മേജര്‍ ലീഗ് സോക്കറില്‍ തരംതാഴ്ത്തല്‍ ഇല്ലാത്തത് കൊണ്ട് ടീമുകള്‍ക്ക് സമ്മര്‍ദമില്ലെന്ന് ജര്‍മന്‍ താരം തോമസ് മുള്ളര്‍. നിലവില്‍ എം.എല്‍.എസ് ക്ലബ്ബായ വാന്‍കൂവര്‍ വൈറ്റ്ക്യാപ്‌സിനുവേണ്ടിയാണ് മുള്ളര്‍ കളിക്കുന്നത്. ഗ്ലോബല്‍ ന്യൂസിന് വേണ്ടി ജയ് ജനോവറുമായി നടത്തിയ അഭിമുഖത്തിലാണ് മുള്ളറിന്റെ പരാമര്‍ശം.
യൂറോപ്യന്‍ ലീഗുകളില്‍ തരംതാഴ്ത്തല്‍ ഉള്ളതിനാല്‍ അതിന്റെ സമ്മര്‍ദം ടീമുകളെ മികച്ച രീതിയില്‍ പ്രകടനം നടത്താന്‍ നിര്‍ബന്ധിതരാവുമെന്ന് മുള്ളര്‍ പറഞ്ഞു. എന്നാല്‍ എം.എല്‍.എസില്‍ തരംതാഴ്ത്തല്‍ ഭീഷണി ഇല്ലാത്തതിനാല്‍ വലിയ സമ്മര്‍ദമില്ലെന്ന് അദ്ദേഹം പറഞ്ഞു.
‘തരം താഴ്ത്തല്‍ ഒഴിവാക്കാന്‍ പോരാടേണ്ടി വരുമ്പോഴുള്ള സാഹചര്യം തികച്ചും വ്യത്യസ്തമാണ്. ടീം തരംതാഴ്ത്തപ്പെട്ടാല്‍ അടുത്ത വര്‍ഷത്തെ ബജറ്റ് കുറയും. ക്ലബ്ബിന്റെ മൊത്തത്തിലുള്ള പ്രവര്‍ത്തനങ്ങളെയും അത് ബാധിക്കും.
ക്ലബ്ബില്‍ ജോലി ചെയ്യുന്നവര്‍ക്ക് തൊഴില്‍ നഷ്ടപ്പെടാം. ബജറ്റില്‍ മാറ്റമുണ്ടാകുന്നത് ആരാധകരെയും ബാധിക്കും. അടുത്ത സീസണില്‍ കരാര്‍ ലഭിക്കുമോ എന്ന കാര്യത്തില്‍ പോലും കളിക്കാര്‍ക്ക് ആശങ്കയുണ്ടാകും.
അതുകൊണ്ടുതന്നെ തരംതാഴ്ത്തല്‍ ഭീഷണി നേരിടുന്ന ടീമുകളുടെ കളിശൈലി മാറും. യൂറോപ്പില്‍ ലീഗിന്റെ അവസാന സ്ഥാനങ്ങളിലുള്ള ടീമുകള്‍ തങ്ങളുടെ നിലനില്‍പ്പിനായാണ് പോരാടുന്നത്.
എന്നാല്‍ നിലവിലെ സംവിധാനത്തില്‍ ചില ടീമുകള്‍ കുറച്ചുകൂടി ആത്മവിശ്വാസത്തോടെയോ സമ്മര്‍ദമില്ലാതെയോ കളിക്കുന്നതായി ചിലപ്പോള്‍ എനിക്ക് തോന്നാറുണ്ട്.’ മുള്ളര്‍ പറഞ്ഞു.
താരതമ്യം ചെയ്യുമ്പോള്‍ ചില കളിക്കാരുടെ പ്രകടനങ്ങള്‍ വളരെ മികച്ചതായി കാണാമെങ്കിലും സ്ഥിരതയാണ് പ്രശ്‌നം എന്ന് അദ്ദേഹം പറഞ്ഞു. മികച്ച പ്രകടനവും മോശം പ്രകടനവും തമ്മിലുള്ള അന്തരം വളരെ വലുതാണെന്ന് മുള്ളര്‍ പറഞ്ഞു.
‘കളിക്കാര്‍ക്ക് 90 മിനിട്ടും ഒരേ പോലെയുള്ള ശ്രദ്ധയും ഏകാഗ്രതയും നിലനിര്‍ത്താന്‍ കഴിയുന്നുണ്ടോ എന്നതാണ് ചിലപ്പോഴുള്ള പ്രശ്‌നം. എനിക്ക് ചില മത്സരങ്ങളില്‍ കാണാന്‍ കഴിയുന്നത് അതാണ്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Content Highlight: No relegation, so teams in the MLS face no pressure: Thomas Müller
