സിനിമയെ എന്നും ഗൗരവത്തോടെയാണ് കാണുന്നതെന്നും എന്നാൽ സിനിമയിൽ അവസരങ്ങൾ ചോദിക്കാൻ തനിക്ക് മടിയാണെന്നും നടി അനു സിത്താര. ഒരു സംവിധായകന്റെ മനസിൽ ഓരോ കഥാപാത്രത്തിനും അനുയോജ്യമായ അഭിനേതാക്കളെക്കുറിച്ച് കൃത്യമായ ധാരണയുണ്ടാകുമെന്നും അങ്ങനെയുള്ള സാഹചര്യത്തിൽ താൻ പോയി അവസരങ്ങൾ ചോദിക്കുന്നത് അവർക്ക് ബുദ്ധിമുട്ടാകുമോ എന്നാണ് ചിന്തിക്കാറുള്ളതെന്നും അനു പറഞ്ഞു. സിനിമ ചെയ്യാൻ അവസരങ്ങൾ വരുമ്പോൾ മാത്രമാണ് അത് സാധ്യമാകുന്നതെന്നും നടി കൂട്ടിച്ചേർത്തു. തന്റെ ഏറ്റവും പുതിയ ചിത്രമായ ‘ഹെയ്ൽ മേരി’ സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി മനോരമ ഓൺലൈനിനോട് സംസാരിക്കുകയായിരുന്നു താരം.

‘സിനിമ സീരിയസായി എടുത്തിട്ടില്ല എന്ന് പറയാൻ പറ്റില്ല. സീരിയസായിട്ട് തന്നെയാണ് സിനിമയെ ഞാൻ എടുത്തിട്ടുള്ളത്. പണ്ടാണെങ്കിലും ഇപ്പോഴാണെങ്കിലും സിനിമ എനിക്ക് സീരിയസ് തന്നെയാണ്. പക്ഷേ നമുക്ക് അറിയില്ലല്ലോ, സിനിമ എപ്പോഴും ചെയ്യാൻ പറ്റുന്ന ഒരു കാര്യമാണെന്ന് എനിക്ക് തോന്നുന്നില്ല. അവസരങ്ങൾ വരുമ്പോൾ മാത്രമാണ് നമുക്ക് ചെയ്യാൻ സാധിക്കുക. അതെന്നു വേണമെങ്കിലും നിന്നുപോകാം. അതിനേക്കാൾ പ്രാധാന്യമുള്ള വേറെ കാര്യങ്ങളും എന്റെ ജീവിതത്തിലുണ്ട്’, അനു സിത്താര പറഞ്ഞു.

അനു സിത്താര. Photo. Screen Grab/ Youtube

സിനിമയിൽ തുടർന്നുകൊണ്ടിരിക്കണമെന്ന ആഗ്രഹം തനിക്ക് അത്ര ശക്തമായി ഇല്ലെന്നും അവസരങ്ങൾ ചോദിച്ച് പോകുന്ന ശീലം തനിക്കില്ലെന്നും അനു പറയുന്നു. മമ്മൂട്ടിയെപ്പോലുള്ളവർ അവസരങ്ങൾ ചോദിക്കാറുണ്ടെന്ന് പറയുമ്പോൾ തനിക്ക് അങ്ങനെ ചോദിക്കാൻ മടിയാണെന്നും നടി വ്യക്തമാക്കി.

‘സിനിമ ചെയ്തുകൊണ്ടിരിക്കണം എന്നുള്ള ഒരു ആഗ്രഹം സത്യം പറഞ്ഞാൽ എനിക്കില്ല. ഞാൻ അങ്ങനെ അവസരങ്ങൾ ചോദിക്കാറില്ല. അത് വളരെ മോശമായിട്ടുള്ള കാര്യമായിട്ടാണ് എനിക്ക് തോന്നുന്നത്. മമ്മൂക്കയൊക്കെ എപ്പോഴും ചോദിക്കും എന്ന് പറയാറുണ്ട്. ഞാനാണെങ്കിൽ ചോദിച്ചാൽ അവർക്ക് ബുദ്ധിമുട്ടാകുമോ, മോശമല്ലേ എന്നൊക്കെയാണ് ചിന്തിക്കുക,’ നടി പറഞ്ഞു.

ഒരു സിനിമയിലെ കഥാപാത്രത്തിന് ആരാണ് അനുയോജ്യമെന്ന് സംവിധായകൻ തീരുമാനിക്കേണ്ട കാര്യമാണെന്നും താൻ പോയി ചോദിച്ചാൽ അത് അവരെ ബുദ്ധിമുട്ടിലാക്കുമോ എന്ന ചിന്തയാണ് അവസരങ്ങൾ ചോദിക്കുന്നതിൽ നിന്ന് തന്നെ പിന്തിരിപ്പിക്കുന്നതെന്നും അനു പറഞ്ഞു.

അനു സിത്താര. Photo. Screen Grab/ Youtube

‘ഒരു ഡയറക്ടറുടെ മനസിലുണ്ടാവുമല്ലോ, ഇന്നൊരു സിനിമയ്ക്ക് ഈ കഥാപാത്രം ഇങ്ങനെ ഒരാൾ ചെയ്താൽ നന്നാവുമെന്ന്. അത് അവർ തീരുമാനിക്കേണ്ട കാര്യമല്ലേ? ഞാൻ പോയി ചോദിച്ചാൽ പിന്നെ അവർക്ക് അത് ബുദ്ധിമുട്ടാവില്ലേ എന്നാണ് എന്റെ മനസിലുള്ളത്. നമ്മൾ ചോദിക്കുമ്പോഴാണ് നമ്മളെക്കുറിച്ച് അവർ ഓർക്കുക എന്നതും ശരിയാണ്. നമ്മുടെ ഒരു മെസേജ് പോകുമ്പോൾ ഈ കഥാപാത്രത്തിന് അനു ആയിരിക്കുമല്ലോ എന്ന് അവർക്ക് തോന്നാം. പക്ഷേ അവരുടെ ഭാഗത്തുനിന്ന് ചിന്തിക്കുമ്പോൾ അത് ബുദ്ധിമുട്ടാകുമെന്ന് ഞാൻ കരുതും. അതുകൊണ്ട് വേണ്ട, ചോദിക്കണ്ട എന്ന ചിന്തയാണ് എനിക്ക്. പിന്നെ എനിക്ക് ഉള്ളതാണെങ്കിൽ എനിക്ക് വരുമെന്ന് ഞാൻ വിശ്വസിക്കുന്നു’, അനു സിത്താര പറഞ്ഞു.

Content Highlight:  Actress Anu Sithara states that she has always viewed cinema with seriousness, but adds that she feels hesitant to ask for opportunities in films.