മോളിവുഡിലെ ടോപ് താരവും ഇന്ത്യന്‍ സിനിമ കണ്ട മികച്ച നടന്മാരിലൊരാളുമാണ് മമ്മൂട്ടി. 75ാം വയസിലും തന്റെ സ്‌ക്രിപ്റ്റ് സെലക്ഷന്‍ കൊണ്ട് ഭാഷാതിര്‍ത്തികള്‍ കടന്ന് മമ്മൂട്ടി എന്ന നടന്‍ ചര്‍ച്ചയാകാറുണ്ട്. മറ്റ് ഇന്‍ഡസ്ട്രികളിലെ സൂപ്പര്‍താരങ്ങള്‍ ചെയ്യാന്‍ മടിക്കുന്ന കഥാപാത്രങ്ങള്‍ തേടിപ്പിടിച്ച് ചെയ്യുന്നതാണ് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നത്.

താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ഓ.എം കഴിഞ്ഞദിവസം തിയേറ്ററുകളിലെത്തിയിരുന്നു. സമീപകാലത്ത് ഒരു മലയാളി നടന് അന്യഭാഷയില്‍ ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഓ.എമ്മിലെ സിയാ കാര്‍ത്തികേയന്‍. മാസും ക്ലാസും ചേര്‍ന്ന കഥാപാത്രമാണ് ഇപ്പോള്‍ സിനിമാപേജുകളിലെ പ്രധാന ചര്‍ച്ചാവിഷയം.

ഓ.എം Photo: Screen grab/ Divo Music

ആദ്യദിനം സമ്മിശ്ര പ്രതികരണമാണ് ലഭിച്ചതെങ്കിലും ബോക്‌സ് ഓഫീസില്‍ മികച്ച മുന്നേറ്റമാണ് ഓ.എം നടത്തുന്നത്. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് 60 കോടിയോളം ഓ.എം നേടിക്കഴിഞ്ഞു. ആദ്യദിനം 33 കോടിക്കടുത്ത് നേടിയ ചിത്രം രണ്ടാം ദിനം 27 കോടിക്കടുത്തും സ്വന്തമാക്കി. മൂന്നാം ദിവസവും ഗംഭീര ബുക്കിങ്ങാണ് ചിത്രത്തിന് ലഭിക്കുന്നത്.

എല്ലാം ഒത്തുവന്നാല്‍ ചൊവ്വാഴ്ചയോടെ 100 കോടി ക്ലബ്ബില്‍ ഓ.എം ഇടംപിടിച്ചേക്കുമെന്നാണ് ട്രാക്കര്‍മാര്‍ കണക്കുകൂട്ടുന്നത്. ഇന്‍ഡസ്ട്രിയിലെ ടോപ് താരമാണെങ്കിലും കരിയറില്‍ ഇന്നേവരെ 100 കോടി നേടാന്‍ മമ്മൂട്ടിക്ക് സാധിച്ചില്ല. പലകുറി ശ്രമിച്ചെങ്കിലും ഈയൊരു നേട്ടം മമ്മൂട്ടിക്ക് കിട്ടാക്കനിയായിരുന്നു. ഓ.എമ്മിലൂടെ കരിയറിലെ ആദ്യത്തെ നൂറ് കോടി മമ്മൂട്ടി നേടുമെന്നാണ് സിനിമാപേജുകള്‍ അഭിപ്രായപ്പെടുന്നത്.

ഓ.എം Photo: Screen grab/ Divo Music

ധനുഷിന്റെ ആറാമത്തെ നൂറ് കോടി ചിത്രമായും ഓ.എം മാറിയേക്കും. തിരുച്ചിത്രമ്പലം, വാത്തി, കുബേര, രായന്‍, തേരെ ഇഷ്‌ക് മേന്‍ എന്നിവയാണ് നൂറ് കോടി നേടിയ ധനുഷിന്റെ മറ്റ് ചിത്രങ്ങള്‍. ഓ.എം ധനുഷിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറാനുള്ള സാധ്യതകളും ബോക്‌സ് ഓഫീസ് വിദഗ്ധര്‍ തള്ളിക്കളയുന്നില്ല.

പരീക്ഷണ സിനിമകള്‍ക്ക് താത്കാലികമായി ബ്രേക്ക് നല്‍കി എന്റര്‍ടൈനര്‍ സോണിലേക്ക് മമ്മൂട്ടി തിരിച്ചുപോവുകയാണെന്നുള്ള സൂചനയാണ് ഓ.എം. വരാനിരിക്കുന്ന മേള, മട്ടാഞ്ചേരി മാഫിയ എന്നീ ചിത്രങ്ങള്‍ മമ്മൂട്ടി എന്ന സ്റ്റാറിന്റെ റേഞ്ച് കാണിച്ചുതരുമെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു. മേളയിലൂടെ സോളോ 100 കോടി താരത്തിന് നേടാനാകുമെന്നും ചിലര്‍ പ്രവചിക്കുന്നുണ്ട്.

Content Highlight: OM Movie collected 60 crores from Box office in just two days