ഇതിഹാസ താരങ്ങളായ ലയണല്‍ മെസിയെയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെയും കുറിച്ച് ഡച്ച് താരം വിര്‍ജില്‍ വാന്‍ ഡൈക്ക്. ഫുട്ബോളിലെ എക്കാലത്തെയും മികച്ച താരം ആരാണെന്ന ചോദ്യത്തിന് സ്റ്റാന്‍ സ്പോര്‍ട് ടി.വിക് നല്കിയ അഭിമുഖത്തില്‍ മറുപടി പറയുകയായിരുന്നു വിര്‍ജില്‍. മെസിയും റൊണാള്‍ഡോയും തീര്‍ച്ചയായും മികച്ച താരങ്ങളാണെന്നും ഇരു താരങ്ങള്‍ക്കും അവരുടേതായ സവിശേഷതകളുണ്ടെന്നും ലിവര്‍പൂള്‍ സെന്റര്‍ബാക്ക് പറഞ്ഞു.
‘എക്കാലത്തെയും മികച്ച ഫുട്ബോള്‍ താരങ്ങളില്‍ തീര്‍ച്ചയായും ഇവരും ഉള്‍പ്പെടുന്നു. ഞാന്‍ എപ്പോഴും അങ്ങനെ തന്നെയാണ് പറഞ്ഞിട്ടുള്ളത്. നിരവധി കുട്ടികള്‍ പ്രൊഫഷണല്‍ ഫുട്ബോള്‍ താരങ്ങളാകാന്‍ സ്വപ്നം കാണുമ്പോള്‍ അവര്‍ക്ക് മാതൃകയാക്കാവുന്ന ഇതിഹാസ താരങ്ങളാണിവര്‍.

ലയണല്‍ മെസി
അവരുടെ പ്രതിഭ, നേടിയ ഗോളുകള്‍, നല്കിയ അസിസ്റ്റുകള്‍, കളിക്കുന്ന രീതി, ജീവിതം നയിക്കുന്ന രീതി, ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ ഇത്രയും കാലം കളിക്കാനായതും സ്വന്തമാക്കിയ നേട്ടങ്ങളുമെല്ലാം പരിഗണിക്കുമ്പോള്‍ അവര്‍ അസാധാരണ താരങ്ങളാണ്. ഒരു തലമുറയില്‍ ഒരിക്കല്‍ മാത്രം സംഭവിക്കുന്ന പ്രതിഭകളാണവര്‍. ഇരുവര്‍ക്കും അവരുടേതായ സവിശേഷമായ ശൈലിയുമുണ്ട്.
ഇത്രയും മികച്ച നിലവാരമുള്ള താരങ്ങള്‍ക്കെതിരെ കളിക്കുന്നത് എല്ലായ്പ്പോഴും മികച്ച അനുഭവമാണ്. ചില മത്സരങ്ങള്‍ മറ്റുള്ളവയേക്കാള്‍ കടുപ്പമേറിയതാണെങ്കിലും അവരോട് എനിക്ക് അങ്ങേയറ്റം ബഹുമാനമുണ്ട്,’ വിര്‍ജില്‍ പറഞ്ഞു.
അടുത്തിടെയാണ് അര്‍ജന്റൈ ഇതിഹാസവും പോര്‍ച്ചുഗല്‍ ഇതിഹാസവും അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്.

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
നവംബര്‍ അഞ്ചിനാണ് റൊണാള്‍ഡോ അന്താരാഷ്ട്ര ഫുട്ബോളില്‍ നിന്നും വിരമിക്കല്‍ പ്രഖ്യാപിച്ചത്. പോര്‍ച്ചുഗല്‍ നാഷണല്‍ ടീം പരിശീലകനും റൊണാള്‍ഡോയും തമ്മിലുള്ള അസ്വാരസ്വങ്ങള്‍ ഫുട്ബോള്‍ ലോകത്ത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് റോണോ വിരമിക്കല്‍ പ്രഖ്യാപിച്ചത്.
23 വര്‍ഷം നീണ്ട അന്താരാഷ്ട്ര കരിയറില്‍ രാജ്യത്തിന് വേണ്ടി 2016ലെ യൂറോ കപ്പും രണ്ട് തവണ നാഷന്‍സ് ലീഗും താരം സ്വന്തമാക്കിയിരുന്നു. രാജ്യത്തിന് വേണ്ടി 234 മത്സരങ്ങളില്‍ കളത്തിലിറങ്ങിയ താരം 146 ഗോളുകള്‍ നേടി. അന്താരാഷ്ട്ര ഫുട്ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയതും പോര്‍ച്ചുഗീസ് ഇതിഹാസം തന്നെയാണ്.
ലയണല്‍ മെസി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
അതേസമയം ഫുട്ബോളില്‍ സ്വന്തമാക്കാനാവുന്ന നേട്ടങ്ങളെല്ലാം കൈവരിച്ചാണ് മെസിയുടെ മടക്കം. ലോകകപ്പ്, കോപ്പ അമേരിക്ക, ഫൈനല്‍സീമ, അണ്ടര്‍ 20 ലോകകപ്പ്, ഒളിമ്പിക്സ് ഗോള്‍ഡ് മെഡല്‍ തുടങ്ങിയ ഒട്ടനവധി കിരീടങ്ങള്‍ അര്‍ജന്റീനക്കൊപ്പം സ്വന്തമാക്കിയാണ് മെസി കളമൊഴിഞ്ഞത്. 21 വര്‍ഷത്തെ അന്താരാഷ്ട്ര ഫുട്ബോള്‍ കരിയറിനാണ് താരം വിരാമമിട്ടത്. 208 മത്സരത്തില്‍ നിന്ന് 126 ഗോളുകളാണ് അര്‍ജന്റീനയ്ക്ക് വേണ്ടി മെസി നേടിയത്.
Content Highlight: Dutch star Virgil van Dijk on legendary players Lionel Messi and Cristiano Ronaldo
