കളങ്കാവല്‍ എന്ന സൂപ്പര്‍ഹിറ്റിന് ശേഷം ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മായന്‍ ചാപ്റ്റര്‍ വണ്‍. ജയസൂര്യ നായകനായെത്തുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ ശ്രദ്ധയാകര്‍ഷിച്ചിരുന്നു. മലയാളത്തില്‍ അധികമാരും പരീക്ഷിച്ചിട്ടില്ലാത്ത നരബലി, കറുത്തച്ചനൂട്ട് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് ചിത്രം ഒരുങ്ങുന്നത്.

കഴിഞ്ഞദിവസം മായന്റെ ട്രെയ്‌ലര്‍ പുറത്തുവന്നിരുന്നു. കഥയെക്കുറിച്ച് അധികം സൂചനകള്‍ നല്‍കാത്ത ട്രെയ്‌ലര്‍ ആദ്യാവസാനം അതിന്റെ മിസ്റ്ററി നിലനിര്‍ത്തുന്നുണ്ട്. ഒരു മിസ്സിങ് കേസ് അന്വേഷിക്കുന്ന പൊലീസ് ഉദ്യോഗസ്ഥന്‍ പിന്നീട് അപ്രതീക്ഷിതമായ വഴിത്തിരിവുകള്‍ നേരിടേണ്ടിവരുന്നതാണ് ചിത്രത്തിന്റെ കഥയെന്ന് ട്രെയ്‌ലര്‍ സൂചന നല്‍കുന്നു.

ട്രെയ്‌ലറിനൊപ്പം അതിലെ ഒരു ഷോട്ടും സിനിമാപേജുകളില്‍ ചര്‍ച്ചയാവുകയാണ്. ട്രെയ്‌ലറിന്റെ അവസാനം കാറില്‍ നിന്ന് ഒരാള്‍ പുറത്തിറങ്ങുന്ന ഷോട്ട് കാണിക്കുന്നുണ്ട്. കഥാപാത്രത്തിന്റെ മുഖത്തിന് പകരം ബാക്ക് ഷോട്ടും അയാളുടെ കൈയും മാത്രമാണ് പുറത്ത് കാണിക്കുന്നത്. അണിയറപ്രവര്‍ത്തകര്‍ രഹസ്യമായി വെച്ചിരിക്കുന്ന ഈ കൈ ആരുടേതാണെന്നാണ് പുതിയ ചര്‍ച്ച.

മമ്മൂട്ടിയുടേതാണെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെടുന്നത്. കറുത്തച്ചനൂട്ട്, നരബലി തുടങ്ങിയ സബ്ജക്ടുകളായതിനാല്‍ ഗസ്റ്റ് റോളിലെത്തുന്ന വില്ലനായി മമ്മൂട്ടി എത്താന്‍ സാധ്യതയുണ്ടെന്ന് ഇക്കൂട്ടര്‍ കമന്റ് പങ്കുവെച്ചു. എന്നാല്‍ അത് കുഞ്ചാക്കോ ബോബനാണെന്ന് വേറെ ചിലരും അഭിപ്രായപ്പെടുന്നുണ്ട്. കൈ കാണിക്കുന്നതിന് മുമ്പുള്ള ബാക്ക് ഷോട്ട് കണ്ടിട്ടാണ് കുഞ്ചാക്കോ ബോബന് സാധ്യത കല്പിക്കുന്നത്.

സമീപകാലത്ത് വ്യത്യസ്ത വേഷങ്ങള്‍ തെരഞ്ഞെടുക്കുന്ന കുഞ്ചാക്കോ ബോബന്‍ മായനില്‍ വില്ലനായി എത്തിയേക്കുമെന്നാണ് കമന്റുകള്‍. ഇമേജ് ബ്രേക്കിങ് റോളുകള്‍ സ്ഥിരമാക്കിയ ചാക്കോച്ചന്‍ തന്നെയാകും ഇതെന്നും ഒരുവിഭാഗം അഭിപ്രായപ്പെടുന്നു. ബാക്ക് ഷോട്ടിലെ ഫിസീക്കെല്ലാം കുഞ്ചാക്കോ ബോബനെപ്പോലെയുണ്ടെന്നും കമന്റുകളുണ്ട്.

മിസ്റ്ററി നിലനിര്‍ത്തുന്നതില്‍ വിജയിച്ചെങ്കിലും ട്രെയ്‌ലറിലെ കളര്‍ ഗ്രേഡിങ് വിമര്‍ശത്തിന് വിധേയമാകുന്നുണ്ട്. ബ്ലൂയിഷ് ടോണ്‍ നല്‍കിയതുകൊണ്ട് സീരിയല്‍ ലെവല്‍ മേക്കിങ്ങായി തോന്നുന്നെന്നാണ് കമന്റുകള്‍. ഇതേ തീമില്‍ അടുത്തിടെ റിലീസായ ഭൗമയുമായും മായനെ പലരും താരതമ്യം ചെയ്യുന്നുണ്ട്. ഡിസംബര്‍ മൂന്നിന് മായന്‍ തിയേറ്ററുകളിലെത്തും.

Content Highlight: A Shot in Mayan movie trailer discussing in social media