ലണ്ടന്‍: ഫ്രാന്‍സില്‍ നിന്ന് കുടിയേറ്റക്കാരെ ബ്രിട്ടനിലേക്ക് എത്തിച്ച ചെറുബോട്ട് കത്തികൊണ്ട് കീറിനശിപ്പിച്ച സംഭവത്തില്‍ ബ്രിട്ടീഷ് തീവ്ര വലതുപക്ഷ കുടിയേറ്റവിരുദ്ധ പ്രവര്‍ത്തകന് 15 മാസം തടവുശിക്ഷ. ഡാനിയല്‍ തോമസ് എന്ന 37കാരനെയാണ് ക്രിമിനല്‍ നാശനഷ്ടം വരുത്തിയ കുറ്റത്തിന് കോടതി ശിക്ഷിച്ചത്.

ഇംഗ്ലീഷ് ചാനലിലൂടെ കുടിയേറ്റക്കാരെ എത്തിച്ച ചെറുബോട്ട് ഇയാള്‍ കത്തികൊണ്ട് കുത്തിക്കീറുന്ന ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ തത്സമയം പ്രക്ഷേപണം ചെയ്തിരുന്നു.

‘ഡാനി ടോമോ’ എന്ന പേരിലും അറിയപ്പെടുന്ന ഡാനിയല്‍ തോമസ്, ബ്രിട്ടനിലെ കുടിയേറ്റവിരുദ്ധ സംഘടനയായ ‘പാട്രിയറ്റ് പ്ലാറ്റ്‌ഫോമിന്റെ’ സ്ഥാപകനാണ്. ഈ വര്‍ഷം ആദ്യം നൂറുകണക്കിന് പ്രതിഷേധകരെ അണിനിരത്തി സംഘടന വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു.

ഫ്രഞ്ച് രക്ഷാപ്രവര്‍ത്തകന്‍ ബോട്ടിലുണ്ടായിരിക്കെയാണ് തോമസ് കത്തികൊണ്ട് ബോട്ട് കീറിനശിപ്പിച്ചത്. ഈ മാസം ആദ്യം ഇയാള്‍ കുറ്റം സമ്മതിച്ചിരുന്നു.

സെപ്റ്റംബര്‍ 22ന് റോയല്‍ നാഷണല്‍ ലൈഫ്‌ബോട്ട് ഇന്‍സ്റ്റിറ്റിയൂഷന്‍, ബ്രിട്ടീഷ് അതിര്‍ത്തി സേന, ഫ്രഞ്ച് കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ ചേര്‍ന്ന് ചെറുബോട്ടിലുണ്ടായിരുന്ന കുടിയേറ്റക്കാരെ മറ്റൊരു കപ്പലിലേക്ക് മാറ്റുന്നത് അതിനെ പിന്തുടര്‍ന്നിരുന്ന തോമസ് കണ്ടിരുന്നു. തുടര്‍ന്ന് തന്റെ ബോട്ടിലുണ്ടായിരുന്നവരോട് ആ ചെറുബോട്ടിനടുത്തേക്ക് നീങ്ങാന്‍ ആവശ്യപ്പെടുകയായിരുന്നു.

‘ആ ബോട്ട് നമുക്ക് നശിപ്പിക്കാം’ എന്ന് പറഞ്ഞശേഷം ഏകദേശം എട്ടുതവണ കത്തികൊണ്ട് ബോട്ട് കീറിയതായി വീഡിയോയില്‍ കാണാം. സംഭവത്തിന് പിന്നാലെ ബ്രിട്ടീഷ് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തു.

ബോട്ടില്‍നിന്ന് ഇറങ്ങൂ, ഇറങ്ങാന്‍ നിങ്ങള്‍ക്ക് സമയമുണ്ടെന്ന് രക്ഷാപ്രവര്‍ത്തകരോട് പറഞ്ഞ തോമസ് കുടിയേറ്റക്കാരെ തിരിച്ചുകൊണ്ടുപോകൂ, ഇനി ഇതുപോലുള്ളവരെ വേണ്ട എന്ന്് ആക്രോശിച്ചതായി പോര്‍ട്‌സ്മൗത്ത് ക്രൗണ്‍ കോടതിയില്‍ പ്രോസിക്യൂട്ടര്‍ ജോയല്‍ സ്മിത്ത് പറഞ്ഞു.

രാഷ്ട്രീയ കുറ്റകൃത്യമല്ല, മാധ്യമശ്രദ്ധ നേടുന്നതിനുള്ള പ്രകടനാത്മക പ്രവര്‍ത്തനം മാത്രമാണ് തോമസ് നടത്തിയതെന്നായിരുന്നു പ്രതിഭാഗം അഭിഭാഷകന്റെ വാദം. സംഭവത്തില്‍ ആരുടെയും ജീവന് അപകടമുണ്ടായിട്ടില്ലെന്നും പ്രതിഭാഗം ചൂണ്ടിക്കാട്ടി.

അതിര്‍ത്തി സേന, കോസ്റ്റ് ഗാര്‍ഡ്, ആര്‍.എന്‍.എല്‍.ഐ എന്നിവയിലെ രക്ഷാപ്രവര്‍ത്തകര്‍ അതീവ പ്രാധാന്യവും ജാഗ്രതയും ആവശ്യമായ പ്രയാസകരമായ ജോലികളാണ് ചെയ്യുന്നതെന്നും പ്രചാരം നേടാന്‍ ശ്രമിക്കുന്ന ഒരാള്‍ കത്തികൊണ്ട് ബോട്ട് കീറിനശിപ്പിച്ച് അവരുടെ പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്തരുതെന്നും ജഡ്ജി ജെയിംസ് ന്യൂട്ടണ്‍ പ്രൈസ് കെ.സി പറഞ്ഞു.

ചെറുബോട്ടുകളിലെത്തുന്ന കുടിയേറ്റക്കാരുടെ വരവിനെതിരെ ബ്രിട്ടന്റെ തെക്കന്‍ തീരപ്രദേശങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചാണ് തോമസ് സമൂഹമാധ്യമങ്ങളില്‍ വലിയ അനുയായിവൃന്ദത്തെ സൃഷ്ടിച്ചത്. ഡോവര്‍ തുറമുഖത്തും മറ്റ് പ്രദേശങ്ങളിലും കുടിയേറ്റവിരുദ്ധ പ്രതിഷേധങ്ങള്‍ സംഘടിപ്പിച്ചിരുന്നു. ഈ പ്രകടനങ്ങളെ ‘ഗുണ്ടായിസം’ എന്നാണ് ബ്രിട്ടീഷ് സര്‍ക്കാര്‍ മന്ത്രിമാരിലൊരാള്‍ വിശേഷിപ്പിച്ചത്.

തോമസിന് മുമ്പ് അഞ്ച് ക്രിമിനല്‍ ശിക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും 2016ല്‍ തട്ടിക്കൊണ്ടുപോകല്‍ കേസില്‍ ശിക്ഷിക്കപ്പെട്ടിരുന്നുവെന്നും കോടതി നടപടികളില്‍ വ്യക്തമായി.

അതേസമയം, കുടിയേറ്റക്കാരുടെ പ്രോസസിങ് കേന്ദ്രത്തില്‍ അതിക്രമിച്ചുകയറിയതടക്കം നിരവധി കുറ്റങ്ങള്‍ ചുമത്തപ്പെട്ട മറ്റൊരു കേസില്‍ അടുത്ത ജൂണില്‍ ലണ്ടനില്‍ ഇയാള്‍ വിചാരണ നേരിടും. മാര്‍ച്ചില്‍ ഡോവറിലെ കുടിയേറ്റക്കാരുടെ നടപടിക്രമങ്ങള്‍ നടക്കുന്ന കേന്ദ്രത്തിലെ നിയന്ത്രിത മേഖലയിലേക്ക് പ്രവേശിച്ചതും ഇയാള്‍ക്കെതിരായ ആരോപണങ്ങളില്‍ ഉള്‍പ്പെടുന്നു.

Content Highlight: The far-right, anti-migrant activist Daniel Thomas, has been sentenced to 15 months in jail.