തിരുവനന്തപുരം: കണ്ണൂരില്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ചോരയ്ക്ക് ചോര എന്ന രീതിയിലുള്ള പ്രസ്താവനയാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതും ഈ പ്രസ്താവന മുഖ്യധാര മാധ്യമങ്ങളൊന്നും അത്ര കാര്യമായി എടുത്തിട്ടില്ലെന്നും എം.വി ഗോവിന്ദന്‍ പറഞ്ഞു.

എസ്.ഐ.ടി രൂപീകരിക്കുന്നത് പകരത്തിന് പകരം ചോദിക്കാന്‍ തന്നെയാണെന്നാണ് മുഖ്യമന്ത്രി പറയുന്നത്. ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിയും പറയാത്ത രീതിയിലുള്ള ഭരണഘടനാ വിരുദ്ധമായ പരാമര്‍ശമാണിതെന്നും അദ്ദേഹം പറഞ്ഞു.

‘മുമ്പ് സജി ചെറിയാന്റെ പ്രസംഗത്തില്‍ ഭരണഘടനയുമായി ബന്ധപ്പെട്ട ചില വിഷങ്ങള്‍ വന്നപ്പോള്‍ എന്തൊക്കെയായിരുന്നു ഇവിടെ ബഹളം. എന്നാല്‍ ഞങ്ങള്‍ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുത്ത് അദ്ദേഹത്തെ ഒഴിവാക്കി. കോടതി വിധി വന്ന ശേഷമാണ് തിരിച്ചെടുത്തത്. എന്നാല്‍ ഇവിടെ മുഖ്യമന്ത്രി തന്നെ പറയുകയാണ് എസ്.ഐ.ടി ഞങ്ങള്‍ രൂപീകരിക്കുന്നത് പകരത്തിന് പകരം ചെയ്യാനാണെന്നാണ്,’ എം.വി ഗോവിന്ദന്‍ പറഞ്ഞു.

ഇത്തരത്തില്‍ ജനങ്ങളെയും നിയമത്തെയും വെല്ലുവിളിക്കുന്ന ഭരണഘടനാപരമായ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാത്ത വളരെ പ്രധാനപ്പെട്ട ഒരു പ്രശ്‌നം അദ്ദേഹം തന്നെ നടത്തിയിട്ടുള്ള സത്യപ്രതിജ്ഞ ലംഘിക്കുന്ന നിലപാട് സ്വീകരിച്ചിട്ടുണ്ട്. അതി ഗൗരവതരമായ പ്രശ്‌നമായി ഞാന്‍ ചൂണ്ടിക്കാണിക്കുകയാണ്. അത്തരത്തൊരിലൊരു പ്രസ്താവനയിറക്കാന്‍ ഒരു ഭരണഘടനാ സ്ഥാപനത്തിന്റെ തലവനും അവകാശമില്ല,’ അദ്ദേഹം പറഞ്ഞു.

‘യുവജന-വിദ്യാര്‍ത്ഥി നേതാക്കളുടെ ചോരയ്ക്ക് എണ്ണിയെണ്ണി പകരം ചോദിക്കും. അതെല്ലാം മറന്നുള്ള ഗ്ലാമറൊന്നും യു.ഡി.എഫ് സര്‍ക്കാരിന് വേണ്ടാ. ആരെല്ലാം ഉത്തരവാദികളാണോ അവരെല്ലാം അകത്തുപോകും. സംശയമില്ല, അതിനായി അവസാനംവരെ പോരാടും’ വി.ഡി. സതീശന്‍ പ്രസംഗത്തിനിടെ പറഞ്ഞു. കണ്ണൂരില്‍ നടന്ന യൂത്ത് കോണ്‍ഗ്രസ് പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു ഈ പരാമര്‍ശം.

കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥി സമരത്തിന് ലഭിച്ച ചരിത്ര വിജയത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. തെറ്റ് പറ്റിയെന്ന് തുറന്ന് സമ്മതിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രിയും വൈസ് ചാന്‍സറും തയ്യാറാവണമെന്നും അതിനുള്ള ആര്‍ജവമെങ്കിലും കാണിക്കണനമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വകലാശാല സ്വീകരിച്ച സസ്‌പെന്‍ഷന്‍ നടപടി ഹൈക്കോടതി സിംഗിള്‍ ബെഞ്ച് റദ്ദാക്കിയിരുന്നു.

 

Content Highlight: The Chief Minister’s statement in Kannur is an unconstitutional remark the likes of which no other Chief Minister in the country has ever made; the media failed to treat it with the seriousness it deserves, says M.V. Govindan.