അഞ്ച് മത്സരങ്ങളടങ്ങിയ ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് ടി-20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ കളിയിലെ താരമായി ഒരു ഇന്ത്യക്കാരന്‍. 2020ല്‍ ട്രാവല്‍ വിസയില്‍ ഓസ്‌ട്രേലിയയിലെത്തി കോവിഡ് ലോക്ഡൗണ്‍ മൂലം ബ്രിസ്‌ബേനില്‍ കുടുങ്ങിപ്പോയ ആളാണ് നിഖില്‍ ചൗധരി.

ഓസ്‌ട്രേലിയയില്‍ ക്ലബ് ക്രിക്കറ്റ് കളിച്ചുതുടങ്ങിയ നിഖില്‍ വൈകാതെ തന്നെ തന്റെ പ്രകടനം കൊണ്ട് ശ്രദ്ധേയനായി. 2023-24 സീസണില്‍ ഹൊബാര്‍ട്ട് ഹരിക്കേന്‍സിന് വേണ്ടി ബിഗ് ബാഷ് ലീഗില്‍ കളിച്ച നിഖില്‍ തൊട്ടടുത്ത വര്‍ഷം ടീമിനൊപ്പം കിരീടം നേടി.

ഈ വര്‍ഷം ജൂണിലാണ് നിഖില്‍ ചൗധരിയ്ക്ക് ഓസ്‌ട്രേലിയന്‍ ദേശീയ ടീമിലേക്ക് ആദ്യ വിളി വരുന്നത്. ബംഗ്ലാദേശിനെതിരായ ടി-20 പരമ്പരയ്ക്കുള്ള സ്‌ക്വാഡില്‍ ട്രാവിസ് ഹെഡിന് പകരക്കാരനായാണ് നിഖിലിനെ ഉള്‍പ്പെടുത്തിയത്.


ശനിയാഴ്ച ഇംഗ്ലണ്ടിനെതിരെ നടന്ന ടി-20യില്‍ തന്നെ കന്നി മത്സരത്തിനിറങ്ങിയ നിഖില്‍ കളിയിലെ താരമായാണ് മടങ്ങുന്നത്. ഇപ്പോഴും ഇന്ത്യന്‍ പൗരനായ നിഖില്‍ പെര്‍മനന്റ് റെസിഡന്‍സിയിലൂടെയാണ് ഐ.സി.സി നിയമപ്രകാരം രാജ്യത്തിന് വേണ്ടി കളിക്കാന്‍ യോഗ്യത നേടിയത്.

ശനിയാഴ്ച നടന്ന ആദ്യ മത്സരത്തില്‍ ബാറ്റുകൊണ്ടും ബോള്‍ കൊണ്ടും ഓസ്‌ട്രേലിയയ്ക്ക് വേണ്ടി മികച്ച പ്രകടനം കാഴ്ച വെച്ച നിഖില്‍ ചൗധരിയാണ് കങ്കാരുക്കളുടെ വിജയശില്‍പി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 187 റണ്‍സെടുത്തു. മൂന്ന് ഓവറില്‍ 13 റണ്‍സിന് രണ്ട് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന് തുടങ്ങിയ ഇംഗ്ലണ്ടിനെ ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ ഇന്നിങ്‌സ് ആണ് കര കയറ്റിയത്. 28 പന്തില്‍ നാല് ഫോറും ആറ് സിക്‌സുമടക്കം 65 റണ്‍സെടുത്ത ബ്രൂക്കിനെ പുറത്താക്കിയത് നിഖില്‍ ചൗധരി ആണ്.

ഓസ്‌ട്രേലിയയ്ക്ക് വേണ്ടി ജാക്ക് എഡ്വാര്‍ഡ്‌സും രണ്ട് വിക്കറ്റ് വീഴ്ത്തി.

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയയ്ക്ക് ആദ്യ ഓവറില്‍ തന്നെ ഓപ്പണര്‍ ജാക്ക് ഫ്രേസര്‍ മക്ഗര്‍ക്കിനെ നഷ്ടമായി. ആറാം ഓവറില്‍ ജാക്ക് ഫ്രേസര്‍ പുറത്തായതിന് പിന്നാലെയാണ് നിഖില്‍ ചൗധരി ക്രീസിലെത്തിയത്.

ഒരു വശത്ത് വിക്കറ്റുകള്‍ വീണുകൊണ്ടിരിക്കുമ്പോഴും ക്രീസില്‍ ഉറച്ച് നിന്ന് നിഖില്‍ സ്‌കോറുയര്‍ത്തി. പതിനെട്ടാം ഓവറിന്റെ അവസാന പന്തില്‍ പുറത്താവുമ്പോഴേക്ക് 38 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറുമുള്‍പ്പെടെ 66 റണ്‍സ് നേടിയിരുന്നു.

രണ്ടോവറില്‍ ജയിക്കാന്‍ 24 റണ്‍സ് വേണ്ടിയിരുന്ന കങ്കാരുക്കളെ വിജയത്തിലെത്തിച്ചത് 11 പന്തില്‍ 25 റണ്‍സെടുത്ത ജാക്ക് എഡ്വാര്‍ഡ്‌സ് ആണ്.


ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയില്‍ ഓസ്‌ട്രേലിയ 1-0ന് മുന്നിലെത്തി. സമീപകാലത്തെ മോശം പ്രകടനങ്ങളില്‍നിന്ന് കരകയറാനും ഈ വിജയം ടീമിന് ആശ്വാസമായി. കഴിഞ്ഞ അഞ്ച് മത്സരങ്ങളില്‍ നാലിലും ഓസ്‌ട്രേലിയ പരാജയപ്പെട്ടിരുന്നു. ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയും സ്വന്തം മണ്ണില്‍ 2-1ന് നഷ്ടമായിരുന്നു.

2018ല്‍ സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനിടെ പന്തില്‍ കൃത്രിമം കാണിച്ച സംഭവത്തില്‍ അന്നത്തെ ടീമിലെ അംഗങ്ങള്‍ക്കെതിരെ ആരോപണങ്ങള്‍ തുടരുന്നതിനിടെ ടെസ്റ്റ് ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സിന് ക്രിക്കറ്റ് ഓസ്‌ട്രേലിയ പിന്തുണ പ്രഖ്യാപിച്ച അതേ ദിവസമാണ് ഈ വിജയം എന്നതും ശ്രദ്ധേയമായി.

Content Highlight: Nikhil Chaudhary become man of the match against  England for Australia after 66 runs and 2 wickets.