മലയാളികൾക്ക് ഒരു പിടി നല്ല സിനിമകൾ നൽകിയിട്ടുള്ള മികച്ച സംവിധായകരിലൊരാളാണ് കമൽ. 1986ൽ മോഹൻലാലിനെയും ഉർവശിയെയും പ്രധാന കഥാപാത്രങ്ങളിലായി അവതരിപ്പിച്ചു കൊണ്ടുള്ള മിഴിനീർ പൂവുകൾ എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ടാണ് കമൽ സംവിധാന രംഗത്തേയ്ക്കെത്തുന്നത്.

ഇതിനോടകം തന്നെ 48 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തു. സെല്ലുലോയ്ഡ് എന്ന സിനിമക്ക് നാഷണൽ അവാർഡും കരസ്ഥമാക്കിയിരുന്നു. 1992ൽ ഉള്ളടക്കം എന്ന സിനിമക്ക് മികച്ച സംവിധായകനുള്ള കേരളസംസ്ഥാന അവാർഡും കരസ്ഥമാക്കിയിട്ടുണ്ട്.

കമൽ. Photo. Screen Grab/ Youtube

എന്നാൽ ഇപ്പോഴിതാ തന്റെ സിനിമയിൽ നായികയായി അഭിനയിച്ച ഭാനുപ്രിയയെ കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ കമൽ. മലയാള സിനിമയിൽ ഒരുകാലത്ത് ശ്രദ്ധേയമായ കഥാപാത്രങ്ങൾ അവതരിപ്പിച്ച നടിയാണ് ഭാനുപ്രിയ. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ കഴിവുതെളിയിച്ച താരം പിന്നീട് വ്യക്തിജീവിതത്തിലെ പ്രതിസന്ധികൾ കാരണം സിനിമയിൽ നിന്ന് കുറേക്കാലം മാറിനിന്നു. ചെന്നൈയിൽ വെച്ച് ഭാനുപ്രിയയെ വീണ്ടും കണ്ട അനുഭവവും അന്ന് താരം പറഞ്ഞ വാക്കുകളെ കുറിച്ചും പറയുകയാണ് കമൽ. വനിതക്ക് നൽകിയ അഭിമുഖത്തിലായിരുന്നു സംവിധായകൻ കമലിന്റെ പ്രതികരണം.

കമൽ സംവിധാനം ചെയ്ത ‘അഴകിയ രാവണൻ’ ഉൾപ്പെടെയുള്ള സിനിമകളിലൂടെ മലയാളികൾക്കും സുപരിചിതയാണ് ഭാനുപ്രിയ. പിന്നീട് ജീവിതത്തിൽ പല പ്രതിസന്ധികളും നേരിടേണ്ടിവന്നതോടെ സിനിമയിൽ നിന്ന് വിട്ടുനിൽക്കേണ്ടി വന്നെന്നും കമൽ പറയുന്നു.

‘ഞാൻ ചെന്നൈയിൽ ഒരു സ്റ്റുഡിയോയിൽ സിനിമയുടെ എഡിറ്റിങ് ജോലികൾക്കായി ചെന്നപ്പോഴാണ് ഭാനുപ്രിയയെ വീണ്ടും കണ്ടത്. അന്ന് അവർ ഒരു തമിഴ് സീരിയലിൽ അഭിനയിക്കുകയായിരുന്നു. ചെന്നിറങ്ങിയപ്പോൾ ഞങ്ങൾ കണ്ടു. കൈ ഉയർത്തി ഹായ് പറഞ്ഞു. ഒന്നും സംസാരിച്ചില്ല. കുറച്ചുകഴിഞ്ഞപ്പോൾ പ്രൊഡക്ഷനിൽ നിന്നൊരാൾ ഭാനുപ്രിയ പുറത്തു കാറിൽ കാത്തുനിൽക്കുന്നുണ്ടെന്നും എന്നെ കാണാൻ ആഗ്രഹിക്കുന്നുണ്ടെന്നും പറഞ്ഞു,’കമൽ വ്യക്തമാക്കി.

തുടർന്ന് ഭാനുപ്രിയയുമായി കുറേനേരം സംസാരിച്ചെന്നും അന്ന് താരം പറഞ്ഞ വാക്കുകൾ ഇന്നും മനസിൽ മുറിവായി നിൽക്കുന്നുണ്ടെന്നും കമൽ പറഞ്ഞു.

‘കുറേ നേരം സംസാരിച്ചു. ഒടുവിൽ പറഞ്ഞ വാചകം ഇന്നും ഒരു മുറിവായി മനസിലുണ്ട്. ‘അഭിനയിക്കാനും നൃത്തം ചെയ്യാനും അറിയാം. മറ്റൊരു ജോലിയും എനിക്ക് അറിയില്ല സാർ. എനിക്ക് ഇനിയും അഭിനയിക്കണം’ അതായിരുന്നു ഭാനുപ്രിയ പറഞ്ഞത്,’ കമൽ വ്യക്തമാക്കി.

പിന്നീട് ഭാനുപ്രിയയെ കണ്ടിട്ടില്ലെന്നും താരത്തെക്കുറിച്ച് അസുഖബാധിതയായെന്ന തരത്തിലുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ കാണാറുണ്ടെന്നും കമൽ പറയുന്നു. വാർത്തകളുടെ സത്യാവസ്ഥ അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കമൽ, ‘അഴകിയ രാവണൻ. Photo. Screen Grab/ Youtube

‘പിന്നീട് ഭാനുപ്രിയയെ ഞാൻ കണ്ടിട്ടില്ല. അസുഖബാധിതയായെന്നൊക്കെയുള്ള വാർത്തകൾ സോഷ്യൽ മീഡിയയിൽ കാണുന്നു. സത്യമാണോ എന്നറിയില്ല. പക്ഷേ, ഭാനുപ്രിയയെ പോലൊരു അഭിനേത്രി, നർത്തകി ഇതിലും കൂടുതൽ വേഷങ്ങൾ അർഹിക്കുന്നുണ്ട്’, കമൽ പറഞ്ഞു.

Content Highlight:  Director Kamal talks about Bhanupriya, who acted as the female lead in his film.