കണ്ണൂർ രാഷ്ട്രീയത്തിൽ മാത്രമല്ല സംസ്ഥാനത്തെത്തന്നെ പിടിച്ചുകുലുക്കിയ പയ്യന്നൂരിലെ സി.പി.ഐ.എം പ്രവർത്തകൻ സി.വി ധനരാജ് വധക്കേസിൽ തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി വിധി പ്രസ്താവിച്ചു.

3 പ്രതികൾ കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തി. ശിക്ഷിക്കപ്പെട്ട മൂന്ന് പേരും ആർ.എസ്.എസുകാരാണ്. 16 പേരെ കോടതി വെറുതെ വിട്ടു. ഒന്നാം പ്രതി ടി.പി. ബിജു, രണ്ടാം പ്രതി വിപിൻ.എം, മൂന്നാം പ്രതി വൈശാഖ്. എം എന്നിവരാണ് കുറ്റക്കാർ. കോടതി ജഡ്ജി കെ.എൻ പ്രശാന്താണ് കേസിൽ വിധി പറഞ്ഞത്.
രാഷ്ട്രീയ വിരോധം മൂലം ആർ.എസ്.എസ്- ബി.ജെ.പി സംഘം ആസൂത്രണം ചെയ്ത കൊലപാതകമാണെന്നായിരുന്നു കേസ്.

2016 ജൂലൈ 11 നായിരുന്നു സി.പി.ഐ.എം ഏഴിമല ബ്രാഞ്ച് സെക്രട്ടറി ആയിരുന്ന ധനരാജിനെ വീട്ടുമുറ്റത്ത് വെച്ച് ബൈക്കിൽ എത്തിയ മൂന്നംഗ ബി.ജെ.പി – ആർ.എസ്.എസ് സംഘം വെട്ടികൊലപ്പെടുത്തിയത്. ബൈക്കിൽ വീട്ടിലേക്ക് വരികയായിരുന്ന ധനരാജിനെ ആർ.എസ്.എസ് സംഘം പിന്തുടരുകയായിരുന്നു. അമ്മ സി.വി മാധവിയുടെയും ഭാര്യ എൻ.വി സജിനയുടെയും മുന്നിൽ വെച്ചാണ് ധനരാജിനെ പ്രതികൾ കൊലപ്പെടുത്തിയത്.

സി.പി.ഐ.എം പ്രവർത്തകനും ഡി.വൈ.എഫ് .ഐ മുൻ വില്ലേജ് സെക്രട്ടറിയുമായിരുന്നു സി.വി ധനരാജ്. സി.പി.ഐ.എം-ബി.ജെ.പി, ആർ.എസ്.എസ് സംഘർഷങ്ങളുടെ ഭാഗമായി ബോധപൂർവം നടത്തിയ കൊലപാതകമാണ് ധനരാജിന്റേതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. പ്രതികളിൽ 20 പേരും ആർ.എസ്.എസ്- ബി.ജെ.പി പശ്ചാത്തലം ഉള്ളവരാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.

ധനരാജ് രക്തസാക്ഷി ഫണ്ടിൽ ക്രമക്കേട് നടന്നെന്ന സി.പി.ഐ.എം ജില്ലാ കമ്മിറ്റി അംഗമായിരുന്ന വി.കുഞ്ഞികൃഷ്ണൻ ആരോപിച്ചതിന് പിന്നാലെ ധനരാജ് വധക്കേസ് വീണ്ടും ചർച്ചയായിരുന്നു. 2025 സെപ്റ്റംബർ 25നാണ് തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി കേസിൽ വിചാരണ തുടങ്ങിയത്. 43 സാക്ഷികളെയാണ് കോടതി വിസ്തരിച്ചത്.

ധനരാജിനെ കൊലപ്പെടുത്താൻ രണ്ടിടത്ത് ഗൂഢാലോചന നടന്നെനന്നായിരുന്നു പോസിക്യൂഷന്റെ വാദം. 127 രേഖകൾ, വസ്ത്രങ്ങൾ, ആയുധം, വാഹനം ഉൾപ്പെടെ 33 മെറ്റീരിയൽ തെളിവുകളാണ് കോടതിയിൽ ഹാജരാക്കിയത്.

എന്നാൽ കൊലപാതകത്തിന്റെ ഉദ്ദേശം സ്ഥാപിക്കുന്നതിൽ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്നും പ്രതികൾ ഗൂഢാലോചന നടത്തിയെന്ന വാദം വിശ്വാസയോഗ്യമല്ലെന്നും ഇത് രാഷ്ട്രീയ കൊലപാതകമാണെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.  സാക്ഷി മൊഴികളിൽ വൈരുദ്ധ്യമുണ്ടെന്നും പ്രാഥമിക മൊഴി അനുസരിച്ച് കുറ്റകൃത്യം തെളിഞ്ഞില്ലെന്നും കോടതി പറഞ്ഞു.

ഒന്നാം സാക്ഷിയുടെ മൊഴിയിൽ കുറ്റകൃത്യം വ്യക്തമാകുന്നില്ലെന്നും ധനരാജിന്റെ മരണമൊഴി നിലൽക്കുന്നതല്ലെന്നും കോടതി പറഞ്ഞു. സാഹചര്യ തെളിവുകളേക്കാൾ കൂടുതൽ സാക്ഷി മൊഴികളെയാണ് പ്രോസിക്യൂഷൻ അവതരിപ്പിച്ചത്. ഈ സാക്ഷിമൊഴികളിലാണ് കോടതി വൈരുദ്ധ്യം ചൂണ്ടിക്കാണിച്ചത്.

മാധ്യമ വാർത്തകളിൽ വന്ന ചിത്രങ്ങൾ കണ്ടാണ് സാക്ഷികൾ പ്രതികളെ തിരിച്ചറിഞ്ഞതെന്ന വാദം കോടതി തള്ളി. അധികാരമില്ലാത്ത മജിസ്‌ട്രേറ്റ് മൊഴി രേഖപ്പെടുത്തിയെന്നും നടപടി നിയമവിരുദ്ധമെന്നും വിചാരണ കോടതി പറഞ്ഞു. പ്രോസിക്യൂഷന് പ്രതികളുടെ ടവർ ലൊക്കേഷൻ രേഖ ഹാജരാക്കാനായില്ലെന്നും പ്രതികളുടെ റിമാൻഡ് റിപ്പോർട്ട് നിലനിൽക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടി.

വിധിക്ക് പിന്നാലെ അപ്പീൽ പോകുമെന്ന് സി.പി.ഐ.എമ്മും ബി.ജെ.പി.യും വ്യക്തമാക്കി .

കോടതി വിധിയിൽ അപ്പീൽ പോകുമെന്നും ഹൈക്കോടതിയെ സമീപിക്കുമെന്നും സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. അതിനിഷ്ഠൂര കൊലപാതകമാണെന്ന് കോടതി തന്നെ പറഞ്ഞതാണെന്നും കേസ് തെളിയിക്കുന്നതിൽ വീഴ്ച സംഭവിച്ചത് ചൂണ്ടിക്കാണിച്ചാണ് കോടതി വിധി പറഞ്ഞതെന്നും ഇതെല്ലാം വെച്ച് കൊണ്ട് സർക്കാർ അപ്പീൽ പോകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും എം.വി.ഗോവിന്ദൻ പറഞ്ഞു.

വിധിക്കെതിരെ അപ്പീൽ പോകുമെന്ന് മുൻ രാജ്യസഭാംഗവും സി.പി.ഐ.എം കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ കെ.കെ.രാഗേഷ് പറഞ്ഞു.

‘ധനരാജിന്റെ ശരീരത്തിൽ 37 വെട്ടുകളാണ് ഉണ്ടായിരുന്നത്. ഈ വെട്ടുകൾ ഉണ്ടാക്കിയ മൂന്ന് പേരെയാണ് കോടതി ശിക്ഷിച്ചിട്ടുള്ളത്. ശിക്ഷാവിധിയെ സ്വാഗതം ചെയ്യുന്നു. നേരത്തെ ആർ.എസ്.എസിന് ഇതിൽ പങ്കില്ലെന്ന തരത്തിൽ പ്രചരണം നടന്നിരുന്നു. ഈ ആർ.എസ്.എസിന്റെ പ്രവർത്തകരാണ് ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളത്. സംശയത്തിന്റെ ആനുകൂല്യത്തിൽ വെറുതെ വിട്ട പ്രതികൾക്കെതിരെ അടിയന്തരമായി അപ്പീൽ നൽകുന്നതിന് സർക്കാർ തയാറാകണം,’

ശിക്ഷിക്കപ്പെട്ട മൂന്ന് പേരും നിരപരാധികളാണെന്നും വിധിക്കെതിരെ അപ്പീൽ നൽകുമെന്നും ബി.ജെ.പി കണ്ണൂർ നോർത്ത് ജില്ലാ പ്രസിഡന്റ് കെ.കെ. വിനോദ് കുമാർ പറഞ്ഞു.

വിധിയിൽ ആശ്വാസമെന്ന് ധനരാജിന്റെ ഭാര്യ സജിനി പറഞ്ഞു. നേരിട്ട് കുറ്റകൃത്യത്തിൽ പങ്കെടുത്തവരെ ശിക്ഷിച്ചതിൽ ആശ്വാസമുണ്ടെന്നും കുറ്റക്കാർ ശിക്ഷിക്കപ്പെടണമെന്നും അവർ കൂട്ടിച്ചേർത്തു. അപ്പീൽ അടക്കമുള്ള കാര്യങ്ങൾ പിന്നീട് തീരുമാനിക്കുമെന്നും അവർ വ്യക്തമാക്കി.

വിധിയിൽ പൂർണ തൃപ്തനെന്ന് പറയാൻ കഴിയില്ലെന്നും എന്നാൽ ധനരാജനെ കൊലപ്പെടുത്തിയ പ്രതികളിൽ ചിലരെ ശിക്ഷിക്കാൻ കോടതി തയാറായത് അല്പം തൃപ്തി നൽകുന്ന കാര്യമാണെന്നും വി. കുഞ്ഞികൃഷ്ണൻ പറഞ്ഞു. ധനരാജിന്റെ അമ്മയ്ക്കും ഭാര്യക്കും ചെറിയ രീതിയിൽ ആത്മവിശ്വാസം നൽകുന്ന ഒരു വിധിയാണിതെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: All three individuals convicted in the Dhanaraj murder case are RSS members; here are the details.