സമീപകാലത്ത് ഒരു മലയാള നടന് അന്യഭാഷയില്‍ ലഭിച്ച മികച്ച കഥാപാത്രങ്ങളിലൊന്നാണ് ഓ.എമ്മില്‍ മമ്മൂട്ടിയുടേത്. രാജ്കുമാര്‍ പെരിയസാമി സംവിധാനം ചെയ്ത ചിത്രത്തില്‍ സിയാ കാര്‍ത്തികേയന്‍ എന്ന കഥാപാത്രമായാണ് മമ്മൂട്ടി വേഷമിട്ടത്. ക്യാരക്ടര്‍ ടീസര്‍ മുതല്‍ ഓരോ അപ്‌ഡേറ്റിലും മമ്മൂട്ടി എന്ന താരത്തിന്റെ ഓറ കൃത്യമായി ഉപയോഗിക്കാന്‍ സംവിധായകന് സാധിച്ചു.

ഓ.എമ്മില്‍ മമ്മൂട്ടി Photo: Screen grab/ Divo Music

നായകനായ ധനുഷിനെക്കാള്‍ ഗംഭീര ഇന്‍ട്രോയാണ് മമ്മൂട്ടിക്ക് ലഭിച്ചത്. അപാര ബില്‍ഡപ്പും അതിനൊത്ത സ്റ്റേജ് സെറ്റിങ്ങുമെല്ലാമായി മമ്മൂട്ടിയെ സ്‌ക്രീനില്‍ കാണിച്ചപ്പോള്‍ തിയേറ്റര്‍ അക്ഷരാര്‍ത്ഥത്തില്‍ പൂരപ്പറമ്പാക്കി. പിന്നീട് വന്ന പാട്ടില്‍ രണ്ട് സ്റ്റെപ്പ് ഡാന്‍സ് കൂടിയായപ്പോള്‍ ആരാധകരും ഹാപ്പിയായി. പ്രൊമോയില്‍ കാണിച്ചതുപോലെയുള്ള റൂത്ത്‌ലെസ് ഗ്യാങ്‌സ്റ്ററല്ല ഓ.എമ്മിലെ സിയാ കാര്‍ത്തികേയന്‍.

റിലീസിന് മുമ്പ് സംവിധായകന്‍ പറഞ്ഞതുപോലെ ഹോളിവുഡ് സിനിമകളിലെ ഇറ്റാലിയന്‍ ഗ്യാങ്‌സ്റ്റര്‍മാരെപ്പോലെ ഇമോഷണലായ വ്യക്തിയായാണ് മമ്മൂട്ടിയെ അവതരിപ്പിച്ചത്. ആദ്യപകുതിയില്‍ അങ്ങിങ്ങായി മാസ് മൊമന്റുകള്‍ മമ്മൂട്ടിക്ക് സമ്മാനിച്ചെങ്കിലും എല്ലാ പ്രേക്ഷകരെയും ഒരുപോലെ ഞെട്ടിച്ചത് ക്ലൈമാക്‌സിന് മുമ്പുള്ള കോര്‍ട്ട് സീനിലാണ്.

ഓ.എമ്മില്‍ മമ്മൂട്ടി Photo: Screen grab/ Divo Music

ഒരു ഡയലോഗ് പോലുമില്ലാതെ, കണ്ണിന്റെ ചലനങ്ങളിലൂടെയും ബോഡി ലാംഗ്വേജിലും കഥാപാത്രത്തിന്റെ ഇമോഷന്‍ പ്രേക്ഷകരിലേക്ക് കൃത്യമായി എത്തിക്കാന്‍ മമ്മൂട്ടിക്ക് സാധിച്ചു. സിനിമ കണ്ടിറങ്ങിയ എല്ലാവരും ഒരുപോലെ പ്രശംസിക്കുന്നതും ഈ കോര്‍ട്ട് സീനിനെയാണ്. ‘പഴയ മമ്മൂട്ടിയും പുതിയ മമ്മൂട്ടിയുമല്ല, ഇപ്പോഴുള്ള മമ്മൂട്ടിയാണ് ദി ബെസ്റ്റ് മമ്മൂട്ടിയെന്ന’ ഈ സീനിലൂടെ താരം തെളിയിച്ചു. ഒരു മലയാള നടന് അടുത്തകാലത്ത് തമിഴില്‍ ചെയ്ത മികച്ച വേഷങ്ങളിലൊന്നാണ് സിയാ കാര്‍ത്തികേയന്‍.

ധുരന്ധറില്‍ അക്ഷയ് ഖന്ന അവതരിപ്പിച്ച റഹ്‌മാന്‍ ദാക്കൈത്തിനെ പ്രതീക്ഷിച്ചവര്‍ക്ക് മുന്നില്‍ പല ഇമോഷനുകളിലൂടെ കടന്നുപോകുന്ന കഥാപാത്രത്തെയാണ് സംവിധായകന്‍ സമ്മാനിച്ചത്. ആദ്യപകുതിയില്‍ ധനുഷിന്റെ കഥാപാത്രത്തോട് തന്റെ ലവ് സ്‌റ്റോറി പറയുന്ന സീനടക്കം പലയിടത്തും മമ്മൂട്ടി എന്ന പെര്‍ഫോമര്‍ പൂണ്ടുവിളയാടിയിട്ടുണ്ട്.

ഓ.എമ്മില്‍ മമ്മൂട്ടി Photo: Screen grab/ Divo Music

രാജ്കുമാര്‍ പെരിയസാമി എന്ന ഫാന്‍ബോയ് സംവിധായകന്‍ തന്റെ ഇഷ്ടനടനെ മികച്ച രീതിയില്‍ അവതരിപ്പിച്ചെന്ന് പറയാം. ഇത്രയധികം ഡെപ്തുള്ള കഥാപാത്രത്തെ സംവിധായകന്‍ ഉദ്ദേശിച്ചതിനെക്കാള്‍ മികച്ച രീതിയില്‍ മമ്മൂട്ടി പകര്‍ന്നാടി. എന്നിരുന്നാലും ക്ലൈമാക്‌സ് ഫൈറ്റില്‍ മമ്മൂട്ടിയെ അവതരിപ്പിച്ച രീതിയെ ചിലര്‍ വിമര്‍ശിക്കുന്നുമുണ്ട്.

ധനുഷും സായ് പല്ലവിയും ഒരു സൈഡില്‍ ഗംഭീര ആക്ഷന്‍ ചെയ്യുമ്പോള്‍ മമ്മൂട്ടിയില്‍ അവശത എടുത്തറിയുന്നുണ്ടായിരുന്നു. അസുഖം ഭേദമായി തിരിച്ചെത്തിയ ശേഷം ചെയ്ത ഭാഗമായതിനാല്‍ ആ അവശത പ്രകടമായിരുന്നു. എന്നാല്‍ ശരീരത്തിന് മാത്രമേ അവശതയുള്ളൂവെന്നും തന്നിലെ നടനെ അത് ബാധിച്ചിട്ടില്ലെന്നും ഒരൊറ്റ ഷോട്ടില്‍ അദ്ദേഹം തെളിയിച്ചു. ഏഴ് വര്‍ഷത്തിന് ശേഷം തമിഴിലേക്ക് തിരിച്ചെത്തിയപ്പോള്‍ ഒട്ടും നിരാശപ്പെടുത്തിയിട്ടില്ലെന്ന് പറയാം.

Content Highlight: Mammootty’s performance in OM Movie