പൂനെ: രാജ്യത്ത് രാഷ്ട്രീയ, സാമൂഹിക വിഷയങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി ‘കോക്രോച്ച് ക്ലബ്’ എന്ന പേരില്‍ പുതിയ ചര്‍ച്ചാ വേദിയുമായി കോക്രോച്ച് ജനതാ പാര്‍ട്ടി. ഓഫ് ലൈന്‍ ചര്‍ച്ചകള്‍ക്കുള്ള ഇടമായാണ് കോക്രോച്ച് ക്ലബ് ആരംഭിക്കുന്നത്. കോക്രോച്ച് ക്ലബ്ബിന്റെ ഭാഗമായുള്ള ആദ്യ ഒത്തുചേരല്‍ ഇന്നലെ (നവംബര്‍ 21, ശനി) പൂനെ ഗാന്ധി ഭവനില്‍ നടന്നു.

രാജ്യത്തെ യുവതലമുറയ്ക്കായുള്ള ഒരു ഓഫ് ലൈന്‍ ഇടമായിരിക്കും കോക്രോച്ച് ക്ലബ്. ഗാന്ധിയുടെ പാരമ്പര്യം എന്ന വിഷയമാണ് ക്ലബ്ബിന്റ ആദ്യ ഒത്തു ചേരലില്‍ ചര്‍ച്ച ചെയ്തതെന്ന് സി.ജെ.പി സോഷ്യല്‍ മീഡിയ പോസ്റ്റില്‍ അറിയിച്ചു.

രാഷ്ട്രീയം അടക്കമുള്ള വിഷയങ്ങളില്‍ തുറന്ന ചര്‍ച്ചയ്ക്ക് വേദിയൊരുക്കുകയാണ് ‘കോക്രോച്ച് ക്ലബ്’ ലക്ഷ്യമിടുന്നതെന്ന് സി.ജെ.പി വക്താവ് സൗരവ് ദാസ് പറഞ്ഞു. രാജ്യത്ത് മാറ്റം കൊണ്ടുവരുന്നതിനായി യുവാക്കളുടെ ഊര്‍ജ്ജത്തെ ക്രിയാത്മകമായി ഉപയോഗപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ സംരംഭം ആരംഭിക്കുന്നത്. ഒത്തുചേരാനും ആശയങ്ങള്‍ കൈമാറാനും ചോദ്യങ്ങള്‍ ചോദിക്കാനും പഠിക്കാനും വളരാനുമുള്ള ഒരിടമായിരിക്കും അതെന്നും സൗരവ് വ്യക്തമാക്കി.

രാജ്യത്തിന് ഏറ്റവും ഗുണകരമായ കാര്യങ്ങളെക്കുറിച്ച് കോക്രോച്ച് ക്ലബ്ബില്‍ ചര്‍ച്ചകള്‍ നടക്കും. മഹാത്മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ബി.ആര്‍. അംബേദ്കര്‍ തുടങ്ങിയവരുടെ ചിന്തകളെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകള്‍ക്ക് കോക്രോച്ച് ക്ലബ്ബില്‍ പ്രാധാന്യമുണ്ടാവുമെന്നും സൗരവ് ദാസ് പറഞ്ഞു. പൂനെയില്‍ നടന്ന ക്ലബ്ബിന്റെ ആദ്യ കൂട്ടായ്മയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കാക്രോച്ച് ക്ലബ് ഒരു വായനാ-പഠന കേന്ദ്രമായും, പരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍ക്കുള്ള ഇടമായും പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെന്‍ സീ തലമുറ എന്നത് ഗൗരവക്കാരായ ആളുകള്‍ മാത്രമുള്ള ഒരു കൂട്ടമല്ല. അതിനാല്‍ ക്ലബ്ബില്‍ സന്തോഷത്തിനും വിനോദത്തിനും അവസരമുണ്ടാകും. ആളുകള്‍ക്ക് ഒത്തുചേര്‍ന്ന് ചിരിക്കാനും ആസ്വദിക്കാനും കഴിയുമെന്നും അദ്ദേഹം പറഞ്ഞു.

‘എല്ലാറ്റിനുമുപരിയായി, സ്വന്തമായി ചിന്തിക്കാന്‍ യുവാക്കളെ പ്രോത്സാഹിപ്പിക്കുന്ന ഒരിടമായിരിക്കും കോക്രോച്ച് ക്ലബ്. മറ്റുള്ളവരുടെ അഭിപ്രായങ്ങളോ പ്രത്യയശാസ്ത്രങ്ങളോ അടിച്ചേല്‍പ്പിക്കുന്ന ഒരിടമല്ല ഇത്. മറിച്ച്, ആശയങ്ങള്‍ സംവാദവിധേയമാക്കാനും, കാഴ്ചപ്പാടുകളെ ചോദ്യം ചെയ്യാനും, സ്വതന്ത്ര ചിന്തയെ ആഘോഷിക്കാനും കഴിയുന്ന ഒരിടമാണ്,’ സൗരവ് പറഞ്ഞു.

‘കോക്രോച്ച് ക്ലബ്’ വഴി സാംസ്‌കാരിക-ചര്‍ച്ചാ വേദികളുടെ ഒരു ദേശീയ ശൃംഖല കെട്ടിപ്പടുക്കാന്‍ ലക്ഷ്യമിടുന്നുവെന്ന് സി.ജെ.പി സഹ-കണ്‍വീനര്‍ അശുതോഷ് റാങ്ക മാധ്യമങ്ങളോട് സംസാരിക്കവെ പറഞ്ഞു. പൊതുവിഷയങ്ങളെക്കുറിച്ച് സംവദിക്കാനും, ആശയങ്ങള്‍ കൈമാറാനും, ഇന്ത്യയുടെ ഭാവി എങ്ങനെയായിരിക്കണമെന്ന് വിഭാവനം ചെയ്യാനും യുവാക്കള്‍ക്ക് ഒരു വേദി ഒരുക്കുകയാണ് ഈ സംരംഭത്തിലൂടെ ലക്ഷ്യമിടുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

ക്ലബ്ബിന്റെ ആദ്യ ഒത്തുചേരലില്‍ മുന്നൂറിലധികം ആളുകള്‍ പങ്കെടുത്തു. ഏകദേശം മൂന്ന് മണിക്കൂര്‍ നീണ്ടുനിന്ന ഈ പരിപാടിയില്‍ സറ്റൈറുകളും ചര്‍ച്ചകളും നടന്നു. മഹാരാഷ്ട്രയിലെ പ്രാദേശിക വിഷയങ്ങളെക്കുറിച്ചും ഒത്തുചേരലില്‍ പങ്കെടുത്തവര്‍ ചര്‍ച്ച ചെയ്തു. രാജ്യത്തെ വിവിധ പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന അവതരണങ്ങളും പരിപാടിയുടെ ഭാഗമായിരുന്നു.

Content Highlight: Cockroach Club Launched by CJP