രണ്ട് ഗോളിന് പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ മൂന്ന് ഗോള്‍ തിരിച്ചടിച്ച് സ്പാനിഷ് വമ്പന്‍മാരായ ബാഴ്‌സലോണയ്ക്ക് ജയം. വിയ്യാറയലിനെതിരെ കാമ്പ്‌നൗവില്‍ നടന്ന ലീഗ് മത്സരത്തിലെ വിജയത്തോടെ നിലവിലെ ചാമ്പ്യന്‍മാര്‍ പോയിന്റ് പട്ടികയില്‍ ഒന്നാമത് തുടരുകയാണ്.

ഇന്റര്‍നാഷണല്‍ ബ്രേക്കിന് ശേഷം ആദ്യ മത്സരത്തിനിറങ്ങിയ ബാഴ്‌സയുടെ തുടക്കം തന്നെ പാളി. ഏഴ് മിനിട്ടിനുള്ളില്‍ രണ്ട് ഗോളുകളാണ് വിയ്യാറയല്‍ ബാഴ്‌സയുടെ വലയിലെത്തിച്ചത്.

ഫെര്‍മിന്‍ ലോപസിന്റെ പിഴവില്‍ നിന്നും പന്ത് കൈക്കലാക്കിയ ബുക്കാനന്‍ അനായാസം ബാഴ്‌സ പ്രതിരോധത്തെ മറികടന്ന് ഗോള്‍ നേടി. ആദ്യ ഗോള്‍ വീണ് രണ്ട് മിനിട്ട് തികയും മുന്നേ ടാനി ഒലുവസേയി ബാഴ്‌സയുടെ വല വീണ്ടും കുലുക്കി.

1981 നവംബറിൽ റയൽ സരഗോസയ്‌ക്കെതിരായ മത്സരത്തിന് ശേഷം ഒരു ലീഗ് മത്സരത്തിന്റെ ആദ്യ ഏഴ് മിനിറ്റിനുള്ളിൽ ബാഴ്‌സലോണ രണ്ട് ഗോളുകൾ വഴങ്ങുന്നത് ഇതാദ്യമാണ്.

ആദ്യ പകുതിയുടെ 20ാം മിനിട്ടില്‍ ബോക്‌സിനുള്ളില്‍ ഒലുവസേയി യമാലിനെ ഫൗള്‍ ചെയ്തതിനാണ് ബാഴ്‌സലോണയ്ക്ക് പെനാല്‍റ്റി ലഭിച്ചു. ഫൗളിനെത്തുടര്‍ന്ന് ബാഴ്‌സ താരങ്ങള്‍ പെനാല്‍ട്ടി ആവശ്യപ്പെട്ടങ്കിലും കളി തുടരാന്‍ റഫറി ഹെര്‍ണാണ്ടസ് ഹെര്‍ണാണ്ടസ് ആവശ്യപ്പെട്ടു.

പിന്നീട് വാര്‍ പരിശോധനയിലൂടെ റഫറി ബാഴ്‌സയ്ക്ക് പെനാല്‍ട്ടി അനുവദിക്കുകയായിരുന്നു. പക്ഷേ പെനാല്‍ട്ടിയെടുത്ത ലാമിന്‍ യമാലിന് പിഴച്ചു. ലക്ഷ്യത്തില്‍ നിന്നും അകന്ന് ഗോള്‍കീപ്പര്‍ക്ക് യാതൊരു വെല്ലുവിളിയുമുയര്‍ത്താതെ ഷോട്ട് പുറത്തേക്ക് പോയി.

ആദ്യ പകുതിയിലുടനീളം ബാഴ്‌സ ഗോളിന് വേണ്ടി ശ്രമിച്ചെങ്കിലും വിയ്യാറയല്‍ സമ്മതിച്ചില്ല. എന്നാല്‍ രണ്ടാം പകുതിയില്‍ ബാഴ്‌സ ഉണര്‍ന്നുകളിച്ചു.

 

57ാം മിനിട്ടില്‍ കോര്‍ണറില്‍ നിന്നും ബാഴ്‌സയുടെ ഗോള്‍ എത്തി. പെഡ്രി നല്‍കിയ ക്രോസില്‍ തലവെച്ച് പ്രതിരോധതാരം ജെറാര്‍ഡ് മാര്‍ട്ടിന്‍ ബ്ലോഗ്രാനയുടെ മടങ്ങിവരവിന് തുടക്കമിട്ടു. നാല് മിനിട്ടില്‍ തന്നെ ബാഴ്‌സയുടെ സമനിലഗോള്‍ വന്നു.

ബോളുമായി വലത് വിങ്ങിലൂടെ മുന്നേറിയ ലാമിന്‍ യമാല്‍ ബോക്‌സിനുള്ളില്‍ വെച്ച് നല്‍കിയ ക്രോസ് ഓടിയെത്തിയ ഫെര്‍മിന്‍ ലോപസ് പിഴവേതുമില്ലാതെ ഗോളാക്കിമാറ്റി.

67ാം മിനിട്ടില്‍ എറിക് ഗാര്‍ഷ്യ ബോക്‌സിനകത്തേക്ക് നല്‍കിയ പന്ത് വിയ്യാറയല്‍ പ്രതിരോധ താരം പൗ നവാരോയുടെ കാലില്‍ത്തട്ടി സ്വന്തം പോസ്റ്റിനുള്ളിലേക്ക് എത്തിയതോടെ രണ്ട് ഗോളിന് പുറകില്‍ നിന്ന ബാഴ്‌സ പത്തുമിനിട്ടില്‍ തിരിച്ചുവരവ് പൂര്‍ത്തിയാക്കി.

ഇന്‍ജുറി ടൈമില്‍ ബാഴ്‌സ ക്യാപ്റ്റന്‍ റാഫിഞ്ഞ്യയെ ഫൗള്‍ ചെയ്തതിന് പൗ നവാരോയ്ക്ക് റെഡ് കാര്‍ഡ് ലഭിച്ചു. മത്സരത്തിനിടെ റഫറിയുടെ തീരുമാനങ്ങളെ ചോദ്യം ചെയ്തതിന് ബെഞ്ചിലായിരുന്ന ബാഴ്‌സ താരം ഫെര്‍മിന്‍ ലോപസിന് നേരത്തേ തന്നെ റെഡ് കാര്‍ഡ് ലഭിച്ചിരുന്നു.

ശനിയാഴ്ച നടന്ന മത്സരത്തില്‍ ബാഴ്‌സയുടെ ബദ്ധവൈരികളായ റയല്‍ മാഡ്രിഡും പിന്നില്‍ നിന്ന ശേഷം രണ്ടാം പകുതിയില്‍ രണ്ട് ഗോള്‍ നേടി ജയിച്ചിരുന്നു. സെല്‍റ്റാ വിഗോയ്‌ക്കെതിരെ ആറാം മിനിട്ടില്‍ ഗോള്‍ വഴങ്ങിയ ലോസ് ബ്ലാങ്കോസ് രണ്ടാം പകുതിയില്‍ ജൂഡ് ബെല്ലിങ്ഹാമിന്റെയും കാര്‍ലോസ് എസ്പിയയുടെയും ഗോളുകളില്‍ തിരിച്ചുവരികയായിരുന്നു. പോയിന്റ് പട്ടികയില്‍ ബാഴ്‌സയ്ക്ക് തൊട്ടുപിന്നില്‍ രണ്ടാമതാണ് റയല്‍ മാഡ്രിഡ്.

Content Highlight: Two goals conceded in seven minutes, Yamal misses a penalty; Barça stage a comeback by striking back with three goals in ten minutes.