എം.എല്‍.എസില്‍ തരംതാഴ്ത്തല്‍ ഇല്ലാത്തതിനാല്‍ മറ്റ് ലീഗുകളെ അപേക്ഷിച്ച് സമ്മര്‍ദം കുറവാണെന്ന ജര്‍മന്‍ താരം തോമസ് മുള്ളറുടെ നിരീക്ഷണത്തെ പിന്തുണച്ച് ദക്ഷിണ കൊറിയന്‍ താരം സണ്‍ ഹ്യൂങ് മിന്.
ലീഗില്‍ ഏറ്റവും താഴെയുള്ള സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്താലും ടീമുകള്‍ക്ക് തരംതാഴ്ത്തല്‍ ഭീഷണിയില്ലെന്നത് മത്സരങ്ങളിലെ സമ്മര്‍ദം കുറയ്ക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എംഎല്‍എസിലെ ഒന്നര വര്‍ഷത്തെ അനുഭവത്തെക്കുറിച്ചും ഈ സീസണില്‍ തന്റെ ടീം നേരിട്ട ഉയര്‍ച്ചതാഴ്ചകളെക്കുറിച്ചും മുള്ളറുടെ പ്രസ്താവനയെക്കുറിച്ചുമുള്ള മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സണ്‍.
‘തോമസ് മുള്ളര്‍ പറഞ്ഞത് പൂര്‍ണമായും ശരിയാണെന്നാണ് ഞാന്‍ കരുതുന്നത്. എം.എല്‍.എസ് വലിയ രീതിയില്‍ വളരുകയാണ്. പ്രമുഖ താരങ്ങള്‍ ലീഗിലേക്ക് എത്തുന്നുമുണ്ട്. എന്നാല്‍ ചില സമയങ്ങളില്‍ സമ്മര്‍ദം കുറവാണെന്ന് തോന്നാറുണ്ട്. കാരണം ഇവിടെ തരംതാഴ്ത്തല്‍ സമ്പ്രദായമില്ല. പോയിന്റ് പട്ടികയില്‍ ഏറ്റവും താഴെയുള്ള സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്താലും ടീമിന് ലീഗില്‍ തുടരാനാകും,’ സണ്‍ പറഞ്ഞു.

എന്നാല്‍ അതില്‍ തനിക്ക് ഒന്നും ചെയ്യാനില്ലെന്നും ലീഗില്‍ കളിക്കുന്നത് ആസ്വദിക്കുന്നുണ്ടെന്നും സണ്‍ പറഞ്ഞു. തന്റെ കഴിവ് പ്രകടിപ്പിക്കാനും ക്ലബ്ബിനെ മികച്ച രീതിയില്‍ പ്രതിനിധീകരിക്കാനും രാജ്യത്തിനായി കളിക്കാനുമാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘മുള്ളര്‍ പറഞ്ഞതിനോട് ഞാന്‍ പൂര്‍ണമായും യോജിക്കുന്നു. ബുണ്ടസ്ലിഗയില് മികച്ച കരിയര്‍ കെട്ടിപ്പടുത്ത താരമാണ് അദ്ദേഹം. അതുകൊണ്ടുതന്നെ അത്തരമൊരു നിരീക്ഷണം നടത്താന്‍ അദ്ദേഹത്തിന് എല്ലാ അവകാശവുമുണ്ട്,’ സണ്‍ പറഞ്ഞു.
താന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുമ്പോള്‍ ഓരോ ആഴ്ചയും വലിയ സമ്മര്‍ദം നേരിടേണ്ടി വരാറുണ്ടെന്നും ടീം മോശം ഫോമിലേക്ക് പോയാല്‍ വലിയ പ്രയാസകരമായ കാലഘട്ടമായിരിക്കുമെന്നും സണ്‍ പറഞ്ഞു.
‘ഞാനും പ്രീമിയര്‍ ലീഗില്‍ കളിച്ചിട്ടുണ്ട്. അവിടെ ഓരോ ആഴ്ചയും, ചിലപ്പോള്‍ മൂന്ന് ദിവസത്തിലൊരിക്കല്‍ പോലും വലിയ സമ്മര്‍ദമാണ് നേരിടേണ്ടിവരുന്നത്. മികച്ച പ്രകടനം നടത്താനാകാതെ വരികയോ ടീം മോശം ഫോമിലേക്ക് പോവുകയോ പോയിന്റ് പട്ടികയില്‍ താഴേക്ക് പതിക്കുകയോ ചെയ്താല്‍ അത് വലിയ പ്രയാസകരമായ കാലഘട്ടമായിരിക്കും,’ അദ്ദേഹം പറഞ്ഞു.
എന്നാല്‍ സമ്മര്‍ദമാണ് മത്സരങ്ങളെ കൂടുതല്‍ ആവേശകരമാക്കുന്നതെന്നും സണ്‍ കൂട്ടിച്ചേര്‍ത്തു. എം.എല്‍.എസിന്റെ വളര്‍ച്ചയാണ് താന്‍ ആഗ്രഹിക്കുന്നതെന്നും ഈ വിഷയം അധികൃതര്‍ പരിശോധിച്ച് ആവശ്യമായ മാറ്റങ്ങള്‍ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സണ്‍ പറഞ്ഞു.

യൂറോപ്യന്‍ ലീഗുകളില്‍ തരംതാഴ്ത്തല്‍ ഉള്ളതിനാല്‍ അതിന്റെ സമ്മര്‍ദം ടീമുകളെ മികച്ച രീതിയില്‍ പ്രകടനം നടത്താന്‍ നിര്‍ബന്ധിതരാവുമെന്നാണ് മുള്ളര്‍ പറഞ്ഞത്. എം.എല്‍.എസില്‍ തരംതാഴ്ത്തല്‍ ഭീഷണി ഇല്ലാത്തതിനാല്‍ വലിയ സമ്മര്‍ദമില്ലെന്നും അദ്ദേഹം പറഞ്ഞു.
യൂറോപ്പില്‍ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ടീമുകളുടെ കളിശൈലി മാറുമെന്നും ലീഗിന്റെ അവസാന സ്ഥാനങ്ങളിലുള്ള ടീമുകള്‍ തങ്ങളുടെ നിലനില്‍പ്പിനായാണ് പോരാടുന്നതെന്നും മുള്ളര്‍ പറഞ്ഞിരുന്നു.
Content Highlight: Son Heung-min agrees with Müller, stating that the lack of pressure in the MLS makes it less exciting compared to other competitions.
