ലാത്തൂർ: മഹാരാഷ്ട്രയിലെ ലാത്തൂരിൽ ടിപ്പുസുൽത്താന്റെ ജന്മദിന ഘോഷയാത്രയ്ക്കിടെ ശബ്ദ മലിനീകരണം നടത്തിയതിന് എട്ടുപേർക്കെതിരെ കേസെടുത്ത് പൊലീസ്.
ഘോഷയാത്രകളിൽ അനുവദിനീയമായതിലും കൂടുതൽ ശബ്ദ സംവിധാനങ്ങൾ ഉപയോഗിച്ചുവെന്നാരോപിച്ചാണ് പൊലീസിന്റെ നടപടി.
വെള്ളിയാഴ്ച നടന്ന പരിശോധനയിൽ ഉയർന്ന പവർ സൗണ്ട് സിസ്റ്റം ഘടിപ്പിച്ച മൂന്ന് വാഹനങ്ങൾ പൊലീസ് കണ്ടെത്തി.
8.5 ലക്ഷം രൂപ വരുന്ന ശബ്ദ സംവിധാനങ്ങളാണ് കണ്ടെത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
‘ഘോഷയാത്രകളിൽ ശബ്ദത്തിന്റെ അളവ് പരിശോധിക്കുന്ന ഉപകരണങ്ങൾ ഉപയോഗിച്ച് നിയമപരമായി അനുവദിച്ചതിലും കൂടുതൽ ശബ്ദങ്ങൾ ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി ആരംഭിച്ചത്,’ പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
എട്ട് കേസുകളിൽ നാല് കേസുകൾ എം.ഐ.ഡി.സി പൊലീസ് സ്റ്റേഷനിലും മൂന്ന് കേസുകൾ വിവേകാനന്ദ് ചൗക്ക് പൊലീസ് സ്റ്റേഷനിലുമാണ് ലാത്തൂർ പൊലീസ് അമോൽ താംബെ പറഞ്ഞു.
ശബ്ദമലിനീകരണത്തിന്റെ ദോഷങ്ങളെക്കുറിച്ച് പൊലീസ് നിരന്തരം അവബോധം നൽകിവരികയാണെന്നും സാമൂഹികവും മതപരവുമായ പരിപാടികളിലെ ശബ്ദങ്ങൾക്ക് പരിധി പാലിക്കാൻ സംഘാടകർക്ക് നിർദേശമുണ്ടെന്നും അമോൽ താംബെ കൂട്ടിച്ചേർത്തു.
അമിതമായ ശബ്ദങ്ങൾ മുതിർന്ന പൗരന്മാർ, കുട്ടികൾ , ഗർഭിണികൾ, രോഗികൾ എന്നിവരെ പ്രതികൂലമായി ബാധിക്കുമെന്നും പരിസരങ്ങളിൽ താമസിക്കുന്നവരുടെ ദൈനംദിന ജീവിതത്തെ തടസപ്പെടുത്തുകയും ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Content Highlight: Police have registered a case against eight people for causing noise pollution during a rally held for Tipu Sultan’s birthday.
