ന്യൂദൽഹി: പാർലമെന്റ് സമ്മേളനവുമായി ബന്ധപ്പെട്ട് തുടരുന്ന അനിശ്ചിതത്വത്തിൽ കേന്ദ്രസർക്കാരിനെതിരെ കോൺഗ്രസ്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത്ഷായും സ്വയം പുകഴ്ത്തുന്നതിൽ കുടുങ്ങിയിരിക്കുകയോ അല്ലെങ്കിൽ ഗൂഢമായ എന്തോ ഒന്ന് ആസൂത്രണം ചെയ്യുകയോ ആണെന്നും കോൺഗ്രസ് നേതാവ് ജയറാം രമേശ് പറഞ്ഞു.
അടുത്തിടെ പുറത്തിറങ്ങിയ ജി.ടി.എ 6 എന്ന വിഡീയോ ഗെയിമിന്റെ പേരിനോട് ചേർത്ത് ‘ഗ്യാനേഷ് തെഫ്റ്റ് അറേഞ്ചേഴ്സ്’ എന്ന് ഗ്യാനേഷ് കുമാറുമായുള്ള പ്രധാനമന്ത്രിയുടെയും ആഭ്യന്തരമന്ത്രിയുടെയും ബന്ധത്തെ പരിഹസിച്ച് ജയറാം രമേശ് എക്സിലൂടെ പറഞ്ഞു.
എന്തായാലും താരങ്ങളുടെ തനിനിറം പുറത്തായെന്നും ഈ പൈശാചിക കൂട്ടുകെട്ടിന്റെ തന്ത്രങ്ങൾ കാരണം പാർലമെന്റിന്റെ അന്തസ് ഇടിയുകയാണെന്നും അദ്ദേഹം പറഞ്ഞു.
ശീതകാല സമ്മേളനവും വർഷകാല സമ്മേളനവും നടക്കുന്നുണ്ടെങ്കിൽ അവ എപ്പോഴാണ് നടക്കുന്നതെന്ന് രാജ്യം അറിയേണ്ടതായുണ്ടെന്നും അദ്ദേഹം പറഞ്ഞു.
‘ശീതകാല സമ്മേളനം നടക്കുന്നുണ്ടെങ്കിൽ അത് എപ്പോഴായിരിക്കുമെന്നും അതുപോലെ ഇതുവരെ പിരിച്ചുവിടാത്ത വർഷകാല സമ്മേളനം വീണ്ടും ചേരാൻ പോകുന്നുണ്ടെങ്കിൽ അത് എപ്പോഴാണെന്നും അറിയാൻ രാജ്യത്തിന് അവകാശമുണ്ട്,’ ജയറാം രമേശ് പറഞ്ഞു.
ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷവും നേടിയെടുക്കാനുള്ള ഇരുവരുടെയും തീവ്രശ്രമങ്ങൾ കണ്ടുകഴിഞ്ഞ സ്ഥിതിക്ക് മണ്ഡല പുനർനിർണയത്തിനായി മോദിയും അമിത്ഷായും ഫോർമുല തയ്യാറാക്കിയിട്ടുണ്ടെങ്കിൽ അത് അറിയാൻ രാജ്യത്തിന് അവകാശമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘ഇരുവരും തുടരുന്ന ഈ അനിശ്ചിതത്വം രണ്ട് കാര്യങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഇരുവരുടെയും കൂട്ടുകെട്ട് സ്വയം വീമ്പിളക്കുന്നതിൽ മാത്രം ഒതുങ്ങിയിരിക്കുന്നു. അല്ലെങ്കിൽ വളരെ ഗൂഢമായ എന്തോ ഒന്ന് ആസൂത്രണം ചെയ്യുകയായിരിക്കും. ഇതിനോടകം തന്നെ വീണു തുടങ്ങിയ പാർലമെന്റ് ഈ പൈശാചിക കൂട്ടുകെട്ടിന്റെ തന്ത്രങ്ങൾ കാരണം വീണ്ടും ഇടിയുകയാണ്,’ അദ്ദേഹം പറഞ്ഞു.
പാർലമെന്റ് വർഷകാല സമ്മേളനം അനിശ്ചിതകാലത്തേക്ക് പിരിഞ്ഞിട്ട് 100 ദിവസം പിന്നിട്ടിട്ടും മണ്ഡല പുനർനിർണയ ബിൽ പാസാക്കുന്നതിനായി ലോക്സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം തികയ്ക്കാനുള്ള ശ്രമത്തിലാണ് മോദിയും അമിത്ഷായുമെന്ന് കോൺഗ്രസ് ശനിയാഴ്ച ആരോപിച്ചിരുന്നു.
Content Highlight: ‘Gyanesh Theft Arrangers’; Modi and Shah are plotting something sinister: Jairam Ramesh
