കൊല്‍ക്കത്ത: ഭീഷണികള്‍ നേരിടുന്ന മിശ്രവിവാഹിതരായ ദമ്പതികള്‍ക്കും കുടുംബാംഗങ്ങള്‍ക്കും ആവശ്യമായ പൊലീസ് സംരക്ഷണം നല്‍കാന്‍ ഉത്തരവിട്ട് കൊല്‍ക്കത്ത ഹൈക്കോടതി. ഭരണഘടന പ്രകാരം സ്വന്തം ജീവിതപങ്കാളിയെ തെരഞ്ഞെടുക്കാനുള്ള അവകാശം ഓരോ പൗരനുമുണ്ടെന്നും അതില്‍ യാതൊരു തരത്തിലുള്ള ഇടപെടലും ഉണ്ടാകരുതെന്നും ജസ്റ്റിസ് സൗഗത ഭട്ടാചാര്യ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം വിവാഹിതരായ ദമ്പതികളാണ് സുരക്ഷ ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചത്. വിവാഹ നോട്ടീസ് ഒരു പൊതു വെബ് പോര്‍ട്ടലില്‍ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ചില സംഘടനകള്‍ വിവരങ്ങള്‍ ശേഖരിച്ച് അംഗങ്ങള്‍ക്കിടയില്‍ പ്രചരിപ്പിച്ചതായും, തുടര്‍ന്ന് വിവാഹം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് വധഭീഷണിയും വീട് കത്തിക്കുമെന്ന ഭീഷണിയും നേരിടേണ്ടി വന്നതായും ഹരജിയില്‍ പറയുന്നു.

ഹരജിക്കാരിയുടെ അമ്മ നല്‍കിയ പരാതിയെത്തുടര്‍ന്ന് ഭര്‍ത്താവ് തന്നെ തട്ടിക്കൊണ്ടുപോയെന്ന് ആരോപണമുണ്ടായെന്നും, ഭര്‍ത്താവിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ക്കൊപ്പം മടങ്ങണമെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ ഫോണിലൂടെ ഉപദേശിച്ചതായും യുവതി ആരോപിച്ചു.

പലതവണ പൊലീസിനെ സമീപിച്ചിട്ടും മതിയായ സംരക്ഷണം ലഭിച്ചില്ലെന്നും ദമ്പതികള്‍ പരാതിപ്പെട്ടിരുന്നു. തങ്ങള്‍ സമാധാനപരമായി ഒരുമിച്ച് ജീവിക്കാന്‍ ആഗ്രഹിക്കുന്നുവെന്നും ഭയമില്ലാതെ കഴിയാന്‍ സംരക്ഷണം വേണമെന്നും ദമ്പതികളുടെ അഭിഭാഷകന്‍ സബ്യസാചി ചാറ്റര്‍ജി കോടതിയില്‍ ബോധിപ്പിച്ചു. വിവാഹജീവിതം തുടരാന്‍ പൂര്‍ണ സമ്മതമാണെന്ന് വ്യക്തമാക്കി യുവതി സത്യവാങ്മൂലവും സമര്‍പ്പിക്കുകയും ചെയ്തു.

ഇത് പരിഗണിച്ചാണ് ദമ്പതികള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും ഉചിതമായ പൊലീസ് സംരക്ഷണം നല്‍കാന്‍ കോടതി നിര്‍ദേശിച്ചത്. യുവതിയുടെ അമ്മ നല്‍കിയ മിസിങ് കേസ് നടപടികള്‍ അവസാനിപ്പിക്കാമെന്ന് സംസ്ഥാന സര്‍ക്കാരിനായി ഹാജരായ അഭിഭാഷകന്‍ കോടതിയെ അറിയിക്കുകയും ചെയ്തു.

 

Content Highlight: Choosing a life partner is a fundamental right; police protection must be provided to inter-caste/inter-community married couples: Calcutta High Court