ഭക്തി സിനിമകള്‍ക്ക് വലിയ സ്വീകാര്യതയും മാര്‍ക്കറ്റുമാണ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍. കുറച്ച് ബജറ്റിലൂടെ കൂടുതല്‍ ലാഭമെന്ന നിലയില്‍ ചിന്തിക്കുന്ന നിര്‍മാതാക്കളും പാന്‍ ഇന്ത്യന്‍ ഹിറ്റുകള്‍ സ്വപ്‌നം കാണുന്ന നായകന്മാരുടെയും ആദ്യ ചോയ്‌സ് ഇത്തരം ഭക്തി സിനിമകളാണ്. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ രാമായണ 1600 കോടിയിലേക്ക് കുതിക്കുകയാണ്.
രാമനും രാമായണയുമാണ് ഇപ്പോള്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം വിറ്റുപോകുന്ന ദൈവം. ആര്‍.ആര്‍.ആര്‍ മുതല്‍ രാമായണ വരെ ഈ ലിസ്റ്റ് നീളുകയാണ്. എന്നാല്‍ ഇനി വരാന്‍ പോകുന്നത് ഹനുമാന്മാര്‍ തമ്മിലുള്ള ക്ലാഷായിരിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഹിന്ദിയിലും തെലുങ്കിലുമായി ഹനുമാനെക്കുറിച്ച് അഞ്ച് സിനിമകളാണ് ഒരുങ്ങുന്നത്.

രാമായണ, വാരണാസി Photo: Reddit
രാമായണയുടെ രണ്ടാം ഭാഗത്തില്‍ എല്ലാവരും കാത്തിരിക്കുന്നത് ഹനുമാന്റെ ഇന്‍ട്രോയ്ക്ക് വേണ്ടിയാണ്. ബോളിവുഡ് വെറ്ററന്‍ താരം സണ്ണി ഡിയോളാണ് ഹനുമാനായി വേഷമിടുന്നത്. നായകനായ രണ്‍ബീറടക്കം സകലരെയും സണ്ണി പാജിയുടെ ഹനുമാന്‍ സൈഡാക്കുമെന്നാണ് പ്രവചനം. രാമായണ 2ന് ശേഷം സണ്ണി ഡിയോളിനെ പ്രധാന കഥാപാത്രമാക്കി ഹനുമാന്റെ സ്പിന്‍ ഓഫ് ചിത്രം ഒരുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
ഹിന്ദിയില്‍ നിന്ന് രണ്ട് ഹനുമാന്‍ വരുമ്പോള്‍ തെലുങ്കും ഒട്ടും വിട്ടുകൊടുക്കുന്നില്ല. മൂന്ന് ചിത്രങ്ങളിലാണ് ഹനുമാന്‍ പ്രധാന കഥാപാത്രമാകുന്നത്. രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രമായ വാരണാസിയില്‍ രാമായണയുടെ സീക്വന്‍സും ഹനുമാന്റെ എന്‍ട്രിയുമാണ് പലരും കാത്തിരിക്കുന്നത്. രാമനായി മഹേഷ് ബാബു എത്തുമ്പോള്‍ തിയേറ്ററുകള്‍ പൂരപ്പറമ്പാകുമെന്ന് ഉറപ്പാണ്.

ജയ് ഹനുമാന്‍, ഹനുമാന്‍ 2 Photo: IMDb
പ്രശാന്ത് വര്‍മ സംവിധാനം ചെയ്യുന്ന ജയ് ഹനുമാനും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. 2024ല്‍ പുറത്തിറങ്ങിയ ഹനുമാന്റെ സീക്വലാണ് ജയ് ഹനുമാന്‍. കന്നഡ താരം റിഷബ് ഷെട്ടിയാണ് ഹനുമാനായി വേഷമിടുന്നത്. ആദ്യഭാഗം നിര്‍മിച്ച പ്രൈം ഷോ എന്റര്‍ടൈനേഴ്‌സിന് പകരം തെലുങ്കിലെ മുന്‍നിര നിര്‍മാതാക്കളായ മൈത്രി മൂവീ മേക്കേഴ്‌സാണ് ജയ് ഹനുമാന്റെ നിര്‍മാതാക്കള്‍.
നിര്‍താക്കളുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് സംവിധായകന്‍ പ്രശാന്ത് വര്‍മ ഹനുമാന്റെ സീക്വലില്‍ നിന്ന് പിന്മാറി മറ്റൊരു പ്രൊഡക്ഷന്‍ ഹൗസിനെ സമീപിച്ചത്. ഇതേത്തുടര്‍ന്ന് പ്രൈം ഷോ എന്റര്‍ടൈന്മെന്റ്‌സ് പുതിയ ഹനുമാന്‍ 2 ഇന്ന് അനൗണ്‍സ് ചെയ്തു. ആദ്യഭാഗത്തില്‍ നായകനായ തേജ സജ്ജക്ക് പകരം വൈഷ്ണവ് തേജാണ് ഈ ഭാഗത്തിലെയും നായകന്‍. അഞ്ച് ഹനുമാന്മാര്‍ ബിഗ് സ്‌ക്രീനിലെത്തുമ്പോള്‍ ആര് വിജയിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സിനിമാലോകം.
Content Highlight: Five movies about Hanuman is getting ready in Hindi and Telugu including Varanasi
