നിങ്ങൾ ഒരു കാര്യം പറഞ്ഞിട്ട് ആരും കേൾക്കുന്നില്ല എങ്കിൽ ആദ്യം ചെരുപ്പൂരി ഒന്നടിക്കുക എന്നിട്ട് പറയുക എന്ന് പറഞ്ഞത് ബർണാഡ് ഷായാണ്. വിജയൻ മാഷ് ഒരിക്കൽ പറഞ്ഞതാണ്. മാഷിന്റെ അവസാന പത്രസമ്മേളനത്തിലും മാഷ് ഇതേ ആശയം പറഞ്ഞിരുന്നു. വാക്കുകൾ വെറും വാക്കുകളല്ല എന്നും വാക്കുകൾ കൊണ്ട് അടിക്കാമെന്നും.
സിമ്പിളായി പറഞ്ഞാൽ ഈ കാര്യമാണ് മഹാരാജാസ് കോളേജ് വൈസ് ചെയർ പേഴ്സൺ നഫീസത്തുല് മിസ്റിയ കൊൺവൊക്കേഷൻ ദിവസം ചെയ്തത്. രണ്ട് ഇമ്പാക്ട് ആണ് അവരുടെ പ്രതികരണം ഉണ്ടാക്കിയത്.
1 . സംഘപരിവാറിന് വേണ്ടി ദാസ്യവൃത്തി ചെയ്തിരുന്ന വി.ഡി സതീശൻ സർക്കാരിനുള്ള മുഖത്തൊരടി റോജി.എം.ണിന് കിട്ടി, അല്ലെങ്കിൽ നഫീസത്തുല് മിസ്റിയ കൊടുത്തു.
2 . മറവിയിലേക്ക് വലതു മാധ്യമങ്ങൾ തള്ളിയിരുന്ന ഒരു സമരത്തെ, ഒരു വലിയ മനുഷ്യാവകാശ പ്രശ്നത്തെ അവർ അവഗണിക്കാനാവാത്ത വിധം വീണ്ടുമെടുത്തു പൊതുസമൂഹത്തിനു മുന്നിൽ വച്ചു.
മഹാരാജാസിൽ അന്ന് എന്തു സംഭവിച്ചു? എന്തിനായിരുന്നു മഹാരാജാസിലെ പ്രതിഷേധം?
ബിരുദദാന ചടങ്ങിനായി ഉന്നത വിദ്യാഭ്യാസ മന്ത്രി റോജി.എം.ജോൺ മഹാരാജാസ് കോളേജിൽ എത്തുന്നു. മഹാരാജാസ് കോളേജ് വൈസ് ചെയർ പേഴ്സൺ നഫീസത്തുല് മിസ്റിയ ചോദ്യം ചോദിക്കാനായി മൂന്ന് നിമിഷം ആവശ്യപ്പെട്ടു.
അത് നൽകിയില്ല, അവർ സംസാരിച്ചപ്പോൾ മൈക്ക് ഓഫ് ചെയ്തു, തുടർന്ന് അവർ മൈക്കില്ലാതെ സംസാരിച്ചു. തന്നെപ്പോലെയുള്ള 16 വിദ്യാർത്ഥികളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കയും, നീതിനിഷേധവും മന്ത്രിയുടെയും സമൂഹത്തിന്റെയും ശ്രദ്ധയിൽ കൊണ്ട് വരാൻ വേണ്ടി നടത്തിയ ഒന്നായിരുന്നു ആ പ്രതിഷേധം.

മഹാരാജാസിൽ ഉന്നതവിദ്യാഭ്യാസ മന്ത്രിയോട് ചോദ്യം ചോദിക്കുന്ന നഫീസത്തുല് മിസ്റിയ
ആളും ആരവവും ഒഴിഞ്ഞിട്ട് മന്ത്രി എസ്.എഫ്.ഐ പ്രവർത്തകരുടെ ചെവിയിൽ പോയി രഹസ്യമായി കൊടുക്കേണ്ട ഒന്നല്ല വിശദീകരണം.
എന്തിനായിരുന്നു സമരം?
2026 ജൂലൈ 22-ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ അനിശ്ചിതകാല വിദ്യാർത്ഥി സമരം ആരംഭിച്ചത്. വിദ്യാർത്ഥികളുടെ അക്കാദമികവും ഭരണപരവുമായ പ്രശ്നങ്ങൾ പരിഹരിക്കണമെന്നും സർവകലാശാലയിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തണമെന്നും ആവശ്യപ്പെട്ട്, എസ്.എഫ്.ഐയുടെ നേതൃത്വത്തിലായിരുന്നു സമരം. വിദ്യാർത്ഥികൾ മുന്നോട്ടുവെച്ചത് 18 ആവശ്യങ്ങളടങ്ങിയ അവകാശപത്രികയായിരുന്നു.
സമരത്തിന്റെ പ്രധാന ആവശ്യങ്ങൾ
1 . അധ്യാപക നിയമനം: ഒഴിവുള്ള തസ്തികകളിൽ ഗസ്റ്റ് അധ്യാപകരെ ഉടൻ നിയമിക്കുക. അധ്യാപകരുടെ കുറവ് മൂലം പഠനം തടസ്സപ്പെടുന്നുവെന്നായിരുന്നു വിദ്യാർത്ഥികളുടെ പരാതി.
2 . ഗവേഷക ഫെലോഷിപ്പുകൾ: മുടങ്ങിക്കിടക്കുന്ന ഗവേഷണ ഫെലോഷിപ്പുകൾ വിതരണം ചെയ്യുക, പുതിയ ഗവേഷകർക്ക് ഫെലോഷിപ്പിന് അപേക്ഷിക്കാനുള്ള നടപടികൾ ആരംഭിക്കുക.
3 . സർട്ടിഫിക്കറ്റ് വിതരണം: വിദ്യാർത്ഥികൾക്ക് അച്ചടിച്ച സർട്ടിഫിക്കറ്റുകൾ സമയബന്ധിതമായി നൽകുക. സർട്ടിഫിക്കറ്റ് വിതരണം വൈകുന്നതും സമരത്തിലെ പ്രധാന ആവശ്യമായിരുന്നു.
4 . അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുക: ശുദ്ധജലം, ഹോസ്റ്റൽ സൗകര്യങ്ങൾ, ക്ലാസ് മുറികൾ, പഠനസ്ഥലങ്ങൾ, ആരോഗ്യകേന്ദ്രം, കായിക സൗകര്യങ്ങൾ എന്നിവ മെച്ചപ്പെടുത്തുക. ഫൈൻ ആർട്സ് വിഭാഗങ്ങൾക്ക് ആവശ്യമായ ഉപകരണങ്ങളും ലൈറ്റുകളും ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു.
5 . വിദ്യാർത്ഥികളുടെ ക്ഷേമം: വിദ്യാർത്ഥികളുടെ മാനസികാരോഗ്യ സംരക്ഷണത്തിനായി പ്രൊഫഷണൽ കൗൺസിലറെ നിയമിക്കുക, ക്യാമ്പസിലെ ആരോഗ്യപരിരക്ഷാ സൗകര്യങ്ങൾ മെച്ചപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിച്ചു.
6 . വൈസ് ചാൻസലറുമായും സിൻഡിക്കേറ്റുമായും ചർച്ച: വിദ്യാർത്ഥികളുടെയും ഗവേഷകരുടെയും പരാതികൾ കേൾക്കാൻ വൈസ് ചാൻസലർ ക്യാമ്പസിൽ എത്തുക, സിൻഡിക്കേറ്റും അക്കാദമിക് കൗൺസിലും അടിയന്തരമായി യോഗം ചേർന്ന് പ്രശ്നങ്ങൾ പരിഹരിക്കുക എന്നിവയായിരുന്നു പ്രധാന ആവശ്യങ്ങൾ.
വിവാദസംഭവം
ഓഗസ്റ്റ് 13 ന് സർവകലാശാലയിലെ സിൻഡിക്കേറ്റ് യോഗം നടന്നുകൊണ്ടിരിക്കെ ഭരണവിഭാഗം ഓഫീസിന് സമീപം വിദ്യാർത്ഥികൾ ഒരു പ്രതീകാത്മക സമരം നടത്തി.
വിദ്യാർത്ഥികളുടെ വിശദീകരണമനുസരിച്ചു അത് മാസങ്ങളായി പ്രവർത്തനരഹിതമായി കിടന്നിരുന്ന സ്റ്റേജ് സ്പോട്ട്ലൈറ്റുകളോടുള്ള പ്രതിഷേധമായിരുന്നു. നാടകാവതരണങ്ങൾക്ക് ആവശ്യമായ സ്പോട്ട്ലൈറ്റുകൾ മാസങ്ങളായി പ്രവർത്തിച്ചിരുന്നില്ലെന്നാണ് വിദ്യാർത്ഥികൾ പറഞ്ഞത്.
പരാതി പലതവണ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടും പരിഹാരമുണ്ടായില്ലെന്ന് അവർ ആരോപിച്ചു. ഇതിലേക്ക് ശ്രദ്ധ ക്ഷണിക്കുന്നതിനായി, പ്രവർത്തനരഹിതമായ ലൈറ്റുകളെ പ്രതീകാത്മകമായി മരിച്ചതായി അവതരിപ്പിച്ച് അവയുടെ അന്ത്യകർമങ്ങൾ നടത്തുന്നതുപോലുള്ള പ്രതിഷേധമാണ് നടത്തിയതെന്ന് അവർ വിശദീകരിച്ചു. ഇതിനെ സാധൂകരിക്കുന്ന വിഷ്വലുകളും പൊതുമധ്യത്തിലുണ്ട്.

ലൈറ്റ് മരിച്ചേ എന്ന പ്രതിഷേധ നാടകം
ശ്രദ്ധിക്കേണ്ട ഒരു കാര്യം, സർവകലാശാലയിലെ 2026 ഓഗസ്റ്റ് 13-ലെ സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വ്യത്യസ്ത എഫ്.ഐ.ആറുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട് എന്നതാണ്. ഒന്നാമത്തെ എഫ്.ഐ.ആർ ഓഗസ്റ്റ് 13 നും രണ്ടാമത്തേത് ഓഗസ്റ്റ് 16 നുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഒന്നാമത്തേതിൽ പ്രതിഷേധത്തിനിടെ അന്യായമായി സംഘംചേരൽ, മുദ്രാവാക്യം വിളിക്കൽ, വഴി തടയൽ, പൊലീസുമായുള്ള സംഘർഷം എന്നിവയാണ് കാരണങ്ങൾ.
ആദ്യ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിട്ടും സംഭവത്തിന് മൂന്ന് ദിവസത്തിനുശേഷം വൈസ് ചാൻസലറുടെ പരാതിയിൽ അതേ സംഭവവുമായി ബന്ധപ്പെട്ട് രണ്ടാമത്തെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തു.
ആദ്യ കേസിൽ ഗുരുതരമായ ആരോപണങ്ങൾ ഉണ്ടായിരുന്നില്ല. പക്ഷെ 16ന് രജിസ്റ്റർ ചെയ്ത രണ്ടാമത്തെ എഫ്.ഐ.ആറിൽ വൈസ് ചാൻസലറെയും സിൻഡിക്കേറ്റ് അംഗങ്ങളെയും തടഞ്ഞുവെക്കൽ, കൈയേറ്റം, പരിക്കേൽപ്പിക്കൽ, ഔദ്യോഗിക വാഹനം കേടുവരുത്തൽ തുടങ്ങിയ ആരോപണങ്ങൾ എന്നിങ്ങനെ ഗുരുതരമായ കുറ്റങ്ങൾ കൂട്ടിച്ചേർത്തു.
ഇതിനിടയിൽ ഓഗസ്റ്റ് 14 ന് നടന്ന ഒരു സംഭവം, ഗവർണർ R.V. അർലേക്കർ മുഖ്യമന്ത്രി V.ഡി സതീശനെ വിളിക്കുകയും, ‘എസ്.എഫ്.ഐ സമരത്തിനിടെ ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ഡോ. സിസ തോമസിന്റെ പ്രതീകാത്മക ശവസംസ്കാരം നടത്തിയെന്ന റിപ്പോർട്ടിൽ’ ശക്തമായ നടപടി എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.
ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഗവർണർക്ക് ഉറപ്പ് നൽകി. സതീശൻ രാജ്ഭവൻ സന്ദർശിച്ചപ്പോഴാണ് അർലേക്കർ വിഷയം ഉന്നയിച്ചത്. സംഭവം കേവലം വിദ്യാർത്ഥികളുടെ പ്രതിഷേധമായി നിസാരമായി കാണരുതെന്ന് ഗവർണർ പറഞ്ഞു.
ഓഗസ്റ്റ് 15ന് സിസ തോമസ് തന്നെ മുടിയിൽ പിടിച്ചുവെന്നും ശരീരത്തിൽ മാന്തിയെന്നും ഔദ്യോഗിക വാഹനം കേടുവരുത്തിയെന്നും മാധ്യമങ്ങളോട് വിശദീകരിച്ചു.
എന്നാൽ ദേഹോപദ്രവത്തിന്റെ പേരിൽ പരാതി നൽകാൻ ഉദ്ദേശിക്കുന്നില്ലെന്നും ഔദ്യോഗിക വാഹനം കേടുവരുത്തിയതിന് നിയമനടപടി സ്വീകരിക്കുമെന്നും അന്ന് പറഞ്ഞിരുന്നു. ഓഗസ്റ്റ് 16ന് കേരള കൗമുദിക്ക് നൽകിയ വിശദമായ അഭിമുഖത്തിൽ, പ്രതീകാത്മക ശവസംസ്കാരം തനിക്കെതിരായതാണെന്ന് അവർ നേരിട്ട് ആരോപിച്ചു.
ഉദാഹരണത്തിന് ഒരു സംഘപരിവാർ അനുകൂലി, ഒരു ശവത്തിന്റെ ചിത്രീകരണം കാണുമ്പോൾ അത് സിനിമയിൽ ജഗതി പറയുന്ന പോലെ എന്നെ തന്നെ ഉദ്ദേശിച്ചാണ് എന്ന് സ്വയം ഐഡന്റിഫൈ ചെയ്യാൻ തുടങ്ങിയാൽ നമുക്കൊന്നും ചെയ്യാൻ സാധിക്കില്ല.
അവർ യജമാനസ്ഥാനത്ത് നിർത്തുന്ന സംഘപരിവാർ എന്ന ഹെയീനയുടെ സ്വഭാവമുള്ള കൂട്ടം അവരെ ആ മനോനിലയിലേക്കെത്തിച്ചു എന്നതിൽ മാറി നിന്നു ദുഖിക്കാനെ നമുക്ക് സാധിക്കൂ.
ഓഗസ്റ്റ് 16ന് സിസ തോമസ്, ഗവർണർ അർലേക്കറെ കണ്ടശേഷം, കൈയേറ്റം, ദേഹോപദ്രവം, ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ, വാഹനം കേടുവരുത്തൽ തുടങ്ങിയ ആരോപണങ്ങൾ ഉന്നയിച്ചു, മുഖ്യമന്ത്രി, ആഭ്യന്തരമന്ത്രി, ഉന്നതവിദ്യാഭ്യാസ മന്ത്രി, സംസ്ഥാന പൊലീസ് മേധാവി, ഉന്നതവിദ്യാഭ്യാസ സെക്രട്ടറി എന്നിവർക്കു പരാതി നൽകി.
ആരാണ് സിസ തോമസ്?
2022 നവംബർ മൂന്ന്: അന്നത്തെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ഡോ. സിസാ തോമസിന് എ.പി.ജെ. അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ (KTU) താത്ക്കാലിക വൈസ് ചാൻസലറുടെ ചുമതല നൽകി.
സർക്കാർ ഹൈക്കോടതിയെ സമീപിച്ചു. സിംഗിൾ ബെഞ്ച് വിധി സിസ തോമസിന് അനുകൂലമായിരുന്നു. സർക്കാർ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചു. പിന്നീട് വന്ന വിധിയിൽ, കെ.ടി.യു നിയമത്തിലെ വകുപ്പ് 13(7) പ്രകാരം താത്ക്കാലിക വി.സി. നിയമനത്തിനുള്ള പേരുകൾ ശുപാർശ ചെയ്യാനുള്ള അധികാരം സർക്കാരിനാണെന്ന് കോടതി വ്യക്തമാക്കി.
കോടതി സർക്കാരിന്റെ ശുപാർശാധികാരം അംഗീകരിച്ചെങ്കിലും, അന്നത്തെ നിയമനം റദ്ദാക്കാതിരുന്നതിനാൽ സിസാ തോമസിന് തുടർന്നും താൽക്കാലിക വി.സി.യായി പ്രവർത്തിക്കാൻ കഴിഞ്ഞു.

കാലടി സർവകലാശാല വി.സി സിസ തോമസ്
ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ 2026 മാർച്ച് 5-ന് കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ വി.സി. ഡോ. കെ.കെ. ഗീതാകുമാരിയെ സ്ഥാനത്തുനിന്ന് മാറ്റി. തുടർന്ന് സിസാ തോമസിന് അടുത്ത ഉത്തരവ് വരുന്നതുവരെ അധികചുമതല നൽകി.
തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗത്തിലും കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ് വിഭാഗത്തിലും വകുപ്പ് മേധാവിയായി പ്രവർത്തിച്ച പരിചയം വച്ചാണ് വെറും ആരാധ്യനായ അർലേക്കർ സിസ തോമസിനെ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിസി ആക്കിയത്. തികച്ചും മാതൃകാപരം ആദിശങ്കരൻ പണ്ട് ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എച്ച്.ഒ.ഡി ആയിരുന്നല്ലോ.
ആരിഫ് മുഹമ്മദ് ഖാൻ ഗവർണർ ആയിരുന്നപ്പോളേയുള്ള സംഘപരിവാർ നോമിനിയാണ് സിസ തോമസ്. അവർ കാരണം 16 വിദ്യാർഥികൾ രണ്ട് മാസമായി സസ്പെൻഷനിലായിരുന്നു.
ആദ്യമായി സ്വന്തം വിദ്യാർത്ഥികളെ പരീക്ഷ എഴുതാൻ അനുവദിച്ച ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ ഡിവിഷൻ ബെഞ്ചിനെ സമീപിച്ച വി.സി എന്ന നിലയിൽ സിസ തോമസിന്റെ പേര് കാവി ലിപികളിലായിരിക്കും ചരിത്രത്തിൽ രേഖപ്പെടുത്തപ്പെടുക.
ഇവിടെയുള്ള ഒരു കുഴപ്പം, യു.ഡി.എഫ് അധികാരമേറ്റതിന് ശേഷം ഉന്നത വിദ്യാഭ്യാസ വകുപ്പ് കൈകാര്യം ചെയ്യുന്നത് റോജി എം ജോൺ ആണോ അതോ സംഘപരിവാർ ആണോ എന്ന് സംശയമുണ്ടാകുന്ന വിധത്തിലാണ് കാര്യങ്ങൾ പോകുന്നത്. വിശദമായി പറയാം.
മഹാത്മാഗാന്ധി സർവകലാശാല: വൈസ് ചാൻസലർ നിയമനം
2026 ജൂണിൽ ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ, എം.ജി. സർവകലാശാലയുടെ ചുമതലയുള്ള വൈസ് ചാൻസലറായി ഡി. മാവൂത്തുവിനെ നിയമിച്ചു. കൊച്ചിൻ സർവകലാശാലയിലെ സംഘപരിവാർ അനുകൂല അധ്യാപകസംഘടനാ പശ്ചാത്തലമുള്ള വ്യക്തിയാണ് മാവൂത്ത്.

എം.ജി. സർവകലാശാല വൈസ് ചാൻസലർ ഡി.മാവൂത്ത്
വെറും പശ്ചാത്തലമല്ല, ‘കൊച്ചിൻ യൂണിവേഴ്സിറ്റി ടീച്ചേഴ്സ് സംഘ്’ (Cochin University Teachers’) എന്ന പരിവാർ അനുകൂല സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളാണ് മാവൂത്ത്. ഇവിടെ നിയമനത്തിന് ആവശ്യമായ പാനൽ സർക്കാർ സമർപ്പിച്ചിരുന്നില്ല.
എം.ജി. സർവകലാശാല സെനറ്റിൽ 19 പേരുടെ നാമനിർദേശം
2026 ജൂണിൽ തന്നെ ഗവർണർ 30 അംഗ എം.ജി. സർവകലാശാല സെനറ്റിലേക്ക് 19 പേരെ നാമനിർദേശം ചെയ്തു. ബി.ജെ.പി, ആർ.എസ്.എസ്, സംഘപരിവാർ അനുകൂല സംഘടനകളുമായി ബന്ധമുള്ളവരായിരുന്നു ഇവരിൽ ഭൂരിഭാഗവും.
ബി.ജെ.പി ദേശീയ സമിതി അംഗമായിരുന്ന ജെ. പ്രമീളാദേവി, അഭിഭാഷക പരിഷത്തുമായി ബന്ധമുള്ള എൻ. ശങ്കരരാമൻ തുടങ്ങിയവർ ഇതിലുൾപ്പെടുന്നു.
മൂന്ന് വൈസ് ചാൻസലർമാർ ആർ.എസ്.എസ് പരിപാടിയിൽ പങ്കെടുത്തു
ഇതേ മാസം തന്നെ തിരുവനന്തപുരം ഉദയ് പാലസ് കൺവെൻഷൻ സെന്ററിൽ നടന്ന ആർ.എസ്.എസ് ശതാബ്ദി പ്രഭാഷണ പരിപാടിയിൽ മൂന്ന് സർവകലാശാലാ വൈസ് ചാൻസലർമാർ പങ്കെടുത്തത് വലിയ വിവാദമായി.
1 . ഡോ. മോഹനൻ കുന്നുമ്മൽ — കേരള ആരോഗ്യശാസ്ത്ര സർവകലാശാല.
2 . ഡി. മാവൂത്തു — എം.ജി. സർവകലാശാലയുടെ ചുമതലയുള്ള വൈസ് ചാൻസലർ.
3 . ഡോ. സി.ആർ. പ്രസാദ് — മലയാളം സർവകലാശാലയുടെ ചുമതലയുള്ള വൈസ് ചാൻസലർ.
കാലിക്കറ്റ് സർവകലാശാലയിലെ 32 പേരുടെ നിയമനവിവാദം
കാലിക്കറ്റ് സർവകലാശാലയിലെ വിവിധ ബോർഡ്സ് ഓഫ് സ്റ്റഡീസിലേക്ക് UVAS (ഉന്നതവിദ്യാഭ്യാസ അധ്യാപക സംഘം) മായി ബന്ധമുള്ളവരെന്ന് സംഘടന തന്നെ അവകാശപ്പെട്ട 32 പേരെ നിയമിച്ചു. അവരിൽ ചിലർ പ്രധാന പഠനബോർഡുകളുടെ അധ്യക്ഷരായി.
നിയമനങ്ങളുടെ പട്ടിക സിൻഡിക്കേറ്റിന്റെ പരിഗണനയ്ക്കു മുന്നിൽ വെച്ചിരുന്നില്ലെന്ന വിമർശനവും ഉയർന്നു. മുൻ ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദു ഉൾപ്പെടെയുള്ളവർ, ഇതിനെതിരെ രംഗത്ത് വന്നു.
പാഠ്യപദ്ധതിയും സിലബസും രൂപപ്പെടുത്തുക, പുതുക്കുക, ബിരുദ, ബിരുദാനന്തര കോഴ്സുകളിലെ അക്കാദമിക ഉള്ളടക്കം നിർണയിക്കുക, പരീക്ഷാ രീതികളും അക്കാദമിക നിലവാരവുമായി ബന്ധപ്പെട്ട നിർദേശങ്ങളും തയ്യാറാക്കുക, പുതിയ വിദ്യാഭ്യാസ പരിഷ്കാരങ്ങൾ പാഠ്യപദ്ധതിയിൽ എങ്ങനെ നടപ്പാക്കണമെന്ന് തീരുമാനിക്കുന്നതിൽ പങ്കുവഹിക്കുക, എന്നിങ്ങനെ വളരെ അവധാനതയോടെ ചെയ്യേണ്ട ഉത്തരവാദിത്തങ്ങളാണ് ബോർഡ്സ് ഓഫ് സ്റ്റഡീസ്ന് ഉള്ളത്. അവിടെയാണ് സംഘികളെ തിരുകിക്കയറ്റുന്നത്.
മുകളിൽ പറഞ്ഞ കാര്യങ്ങളിൽ സർക്കാരിന്റെ പ്രതികരണം
ഇടക്കാല വി.സി. നിയമനത്തിനായി ഗവർണർ സർക്കാരിനോട് പേരുകളോ പാനലോ ആവശ്യപ്പെട്ടിരുന്നില്ലെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി റോജി എം. ജോൺ പറഞ്ഞു. സർവകലാശാലാ ചട്ടപ്രകാരം ഇടക്കാല വി.സി.യെ നിയമിക്കാൻ ചാൻസലറായ ഗവർണർക്ക് അധികാരമുണ്ടെന്ന് അംഗീകരിച്ചു.
കഴിഞ്ഞ എൽ.ഡി.എഫ് സർക്കാർ ഇതേപോലൊരു ഘട്ടത്തിൽ ശക്തമായ നിയമപോരാട്ടം നടത്തിയിരുന്നു. ഇവിടെ ആർ.എസ്.എസ് കുനിയാൻ പറയുമ്പോൾ ഇഴയുന്ന റോജി.എം.ജോണിനെയാണ് മേൽപ്പറഞ്ഞ കാര്യങ്ങളിൽ കാണുന്നത്. വി ഡി സതീശൻ സർക്കാരിന്റെ നയം തന്നെ മന്ത്രി റോജിയും പിന്തുടരുന്നു.
‘When you rise in anger, a great-grandfather froths at your mouth ‘ എന്ന് കസാൻദ്സാക്കിസ് പറയുന്നുണ്ട്. ഏതാണ്ട് അതേപോലെ ഒരു വെള്ളപ്പേപ്പറിൽ മാപ്പെഴുതികൊടുത്തു തിരിച്ചു കയറാവുന്നതല്ലേയുള്ളൂ എന്ന് റോജി.എം.ജോണിന്റെ തൊണ്ടയിലിരുന്നു സവർക്കർ പറയുന്നത് നമ്മൾ കേട്ടു.
എന്നാൽ മാപ്പുമില്ല ഒരു കോപ്പുമില്ല എന്ന് പരസ്യമായി പറഞ്ഞു കൊണ്ട് 16 വിദ്യാർഥികളുടെ സസ്പെൻഷൻ ഉപാധികളില്ലാതെ പിൻവലിക്കണമെന്ന ആവശ്യമുന്നയിച്ചു കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സർവകലാശാലയിലെ വിദ്യാർഥികൾ 2026 നവംബർ 2ന് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചു.
ഇന്ന് 2026 നവംബർ 23ന് ഹൈക്കോടതിയുടെ നിർണായക വിധി വന്നിരിക്കുന്നു. ജസ്റ്റിസ് പി.വി. കുഞ്ഞിക്കൃഷ്ണന്റെ ബെഞ്ച് 16 വിദ്യാർഥികളുടെ സസ്പെൻഷനും സർവകലാശാലയുടെ അന്വേഷണ റിപ്പോർട്ടും റദ്ദാക്കി.
വിദ്യാർഥികളെ ഉടൻ ക്യാമ്പസിൽ പ്രവേശിപ്പിക്കാനും സാധാരണ ക്ലാസുകളിൽ പങ്കെടുക്കാനും ഉത്തരവിട്ടു. ആറാഴ്ചയ്ക്കുള്ളിൽ പ്രത്യേക പരീക്ഷ നടത്താൻ നിർദേശിച്ചു. സർവകലാശാലയ്ക്ക് പുതിയ അന്വേഷണം നടത്താമെന്നും എന്നാൽ അന്വേഷണ കാലയളവിൽ വിദ്യാർഥികളെ വീണ്ടും സസ്പെൻഡ് ചെയ്യരുതെന്നും വ്യക്തമാക്കി.

കാലടിയിൽ നിരാഹാര സമരത്തിൽ കിടക്കുന്ന വിദ്യാർത്ഥികളെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ സന്ദർശിച്ചപ്പോൾ
ഇതിനകം 84 ദിവസം സസ്പെൻഷനിൽ കഴിഞ്ഞ കാലയളവ് ഭാവിയിൽ എന്തെങ്കിലും ശിക്ഷ തീരുമാനിക്കുമ്പോൾ പരിഗണിക്കണമെന്നും വ്യക്തമാക്കി.
സവർക്കറെ ഉള്ളിൽ കൊണ്ട് നടക്കുന്ന മന്ത്രി റോജിയായിരുന്നു വിദ്യാർത്ഥികളുടെ സ്ഥാനതെങ്കിൽ വെള്ളപ്പേപ്പറിൽ മാപ്പെഴുതി കൊടുത്തു തിരികെ കയറുമായിരുന്നു എന്നാണല്ലോ അദ്ദേഹത്തിന്റെ പ്രതികരണം വ്യക്തമാക്കുന്നത്.
സ്നേഹം കൊണ്ട് പറയുന്നതാണ്, പ്രിയപ്പെട്ട റോജി എം ജോൺ, പഠിച്ച രാഷ്ട്രീയവും ചരിത്രവും ആർ.എസ്.എസിന് അടിയറവ് വച്ചു, അഭിമാനം അടിയറവ് വച്ചു തുടരരുത് (individual choice ആണ്, മാനിക്കുന്നു) പക്ഷെ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ പഠിച്ച വെറും ആരാധ്യയായ സിസ തോമസ് നിർബന്ധമായും കുറച്ചു ചരിത്രം പഠിക്കണം.
സ്നേഹം കൊണ്ട് പറയുന്നതാണ് ഇല്ലെങ്കിൽ നിങ്ങൾ പെട്ട് പോകും, നിങ്ങൾക്കറിയില്ല ഈ സംഘടന എന്താണ് എന്നും ആ കുട്ടികൾ തോറ്റു തരില്ല എന്നും.
1974–1977 കാലഘട്ടത്തിൽ ദൽഹിയിലെ ജവഹർലാൽ നെഹ്റു സർവകലാശാലയിൽ (ജെ.എൻ.യു) എസ്.എഫ്.ഐ (എസ്.എഫ്.ഐ) നടത്തിയ പോരാട്ടങ്ങൾ, ഇന്ത്യൻ വിദ്യാർത്ഥി രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും നിർണായകമായ അധ്യായങ്ങളിൽ ഒന്നാണ്.
അഡ്മിഷൻ നയവും പിന്നാക്ക സംവരണവും (Deprivation Points): 1970-കളുടെ തുടക്കത്തിൽ ജെ.എൻ.യുവിനെ വരേണ്യവർഗ്ഗത്തിന്റെ (Elite) മാത്രം സ്ഥാപനമായി നിലനിർത്താനുള്ള ഭരണകൂട ശ്രമങ്ങൾക്കെതിരെ എസ്.എഫ്.ഐ രംഗത്തുവന്നു.
ഗ്രാമീണ മേഖലകളിൽ നിന്നുള്ളവർക്കും, സാമ്പത്തികമായും സാമൂഹികമായും പിന്നാക്കം നിൽക്കുന്നവർക്കും പ്രവേശനത്തിൽ മുൻഗണന നൽകുന്ന ‘ഡിപ്രിവേഷൻ പോയിന്റ്’ (Deprivation Points) സംവിധാനം നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് പ്രകാശ് കാരാട്ടിന്റെ നേതൃത്വത്തിൽ എസ്.എഫ്.ഐ ശക്തമായ പ്രക്ഷോഭം നടത്തി.
ഈ സമരം വിജയിച്ചതോടെയാണ് രാജ്യത്തിന്റെ വിദൂര ഗ്രാമങ്ങളിൽ നിന്നുള്ള സാധാരണക്കാരായ വിദ്യാർത്ഥികൾക്ക് ജെ.എൻ.യുവിലേക്ക് വാതിൽ തുറന്നുകിട്ടിയത്.
1975 ജൂൺ 25-ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ, ഡൽഹിയിലെ മിക്ക സർവകലാശാലകളും ഭയത്താൽ നിശ്ശബ്ദമായെങ്കിലും ജെ.എൻ.യു ശക്തമായ പ്രതിരോധത്തിന്റെ കേന്ദ്രമായി മാറി.
1977-ൽ അടിയന്തരാവസ്ഥ പിൻവലിക്കപ്പെടുകയും കേന്ദ്രത്തിൽ ജനതാ പാർട്ടി സർക്കാർ അധികാരത്തിൽ വരുകയും ചെയ്തെങ്കിലും, ഇന്ദിരാഗാന്ധി അപ്പോഴും ജെ.എൻ.യുവിന്റെ ചാൻസലർ (Chancellor) സ്ഥാനത്ത് തുടരുന്നുണ്ടായിരുന്നു.
അടിയന്തരാവസ്ഥക്കാലത്ത് വിദ്യാർത്ഥികളെ ജയിലിലടയ്ക്കുകയും ക്യാമ്പസ് ജനാധിപത്യം തകർക്കുകയും ചെയ്ത വ്യക്തി സർവകലാശാലയുടെ തലപ്പത്ത് തുടരാൻ പാടില്ലെന്ന് എസ്.എഫ്.ഐ പ്രഖ്യാപിച്ചു.
46 ദിവസത്തെ സമരം
സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ വിദ്യാർത്ഥികൾ അനിശ്ചിതകാല സമരവും അഡ്മിനിസ്ട്രേറ്റീവ് ബ്ലോക്ക് ഉപരോധവും ആരംഭിച്ചു. ഏകദേശം 46 ദിവസത്തോളം സമരം നീണ്ടുനിന്നു.
ഇന്ദിരാഗാന്ധിയുടെ വസതിയിലേക്കുള്ള മാർച്ച് (Historical March)
സമരത്തിന്റെ ഭാഗമായി സീതാറാം യെച്ചൂരിയുടെ നേതൃത്വത്തിൽ നൂറുകണക്കിന് വിദ്യാർത്ഥികൾ ഇന്ദിരാഗാന്ധിയുടെ ദൽഹിയിലെ 12 വില്ലിംഗ്ഡൺ ക്രസന്റ് (12 Willingdon Crescent) വസതിയിലേക്ക് മാർച്ച് നടത്തി.
വസതിക്ക് പുറത്ത് തടിച്ചുകൂടിയ വിദ്യാർത്ഥികൾക്ക് മുന്നിലേക്ക് ഇന്ദിരാഗാന്ധിക്ക് ഇറങ്ങിവരേണ്ടി വന്നു. സീതാറാം യെച്ചൂരി ഇന്ദിരാഗാന്ധിക്ക് മുന്നിൽ നിന്ന് വിദ്യാർത്ഥികളുടെ കുറ്റപത്രം (Chargesheet) വായിച്ചു കേൾപ്പിച്ചു.
ഈ സംഭവം ദേശീയ തലത്തിൽ വലിയ വാർത്തയാവുകയും, തൊട്ടടുത്ത ദിവസങ്ങളിൽ തന്നെ ഇന്ദിരാഗാന്ധി ജെ.എൻ.യു ചാൻസലർ സ്ഥാനം രാജിവയ്ക്കുകയും ചെയ്തു. ചാൻസലർ ഇന്ദിരയോട് തോൽക്കാത്ത എസ്.എഫ്.ഐ വൈസ് ചാൻസലർ സിസ തോമസിനോട് തോൽക്കുന്നതെങ്ങിനെ?
Content Highlight:How can the SFI, which did not lose to Chancellor Indira Gandhi, lose to Vice-Chancellor Cisa Thomas?.
