ശക്തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ശ്രദ്ധ നേടിയ നടിയാണ് രജിഷ വിജയൻ. മലയാളത്തിലും തമിഴിലുമായി വ്യത്യസ്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള താരം സിനിമയിൽ തന്റേതായ ഒരിടം കണ്ടെത്തിയ നടി കൂടിയാണ്. തമിഴിൽ കൃത്യമായ രാഷ്ട്രീയം സംസാരിക്കുന്ന സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകൻ മാരി സെൽവരാജിന്റെ ചിത്രങ്ങളിലും രജിഷ നിറസാന്നിധ്യമായിരുന്നു. ‘ബൈസൺ’ സിനിമയിലെ രാജി എന്ന കഥാപാത്രവും ടി.ജെ. ജ്ഞാനവേൽ സംവിധാനം ചെയ്ത ‘ജയ് ഭീം’ സിനിമയിലെ കഥാപാത്രവുമെല്ലാം ശ്രദ്ധിക്കപ്പെട്ടവയാണ്.

എന്നാൽ ‘ബാച്ച്‌ലർ പാർട്ടി ഡ്യൂ’വിൽ എത്തുമ്പോൾ രജിഷയുടെ കഥാപാത്രം തീർത്തും ഒതുങ്ങിപ്പോകുകയാണ് ചെയ്യുന്നതെന്നാണ് വിമർശനം. സിമ്പിൾ എന്നാണ് കഥാപാത്രത്തിന്റെ പേര്. പേരുപോലെ തന്നെ സിനിമയിൽ സിമ്പിളായി ഒതുങ്ങിപ്പോകുന്ന കഥാപാത്രമായിട്ടാണ് രജിഷയെ അമൽ നീരദ് അവതരിപ്പിച്ചിരിക്കുന്നത്.

രജിഷ. Photo. X.com

അവസാനമായി തിയേറ്ററുകളിൽ എത്തിയ രജിഷയുടെ പടമായിരുന്നു മസ്തിഷ്ക മരണം. കൃഷാന്ദ് രചനയും സംവിധാനവും ഒരുക്കിയ ചിത്രത്തിൽ മികച്ച പ്രകടനമായിരുന്നു രജീഷ് കാഴ്ച വെച്ചിരുന്നത്. ചിത്രത്തിലെ രജിഷയുടെ വ്യത്യസ്ത ഭാവത്തിലുള്ള അഭിനയത്തിനും ആറ്റിറ്റ്യൂഡിനും ഒരുപാട് പ്രേക്ഷക പ്രശംസ ലഭിച്ചിരുന്നു.

എന്നാൽ ബാച്ച്ലർ പാർട്ടിയിലോട്ട് വരുമ്പോൾ ശ്രീനാഥ് ഭാസി അവതരിപ്പിക്കുന്ന സേവിയർ എന്ന കഥാപാത്രത്തിന്റെ പ്രണയിനിയായാണ് രജിഷ ചിത്രത്തിലെത്തുന്നത്. ഒരു ഗുണ്ടയെ പ്രണയിക്കുന്ന സിമ്പിളിന് ജർമനിയിൽ പോയി പഠിക്കണമെന്ന ആഗ്രഹവുമുണ്ട്. എന്നാൽ സിനിമയിൽ ഈ കഥാപാത്രത്തിന് സ്വന്തമായൊരു വ്യക്തിത്വമോ കഥയിൽ കാര്യമായ ഇടപെടലുകളോ നൽകുന്നില്ല. പെട്ടെന്ന് ഒരാളെ കാണുകയും അയാളോട് ഇഷ്ടം തോന്നുകയും ചെയ്യുന്ന പ്രണയവും പിന്നീട് ഇരുവരും തമ്മിലുള്ള റൊമാന്റിക് രംഗങ്ങളുമാണ് കഥാപാത്രത്തിന്റെ പ്രധാന ഭാഗങ്ങൾ.

ഒരു പാട്ടും കുറച്ച് റൊമാന്റിക് സീനുകളും മാറ്റിനിർത്തിയാൽ സിമ്പിളിന് സിനിമയിൽ കാര്യമായി ഒന്നും ചെയ്യാനില്ല. ശ്രീനാഥ് ഭാസിയുടെ കഥാപാത്രത്തിന്റെ പ്രണയിനി എന്നതിലപ്പുറം കഥയിൽ സ്വന്തമായൊരു ഇടം കണ്ടെത്താൻ സിമ്പിളിന് കഴിയുന്നില്ല. പുരുഷ കഥാപാത്രത്തിന്റെ പ്രണയത്തിന് ഇടം നൽകാനും അയാളെ കൂടുതൽ ആഘോഷിക്കാനും വേണ്ടി മാത്രമുള്ള സ്ത്രീ കഥാപാത്രമായി സിമ്പിൾ മാറുന്നു എന്നുള്ളതാണ് പ്രധാന വിമർശനം.

ഇത് സിമ്പിളിൽ മാത്രം ഒതുങ്ങുന്ന പ്രശ്നമല്ല. ‘ബാച്ച്‌ലർ പാർട്ടി ഡ്യൂ’വിലെ മറ്റു സ്ത്രീ കഥാപാത്രങ്ങൾക്കും സിനിമയിൽ കാര്യമായ ഇടം ലഭിക്കുന്നില്ല. നദിയ മൊയ്തു, ജ്യോതിർമയി, ഹൻസിക കൃഷ്ണ, പാരിസ് ലക്ഷ്മി തുടങ്ങിയ താരങ്ങൾ ചിത്രത്തിലുണ്ടെങ്കിലും അവരുടെ കഥാപാത്രങ്ങൾക്ക് കഥയിൽ എത്രത്തോളം ഇടമുണ്ട് എന്ന ചോദ്യം ബാക്കിയാണ്. ചിലർ പുരുഷ കഥാപാത്രങ്ങളുടെ പ്രണയിനികളായും മറ്റു ചിലർ അവർക്ക് പിന്തുണ നൽകുന്നവരായും ഒതുങ്ങുന്നു.

ബാച്ച്‌ലർ പാർട്ടി ഡ്യൂ. Photo. IMDb

ശക്തമായ കഥാപാത്രങ്ങൾ അവതരിപ്പിച്ചിട്ടുള്ള രജിഷ വിജയനെപ്പോലൊരു നടിക്ക് സിനിമയിൽ കൂടുതൽ ചെയ്യാനുണ്ടാകുമെന്ന് പ്രേക്ഷകർ പ്രതീക്ഷിച്ചേക്കാം. എന്നാൽ ‘ബാച്ച്‌ലർ പാർട്ടി ഡ്യൂ’വിൽ ആ സാധ്യതകളൊന്നും ഉപയോഗിക്കുന്നില്ല. കഥാപാത്രത്തിന്റെ പേരുപോലെ തന്നെ സിമ്പിളായി ഒതുങ്ങിപ്പോകുകയാണ് രജിഷയുടെ സിമ്പിൾ.

Content Highlight:  Criticism that Rajisha’s character becomes completely sidelined in ‘Bachelor Party’.