നവംബര്‍ മാസം ബോക്‌സ് ഓഫീസില്‍ വലിയ മുന്നേറ്റമുണ്ടാക്കുമെന്ന് പലരും കരുതുന്ന ചിത്രങ്ങളിലൊന്നാണ് കോസ്മിക് സാംസണ്‍. നവാഗതനായ അഭിജിത് ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം അനൗണ്‍സ്‌മെന്റ് മുതല്‍ സിനിമാപ്രേമികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. പടക്കളം, എക്കോ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം സന്ദീപ് പ്രദീപ് നായകനായെത്തുന്ന ചിത്രം സൂപ്പര്‍ഹീറോ ഴോണറാണെന്ന് ഓരോ അപ്‌ഡേറ്റുകളിലും സൂചനകള്‍ നല്‍കിയിരുന്നു.

ഇപ്പോഴിതാ കോസ്മിക് സാംസണ്‍ ഔട്ട് ആന്‍ഡ് ഔട്ട് സൂപ്പര്‍ഹീറോ ചിത്രമല്ലെന്ന് പറയുകയാണ് സന്ദീപ് പ്രദീപ്. സൂപ്പര്‍ഹീറോ എന്നതിനെക്കാള്‍ ഫാന്റസി എലമെന്റാണ് ചിത്രം പറയാനുദ്ദേശിക്കുന്നതെന്ന് താരം പറഞ്ഞു. റെഡ് എഫ്.എം മലയാളത്തിന് നല്‍കിയ അഭിമുഖത്തിലാണ് സന്ദീപ് ഇക്കാര്യം പറഞ്ഞത്.
‘മിന്നല്‍ മുരളി പോലെയോ അല്ലെങ്കില്‍ സ്‌പൈഡര്‍മാന്‍, സൂപ്പര്‍മാന്‍ എന്നീ സിനിമകളെ പോലെ എക്‌സ്‌ക്ലൂസീവ് സൂപ്പര്‍ഹീറോ സിനിമയല്ല ഇത്. ഫാന്റസി സിനിമയാണിത്. എന്നാല്‍ അതിലൂടെ നമ്മള്‍ സൂപ്പര്‍ഹീറോ എലമെന്റ്‌സ് പാക്ക് ചെയ്തിട്ടുണ്ട്. ശരിക്കുള്ള ഴോണര്‍ പറയാനാണെങ്കില്‍ ഫാമിലി ഫാന്റസി ഡ്രാമ എന്ന് പറയാം.

അതുകൊണ്ട് സൂപ്പര്‍ഹീറോ ഭാരം ആരും പ്രതീക്ഷിച്ച് വരണ്ട. ലെറ്റ് ഹാര്‍ട്ടഡായിട്ടുള്ള, വളരെ സിമ്പിളായ നമ്മുടെ പ്രസന്റ് ഡേയില്‍ നടക്കുന്ന കഥയാണ്. എല്ലാവര്‍ക്കും കണക്ടാകുന്ന റിലേറ്റബിളായിട്ടുള്ള കഥാപാത്രങ്ങളും പശ്ചാത്തലവുമുള്ള ചെറിയ സിനിമയാണ് കോസ്മിക് സാംസണ്‍. അങ്ങനെയേ ഈ സിനിമയെ ഞാന്‍ കാണുന്നുള്ളൂ,’ സന്ദീപ് പ്രദീപ് പറയുന്നു.
ചിത്രത്തിലെ ആദ്യഗാനത്തെക്കുറിച്ചും താരം സംസാരിച്ചു. കഥയുടെ ഫ്‌ളോയ്ക്കനുസരിച്ചാണ് ആ പാട്ട് ഒരുക്കിയതെന്നും മലയാളത്തില്‍ അധികം കേട്ടിട്ടില്ലാത്ത ഫ്‌ളേവര്‍ പരീക്ഷിച്ചെന്നും സന്ദീപ് കൂട്ടിച്ചേര്‍ത്തു. സാംസണ്‍ എന്ന കഥാപാത്രത്തിന്റെ കോസ്റ്റിയൂമിലടക്കം പല പരീക്ഷണവും ചെയ്‌തെന്നും സന്ദീപ് പറയുന്നു.

‘നമുക്ക് റഫറന്‍സെടുക്കാനായി മലയാളത്തില്‍ അടിച്ചുപൊളി പാട്ടുകള്‍ കുറവായിരുന്നു. തപ്പിപ്പോയാല്‍ പഴയ സ്റ്റൈലേ കിട്ടുള്ളൂ. അങ്ങനെയാണ് എല്ലാ ഭാഷയിലും കണക്ടാകുന്ന ഫ്‌ളേവര്‍ പരീക്ഷിച്ചത്. അത് തമിഴ് സ്റ്റൈലായി മാറി. ഹുക്ക് ലൈനിലെ സ്റ്റെപ്പും അതിനനുസരിച്ച് ലിപ് സിങ്ക് ചെയ്യലും കുറച്ച് പാടായിരുന്നു. പക്ഷേ അത് ക്രാക്ക് ചെയ്തു,’ സന്ദീപ് പറഞ്ഞു.
സന്ദീപിന് പുറമെ മുകേഷ്, മിയ അല്‍ത്താഫ് സലിം, അല്‍ഫോണ്‍സ് പുത്രന്‍ തുടങ്ങി വലിയ താരനിര കോസ്മിക് സാംസണില്‍ അണിനിരക്കുന്നുണ്ട്. വീക്കെന്‍ഡ് ബ്ലോക്ക്ബസ്‌റ്റേഴ്‌സാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. നവംബര്‍ 27ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Sandeep Pradeep about the actual genre of Cosmic Samson movie
