന്നു നാസയിലെ K7 മാമ്മന് പോലും കണ്ടു പിടിക്കാനായിട്ടില്ല, സാരമില്ല ലേഖകൻ നമ്പൂരിക്ക് അറിയാമായിരിക്കും. This is classic!
ബാലഗോകുലത്തിന്റെ ആശയപ്രപഞ്ചത്തിൽ ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ട ബിംബങ്ങൾക്കു വലിയ പ്രാധാന്യമുണ്ട്. മേൽപ്പറഞ്ഞ ലക്കം അവസാനിക്കുന്ന പേജിലും ശ്രീകൃഷ്ണന്റെ ചിത്രം നൽകിയിരിക്കുന്നു.
എന്താണ് ശ്രീ കൃഷ്ണന് സമകാലിക ഇന്ത്യയിലെ സംഘപരിവാർ നൽകുന്ന പ്രാധാന്യം?

2003ലെ RSS പ്രമേയത്തിൽ രാമൻ, കൃഷ്ണൻ, ശിവൻ എന്നീ മൂന്ന് ദൈവങ്ങളെയും ഭാരതത്തിന്റെ സാംസ്കാരികവും ആത്മീയവുമായ സ്വത്വത്തിന്റെ പ്രതീകങ്ങളായി വിശേഷിപ്പിച്ചിരുന്നു. സംഘപരിവാർ രാഷ്ട്രീയത്തിൽ ശ്രീകൃഷ്ണന് നൽകുന്ന പ്രാധാന്യം മതപരമായ ഭക്തിയിലോ പുരാണസ്മരണയിലോ മാത്രം ഒതുങ്ങുന്നില്ല. രാമനെ അയോധ്യയുമായി ബന്ധപ്പെടുത്തി ഒരു രാഷ്ട്രീയ സാംസ്കാരിക പ്രതീകമാക്കിയതുപോലെ, കൃഷ്ണനെ മഥുരയുമായി ബന്ധപ്പെടുത്തി ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടുത്ത പ്രധാന കേന്ദ്രമാക്കാനുള്ള ശ്രമം നടക്കുന്നത് ആദ്യമായല്ല.
1984 ഏപ്രിലിൽ VHP സംഘടിപ്പിച്ച ആദ്യ ധർമ്മ സൻസദ് അയോധ്യ, മഥുര, കാശി എന്നീ മൂന്ന് സ്ഥലങ്ങളിലെ പള്ളികൾ നീക്കം ചെയ്ത് ക്ഷേത്രങ്ങൾ പുനഃസ്ഥാപിക്കണമെന്ന ആവശ്യം മുന്നോട്ടുവച്ചു. 1995ൽ മഥുരയിൽ VHP സംഘടിപ്പിച്ച പ്രചാരണത്തെക്കുറിച്ചുള്ള ഒരു പഠനം ചൂണ്ടിക്കാട്ടുന്നത്, കൃഷ്ണനുമായി ബന്ധപ്പെട്ട പ്രചാരണം യാദവരും മറ്റു പിന്നാക്ക വിഭാഗങ്ങളും ഉൾപ്പെടുന്ന ജനവിഭാഗങ്ങളിലേക്ക് ഹിന്ദുത്വ രാഷ്ട്രീയം വ്യാപിപ്പിക്കാനുള്ള സാധ്യതയോടും ബന്ധപ്പെട്ടിരുന്നു എന്നാണ്.

ഷാഹി ഈദ്ഗാഹ് മസ്ജിദ്
മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാൻ ക്ഷേത്രസമുച്ചയത്തോടു ചേർന്നാണ് ഷാഹി ഈദ്ഗാഹ് മസ്ജിദ് സ്ഥിതി ചെയ്യുന്നത്.
ഹിന്ദു ഹർജിക്കാരുടെ പ്രധാന വാദം
ഇവിടെ കൃഷ്ണൻ ജനിച്ചുവെന്നാണ് വിശ്വാസം.
മുഗൾ ചക്രവർത്തി ഔറംഗസീബിന്റെ കാലത്ത് പഴയ ക്ഷേത്രം തകർത്താണ് പള്ളി നിർമ്മിച്ചതെന്നാണ് അവരുടെ ആരോപണം.
അതിനാൽ പള്ളി നീക്കം ചെയ്ത് ജന്മസ്ഥലത്തിന്റെ പൂർണ നിയന്ത്രണം ക്ഷേത്രത്തിന് നൽകണം.
മുസ്ലിം പക്ഷത്തിന്റെ വാദം
മസ്ജിദിന് നിയമപരമായ അവകാശവും ചരിത്രപരമായ നിലനിൽപ്പുമുണ്ട്.
1968-ൽ ഇരുവിഭാഗങ്ങളുടെയും സ്ഥാപനങ്ങൾ തമ്മിൽ ഭൂമിയുടെ ഉപയോഗവും അതിർത്തികളും സംബന്ധിച്ച് ഒത്തുതീർപ്പുണ്ടാക്കിയിരുന്നു.
ആ ഒത്തുതീർപ്പ് നിയമപരമായി നിലനിൽക്കേണ്ടതാണ്.
1968 ഒക്ടോബർ 12-ലെ ഒത്തുതീർപ്പിന്റെ അടിസ്ഥാനത്തിൽ ഇരുവിഭാഗങ്ങൾക്കും ആരാധനാലയങ്ങൾ നിലനിർത്താൻ ധാരണയുണ്ടായി. 1973-ലും 1974-ലും കോടതി ഉത്തരവുകളിലൂടെ ഈ ഒത്തുതീർപ്പ് രേഖപ്പെടുത്തി. അങ്ങനെ കാര്യങ്ങൾ വലിയ കുഴപ്പമില്ലാതെ പോകുമ്പോൾ ഞാൻ ഓക്കേ അല്ലെങ്കിലോ എന്ന് പറയുന്ന സലിം കുമാറിന്റെ കഥാപാത്രം പോലെ RSS രംഗത്തിറങ്ങുന്നു.
2026ൽ, മഥുരയിലെ തർക്കവുമായി ബന്ധപ്പെട്ട് ഹിന്ദു ഹർജിക്കാർ 18 കേസുകൾ ഫയൽ ചെയ്തിട്ടുണ്ട്.
2026 നവംബർ 20-ന് അലഹബാദ് ഹൈക്കോടതി ചില അപേക്ഷകൾ തീർപ്പാക്കി. 1968-ലെ ഒത്തുതീർപ്പിന്റെ സാധുതയെക്കുറിച്ചുള്ള ഒരു അപേക്ഷ നവംബർ 21-ന് തള്ളിയെങ്കിലും, അതിന്റെ നിയമസാധുതയിൽ അന്തിമ തീരുമാനം എടുത്തിട്ടില്ല.
തർക്കസ്ഥലത്ത് സർവേ നടത്തുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ സുപ്രീംകോടതിയിലെ നടപടികൾക്കു വിധേയമാണ്.

കെശവ് പ്രസാദ് മൗര്യ
2026 നവംബർ 16-ന് ഉത്തർപ്രദേശ് ഉപമുഖ്യമന്ത്രി കെശവ് പ്രസാദ് മൗര്യ പറഞ്ഞ വാക്കുകൾ ശ്രദ്ധിക്കുക:
“Ayodhya hui humari, ab Mathura ki baari.”
“അയോധ്യ നമ്മുടേതായി, ഇനി മഥുരയുടെ ഊഴം.” എന്ന്.
2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ കൃഷ്ണജന്മഭൂമി വിഷയം പ്രധാന രാഷ്ട്രീയ വിഷയമാക്കുമെന്ന് അദ്ദേഹം വ്യക്തമാക്കിയതായും റിപ്പോർട്ടുകളുണ്ട്. നവംബർ 18-നും മഥുരയിൽ അയോധ്യയിലേതുപോലെ വലിയ കൃഷ്ണക്ഷേത്രം വേണമെന്ന ആഗ്രഹം അദ്ദേഹം ആവർത്തിച്ചു. അയോധ്യയിലെ പ്രസ്ഥാനം വിജയിച്ചുവെന്ന രാഷ്ട്രീയ ഭാഷയിൽനിന്ന് മഥുരയിലേക്കും കാശിയിലേക്കും ശ്രദ്ധ മാറ്റുന്നു. 2026 നവംബറിലെ മൗര്യയുടെ പ്രസ്താവന ഈ തുടർച്ചയുടെ പുതിയ ഉദാഹരണമാണ്.
മഥുരയിലെ കൃഷ്ണജന്മഭൂമി വിഷയം 2026ൽ പെട്ടെന്ന് ഉണ്ടായ ഒരു രാഷ്ട്രീയ ആവശ്യമല്ല. 1984ലെ മൂന്ന് ക്ഷേത്രങ്ങളുടെ അജണ്ട, 1995ലെ യാദവ സമൂഹത്തെ ലക്ഷ്യമിട്ട പ്രചാരണം, 2003ലെ RSS പ്രമേയം, 2021ലെ മഥുരയുടെ ഭരണപരമായ മതപരമായ പുനർനിർവചനം, 2026ലെ BJP തിരഞ്ഞെടുപ്പ് പ്രസ്താവന ഇവയെല്ലാം ചേർത്തുവായിക്കുമ്പോഴാണ് ഈ വിഷയത്തിന്റെ രാഷ്ട്രീയ ചരിത്രം വ്യക്തമായി മനസ്സിലാകുക.
സംഘപരിവാർ പ്രസ്ഥാനങ്ങളുടെ ഭാഗമായി പ്രവർത്തിക്കുന്ന ബാലഗോകുലത്തിന് കീഴിൽ 1999 ഒക്ടോബർ 19ന് വിജയദശമി ദിനത്തിലാണ് മയിൽപ്പീലി മാസിക പ്രസിദ്ധീകരണം ആരംഭിച്ചത്. മാസികയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി 2006-ൽ കോട്ടയം കേന്ദ്രമായി ‘മയിൽപ്പീലി ചാരിറ്റബിൾ സൊസൈറ്റി’ രൂപീകരിച്ചു. പിന്നീട് 2015 മുതൽ മാസികയുടെ പ്രധാന പ്രവർത്തന കേന്ദ്രം കോഴിക്കോട്ടേക്ക് മാറ്റി. മയിൽപ്പീലിക്കൂട്ടം എന്ന പേരിൽ 2018 മുതൽ കുട്ടികളുടെ കൂട്ടായ്മകളും കലാ-സാഹിത്യ ക്യാമ്പുകളും സംഘടിപ്പിക്കാൻ തുടങ്ങി.
‘ഇന്റർപെലേഷൻ’ (Interpellation) എന്നൊരു സംഗതിയെക്കുറിച്ചും അൽത്യുസർ പറയുന്നുണ്ട്. ഒരു പ്രത്യയശാസ്ത്രം കേവലം പുറത്തുനിന്നുള്ള ഒരു നിർദ്ദേശമായി നിൽക്കാതെ, വ്യക്തിയെ നേരിട്ട് അഭിസംബോധന ചെയ്ത് അവനെ ഒരു ‘സബ്ജക്റ്റ്’ ആശയപരമായി രൂപപ്പെട്ട വ്യക്തി ആക്കി മാറ്റുന്ന പ്രക്രിയയെയാണ് ഇത്.
നേരിട്ടുള്ള അഭിസംബോധനയും സ്വത്വരൂപീകരണവും: കൂട്ടായ്മകളിലും ക്യാമ്പുകളിലും പങ്കെടുക്കുന്ന കുട്ടി കേവലം ഒരു നിഷ്പക്ഷ വായനക്കാരനല്ല; മറിച്ച് അവിടെ ഒരു പ്രത്യേക സാംസ്കാരിക-സാമൂഹിക സ്വത്വത്തിലേക്ക് “വിളിച്ചുവരുത്തപ്പെടുന്നു”. “നീ ഇതാണ്”, “നമ്മുടെ പാരമ്പര്യവും മൂല്യങ്ങളും ഇതാണ്” എന്ന തരത്തിലുള്ള സാംസ്കാരികവും വൈകാരികവുമായ അഭിസംബോധനകളിലൂടെ കുട്ടി സ്വയം ആ സ്വത്വം ഏറ്റെടുക്കുന്നു.
സമൂഹത്തിലൂടെയുള്ള (Peer & Collective) ഉറപ്പിക്കൽ: ഒറ്റയ്ക്കിരുന്ന് വായിക്കുന്നതിനേക്കാൾ ശക്തമാണ് സമാനപ്രായക്കാരുടെ കൂട്ടായ്മകളും ക്യാമ്പുകളും. അവിടെ കൂട്ടുകാർക്കൊപ്പം പാടുകയും എഴുതുകയും ചർച്ച ചെയ്യുകയും ചെയ്യുമ്പോൾ, ആ സാംസ്കാരിക ചട്ടക്കൂട് കുട്ടിക്ക് കൂടുതൽ സ്വാഭാവികവും “തന്റേതായ” ഒന്നായും അനുഭവപ്പെടുന്നു.
ചുരുക്കത്തിൽ, സാംസ്കാരിക കൂട്ടായ്മകളും ക്യാമ്പുകളും കുട്ടികളെ കേവലം വിവരങ്ങൾ ശേഖരിക്കുന്നവരായിട്ടല്ല, മറിച്ച് ഒരു നിശ്ചിത സാംസ്കാരിക-മൂല്യാധിഷ്ഠിത ലോകത്തിന്റെ ഭാഗമായി സ്വയം തിരിച്ചറിയുന്ന വ്യക്തികളായി രൂപപ്പെടുത്തിയെടുക്കുന്ന ഇടങ്ങളായാണ് ഇന്റർപെലേഷൻ എന്ന സങ്കൽപ്പത്തിലൂടെ വായിക്കാനാകുന്നത്. ഇതേ കാര്യമാണ് ശാഖകളിലും നടക്കുന്നത്.
സ്വാംശീകരിച്ചു ഇല്ലാതാക്കുക എന്നതാണ് പണ്ടുമുതലേ ഭാരതത്തിൽ കൊട്ടിഘോഷിക്കപ്പെട്ട വൈദിക സംവിധാനം ചെയ്തിട്ടുള്ളത്, എന്നിട്ട് എല്ലാത്തിനെയും ഉൾക്കൊള്ളുന്നത് എന്ന തള്ളും. ഉൾക്കൊള്ളുകയല്ല സത്യത്തിൽ വിഴുങ്ങുകയാണ്. ചെന്നായ മുയലിനെ ഉൾക്കൊള്ളുന്നു എന്ന് നമ്മൾ പറയാറില്ലല്ലോ. ചെയ്യുന്നത്, പിടിച്ചു തിന്നുക എന്നതാണല്ലോ.

ലാലു പ്രസാദ് യാദവ്
അതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് ബുദ്ധമതത്തിന്റെ നാശം. ഒരിക്കൽ തങ്ങളുടെ വർഗീയ യാത്രയെ, ബാബറി മസ്ജിദ് പൊളിക്കുന്നതിന് മുന്നോടിയായിട്ടുള്ള അദ്വാനിയുടെ രഥയാത്രയെ തടഞ്ഞ് അദ്ദേഹത്തെ അറസ്റ്റ് ചെയ്ത ലാലു പ്രസാദ് യാദവിനെ നമുക്ക് ഓർമ്മയുണ്ട്. ഇന്നിപ്പോൾ ആ യാദവരെ കൂടെക്കൂട്ടുക എന്നൊരു ലക്ഷ്യം കൂടി കൃഷ്ണൻ എന്ന ബിംബത്തെ മുന്നോട്ട് വെക്കുമ്പോൾ ആർ.എസ്.എസ് ലക്ഷ്യമാക്കുന്നുണ്ട്.
അതുകൊണ്ട് തന്നെ മയിൽപീലി സ്കോളർഷിപ്പ് എന്ന പേരിൽ സ്കൂളുകളിലേക്ക്, വിദ്യാലയങ്ങളിലേക്ക്, കുട്ടികളിലേക്ക് കടന്നുവരാൻ ആർ.എസ്.എസ് നടത്തുന്ന ശ്രമങ്ങളെ നമുക്ക് ചേറുക്കേണ്ടതുണ്ട്. കാരണം അങ്ങനെ കടന്നുവരുന്നത് വെറുമൊരു സ്കോളർഷിപ്പോ വെറുമൊരു പരീക്ഷയോ അല്ല. വളരെ അപകടകരമായിട്ടുള്ള ഒരു ആശയമാണ്. വർഗീയതയിൽ അധിഷ്ഠിതമായിട്ടുള്ള ഒരു ആശയമാണ്.
Mere Exposure Effect എന്നൊരു സംഗതിയുണ്ട്. പരിചിതത്വത്തിലൂടെ രൂപപ്പെടുന്ന ഇഷ്ടം എന്ന് വേണമെങ്കിൽ വിവർത്തനം ചെയ്യാം.സാമൂഹിക മനഃശാസ്ത്രജ്ഞനായ റോബർട്ട് സയോങ്ക് (Robert Zajonc) 1968ൽ പ്രസിദ്ധീകരിച്ച പഠനത്തിലൂടെയാണ് ഈ പ്രതിഭാസത്തെ വിശദീകരിച്ചത്.
സിമ്പിളായി പറഞ്ഞാൽ ഇത്രേയുള്ളൂ,
ഒരു വസ്തുവിനെയോ വ്യക്തിയെയോ ചിത്രത്തെയോ നാം ആവർത്തിച്ച് കാണുമ്പോൾ, മറ്റൊരു പ്രത്യേക കാരണമില്ലെങ്കിലും അതിനോട് കൂടുതൽ അനുകൂലമായ മനോഭാവം രൂപപ്പെടാൻ സാധ്യതയുണ്ട്.
ഉദാഹരണത്തിന്, ഒരു ദൈവത്തിന്റെ ചിത്രം കുട്ടിക്കാലം മുതൽ വീട്ടിൽ കാണുന്നു.
അതേ ചിത്രം ക്ഷേത്രങ്ങളിലും കലണ്ടറുകളിലും ടെലിവിഷനിലും കാണുന്നു.പൂജകളിലും ആഘോഷങ്ങളിലും ആ ചിത്രം വീണ്ടും പ്രത്യക്ഷപ്പെടുന്നു.ക്രമേണ ആ ചിത്രം നമ്മുടെ വ്യക്തിപരമായ ഓർമകളുടെയും കുടുംബബന്ധങ്ങളുടെയും വിശ്വാസത്തിന്റെയും ഭാഗമാകുന്നു. ഇവിടെ സംഭവിക്കുന്നത് ഒരു സാധാരണ ദൃശ്യപരിചയം മാത്രമല്ല. ആ ചിത്രവുമായി നമ്മുടെ വൈകാരിക അനുഭവങ്ങൾ ബന്ധപ്പെടുന്നു.
ആ ചിത്രം കാണുമ്പോൾ തന്നെ സുരക്ഷിതത്വം, വിശ്വാസം, സ്നേഹം, പ്രതീക്ഷ, സ്വത്വബോധം തുടങ്ങിയ വികാരങ്ങൾ ഉണരാം.
അങ്ങനെ ഒരു Emotional Conditioning സംഭവിക്കുന്നു.
ഈ പ്രോക്സിമിറ്റിയെ രാഷ്ട്രീയം എങ്ങനെയാണ് ഉപയോഗിക്കുന്നത്?
ഒരു രാഷ്ട്രീയ പ്രസ്ഥാനം ജനങ്ങളുടെ മനസ്സിൽ സ്വാധീനം ചെലുത്താൻ എല്ലായ്പ്പോഴും ആശയങ്ങൾ വിശദീകരിക്കേണ്ടതില്ല. ചിലപ്പോൾ ഒരു ചിത്രം, ഒരു ചിഹ്നം, ഒരു നിറം, ഒരു പതാക എന്നിവ തന്നെ വലിയ രാഷ്ട്രീയ സന്ദേശമായി മാറും.
ഒരു ചിഹ്നം നിരന്തരം നമ്മുടെ കാഴ്ചയിൽ കൊണ്ടുവരുന്നു. അതോടെ അത് അപരിചിതമായ ഒന്നല്ലാതാകുന്നു.ആ ചിഹ്നത്തെ അഭിമാനം, മതം, ദേശസ്നേഹം, ത്യാഗം, വീര്യം തുടങ്ങിയ വികാരങ്ങളുമായി ബന്ധിപ്പിക്കുന്നു. ക്രമേണ ആ ചിഹ്നം ഒരു വ്യക്തിയുടെ സ്വകാര്യ ഇഷ്ടത്തിനപ്പുറം അയാളുടെ കൂട്ടായ സ്വത്വത്തിന്റെ ഭാഗമാകുന്നു.
അങ്ങനെ ഒരു ചിഹ്നത്തെ വിമർശിക്കുന്നത് സ്വന്തം മതത്തെയോ രാജ്യത്തെയോ സമൂഹത്തെയോ വിമർശിക്കുന്നതിന് തുല്യമാണെന്ന തോന്നൽ പോലും രൂപപ്പെടാം.
ഇതിന്റെ ഏറ്റവും കൃത്യമായ ഉദാഹരണമായി നാസിസം സ്വസ്തികയെ ഉപയോഗിച്ചത് കാണാനാവും.
ഇവിടെ ശ്രദ്ധിക്കേണ്ട ഒരു കാര്യം 2009ൽ റിലീസ് ചെയ്ത Little Krishna എന്ന 13 എപ്പിസോഡുകളുള്ള 3D ആനിമേഷൻ സീരീസ് ഇപ്പോൾ ZEE5-ൽ 2025 നവംബർ 28-ന് Little Krishna എന്ന പേരിൽ പുതിയ ആനിമേഷൻ പതിപ്പ് ആയി പുറത്തിറക്കിയിട്ടുണ്ട്. ഹിന്ദി, ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ലഭ്യമായ ഈ സീരീസ്, കൃഷ്ണനെ ഒരു കുട്ടിദൈവം എന്നതിലുപരി രക്ഷകനും വീരനായകനുമായാണ് ചിത്രീകരിക്കുന്നത്.
ഇവിടെ 2026ൽ പ്രസിദ്ധീകരിച്ച അനിമേഷൻ Xpress-ന്റെ ഒരു വ്യവസായ റിപ്പോർടട്ടിൽ നൽകിയിരിക്കുന്ന കണക്കുകൾ പ്രകാരം, Little Krishna യുടെ യൂട്യൂബ് ലെ പ്രേക്ഷകശ്രദ്ധ 1.34 ബില്യൺ+ ആണ് എന്നുള്ളതാണ്. Little Krishna കൂടാതെ Krishna Balram, Chhota Bheem തുടങ്ങിയ ആനിമേഷൻ പരിപാടികളും ഇവിടെ ഹിന്ദുത്വയ്ക്ക് വേണ്ടി പണിയെടുക്കുന്നുണ്ട്.

ബാബറി മസ്ജിദ് പൊളിച്ചു അവിടെ, പള്ളിപ്പറമ്പിൽ രാമനെ കുടിയിരുത്തിയതോടെ സംഘപരിവാറിന് രാമനെക്കൊണ്ടുള്ള രാഷ്ട്രീയ നേട്ടം കഴിഞ്ഞിരിക്കുന്നു. ഇനി മഥുരയിലെ ശ്രീകൃഷ്ണ ജന്മസ്ഥാൻ ക്ഷേത്രസമുച്ചയത്തോടു ചേർന്നുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദാണ് സംഘപരിവാറിന്റെ ലക്ഷ്യം. അതവർ തുറന്നു പറഞ്ഞിട്ടുമുണ്ട്. അതിലേക്കുള്ള വഴിയൊരുക്കലുകളാണ്.
ഉത്തർപ്രദേശിലെ മൊറാദാബാദിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവായിരുന്ന, സംഘപരിവാറുമായും പ്രത്യേകിച്ച് VHP യോടും രാമജന്മഭൂമി പ്രസ്ഥാനത്തോടും കടുത്ത പ്രണയമുണ്ടായിരുന്ന ദൗ ദയാൽ ഖന്ന 1983 മേയ് 23-ന് ഇന്ദിരാഗാന്ധിക്ക് അയച്ച കത്തിൽ, അയോധ്യയിലെ ബാബറി മസ്ജിദ്.
മഥുരയിലെ ഷാഹി ഈദ്ഗാഹ്,വാരണാസിയിലെ ഗ്യാൻവാപി മസ്ജിദ്, എന്നിവ ഹിന്ദുക്കൾക്ക് വിട്ടുനൽകണമെന്ന് ആവശ്യപ്പെട്ടു; പ്രണയത്തിന്റെ കട തുറക്കാൻ ആയിരിക്കണം!

ഗ്യാൻവാപി മസ്ജിദ്
അന്ന് തുടങ്ങിയ ഈ ആവശ്യം ഇപ്പോൾ വന്നു നിൽക്കുന്നത് 2020 സെപ്റ്റംബർ 25ന് മഥുരയിലെ സിവിൽ കോടതിയിൽ പുതിയൊരു സിവിൽ കേസ് ഫയൽ ചെയ്തതിലാണ്. അയോധ്യയിലെ രാമജന്മഭൂമി കേസിൽ 2019-ൽ സുപ്രീംകോടതി വിധി വന്നതിനുശേഷമാണ് മഥുരയിലെ തർക്കം വീണ്ടും കോടതിയിലൂടെ ശക്തമായി ഉന്നയിക്കപ്പെട്ടത്.
വിധിതലേന്ന്, ദൈവത്തോട് വഴി ചോദിച്ചു ദൈവം പറഞ്ഞു കൊടുക്കുന്ന വിധി പകർത്തിയെഴുതുന്ന ന്യായാധിപൻമാരുള്ള നാട്ടിൽ ബാബറി പോലെ ബുദ്ധിമുട്ടി പൊളിക്കേണ്ട, കോടതിയിൽ പോയി ചോദിച്ചാൽ മതി, വേണ്ടത് കിട്ടും എന്ന് സംഘപരിവാർ കരുതിയാൽ കുറ്റം പറയാൻ പറ്റില്ല. 2026 ലും പുതിയ ഹർജികൾ സമർപ്പിക്കപ്പെട്ടിട്ടുണ്ട്.
ഇങ്ങനെ ഒരു സാഹചര്യത്തിൽ സംഘപരിവാറിന് അവരുടെ നരേറ്റീവിന് അനുകൂലമായ ഒരു പൊതുബോധവും മറ്റ് കാര്യങ്ങളും സൃഷ്ടിക്കേണ്ടത് ആവശ്യമാണ്. 2009 ലാണ് ലിറ്റിൽ കൃഷ്ണ തുടങ്ങുന്നത്. ഇപ്പോൾ 2025 ൽ ലിറ്റിൽ കൃഷ്ണയുടെ രണ്ടാം ഭാഗം വരുന്നു. അപ്പോൾ അന്ന് 10 വയസ്സുള്ള ഒരാൾക്ക് ഇന്ന് 25 വയസ്സ് പ്രായമുണ്ട്. നോക്കൂ, നമ്മൾ ഇതിൽ കാണേണ്ട ഒരു കാര്യം എന്ന് പറയുന്നത് കൃത്യമായിട്ടും അപ്പോൾ അവർക്ക് അതിലേക്കുണ്ടാവുന്ന ഒരു പ്രോക്സിമിറ്റിയും കാര്യങ്ങളുമുണ്ട്.
ഇതേ പ്രോക്സിമിറ്റിയും കാര്യങ്ങളും സംഘപരിവാർ ഉന്നയിക്കുന്ന ഒരു കാര്യത്തോടുള്ള ഒരു പൊതുസമ്മതിയായിട്ട് തീരണം എന്ന് സംഘപരിവാർ ശക്തികൾ ആഗ്രഹിക്കുന്നുണ്ട്. ഫാസിസം എന്നും പ്രവർത്തിച്ചിട്ടുള്ളത് ഈ തലത്തിലാണ്. ഇങ്ങനെയാണ് നമ്മൾ ആ വിഷയത്തെ കാണേണ്ടത്. ഇവിടെ സമ്മതി എന്നത് നിർബന്ധത്തിലൂടെ നേടിയെടുക്കുന്നതല്ല. മറിച്ച് ചില ആശയങ്ങൾ സ്വാഭാവികവും അംഗീകരിക്കപ്പെടേണ്ടതുമായ കാര്യങ്ങളായി ജനങ്ങളുടെ മനസ്സിൽ സ്ഥാപിക്കപ്പെടുന്നു. കൺസന്റ് എന്നത് പലപ്പോളും manufacture ചെയ്തെടുക്കുന്ന ഒന്നാണ് എന്നോർക്കുക്ക.
സംഘപരിവാറിന്റെ ലക്ഷ്യം മഥുരയിലെ ഷാഹി ഈദ്ഗാഹ് തകർക്കുക എന്നത് തന്നെയാണ്. കൃഷ്ണനെ ഉയർത്തിക്കാട്ടിയുള്ള ഓരോ പ്രചരണവും അതിന് വേണ്ടിയാണ്. ഈ ലേഖനത്തിന്റെ തുടക്കത്തിൽ പറഞ്ഞ മയിൽപ്പീലിയുടെ ലക്കത്തിലുമുണ്ട് അവസാന പേജിൽ ഓമനത്തം തുളുമ്പുന്ന ഒരു കൃഷ്ണന്റെ ചിത്രം. ബാബരി മസ്ജിദ് തകർക്കപ്പെടുന്നതിന് മുമ്പുള്ള കാലത്ത് VHP, ബജ്റംഗ്ദൾ തുടങ്ങിയ സംഘടനകളുടെ പ്രചാരണത്തിൽ “3 nahin to 3000” എന്ന മുദ്രാവാക്യം ഉപയോഗിക്കപ്പെട്ടിരുന്നു.

അയോധ്യയിലെ രാമജന്മഭൂമി മഥുരയിലെ കൃഷ്ണജന്മഭൂമി, കാശിയിലെ വിശ്വനാഥ ക്ഷേത്രം, ഈ മൂന്ന് സ്ഥലങ്ങൾ പൂർണ്ണമായും ഹിന്ദുക്കൾക്ക് വിട്ടുകൊടുക്കണം, അല്ലെങ്കിൽ മുസ്ലിം ഭരണാധികാരികൾ ക്ഷേത്രങ്ങൾ തകർത്തു പള്ളികൾ പണിതുവെന്നു സംഘപരിവാർ പറയുന്ന, ശ്രദ്ധിക്കുക, സംഘപരിവാർ മാത്രം പറയുന്ന ആയിരക്കണക്കിന് സ്ഥലങ്ങളിലും കലാപം നടത്തുമെന്നായിരുന്നു ആ മുദ്രാവാക്യത്തിന്റെ സന്ദേശം.

അയോദ്ധ്യയിലെ പള്ളിപ്പറമ്പിൽ സംഘപരിവാറിന്റെ രാമനെ (ഹിന്ദുവിന്റെയല്ല) കുടിയിരുത്തിയ പോലെ യാദവൻമാരുടെ, അതായത് താഴെത്തട്ടിലുള്ള കാലിമേച്ച് നടന്നിരുന്ന സാധാരണ മനുഷ്യരുടെ ദൈവമായിരുന്ന കൃഷ്ണനെ ആര്യനൈസ് ചെയ്ത് ഇപ്പോൾ ഷാഹി ഈദ്ഗാഹ് മസ്ജിദ് തകർത്ത് ആ പള്ളിപ്പറമ്പിൽ കുടിയിരുത്തി, അത് വോട്ടാക്കി മാറ്റുക എന്നുള്ളതാണ് സംഘപരിവാറിന്റെ ലക്ഷ്യം. അത് കൊണ്ടാണ് സംഘപരിവാറിന്റെ മയിൽപീലി ഭഗവാൻ കൃഷ്ണന്റെയല്ല സംഘപരിവാറിന്റെ വെറും പ്രചാരണ പീലിയാണെന്നും നമുക്ക് പറയേണ്ടി വരുന്നത്.
